യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു: ഗാര്‍ഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ രക്ഷകനായി ടിക്കറ്റ് പരിശോധകന്‍
വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു; രക്ഷകനായി ടിക്കറ്റ് പരിശോധകന്‍
പാലക്കാട്: സ്‌റ്റേഷനില്‍ ഇറങ്ങാന്‍ മറന്നു പോയ യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു കണ്ണൂര്‍ വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു. പാലത്തില്‍ കുടുങ്ങി പോയ ട്രെയിനില്‍ നിന്നും ഗാര്‍ഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ രക്ഷകനായതു പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം.പി.രമേഷ്. കഴിഞ്ഞദിവസം പുലര്‍ച്ചെ 3.45നാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം. രമേഷ് കോച്ചിനടിയിലൂടെ ഇറങ്ങി പാലത്തില്‍ കുടുങ്ങിയ ട്രെയിനിന്റെ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കിയതോടെയാണ് യാത്ര തുടരാനായത്. ഇരുട്ടത്തു കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു ആശ്രയം.
തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ഓണം സ്‌പെഷല്‍ (06042) ട്രെയിനാണ് യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്നു പുഴയ്ക്കു നടുവില്‍ പാലത്തിനു മുകളില്‍ നിന്നത്. എസ് വണ്‍ കോച്ചില്‍ നിന്ന് കണ്ണൂരില്‍ ഇറങ്ങാന്‍ വിട്ടുപോയതോടെ പരിഭ്രാന്തനായ യാത്രക്കാരന്‍ ചങ്ങല വലിക്കുക ആയിരുന്നു. ട്രെയിന്‍ അപ്പോഴേക്കും വളപട്ടണം എത്തി. പുഴയുടെ മുകളിലുള്ള പാലത്തില്‍ ട്രെയിന്‍ നിന്നു. നിന്നു പോയ ട്രെയിന്‍ വീണ്ടും ഓടാന്‍ പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയിലാക്കണം. ട്രെയിന്‍ പാലത്തിനു മുകളില്‍ ആയതിനാല്‍ വശങ്ങളിലൂടെ ഇറങ്ങി വാല്‍വ് സെറ്റ് ചെയ്യാനായില്ല. മാത്രമല്ല ഗാര്‍ഡിനും ലോക്കോ പൈലറ്റിനും എത്തിപ്പെടാന്‍ ആകാത്ത സാഹചര്യവും.
ഈ സമയത്താണ് രമേഷ് ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. രണ്ടും കല്‍പിച്ചു കോച്ചുകള്‍ക്കിടയിലെ വെസ്റ്റിബൂള്‍ വഴി രമേഷ് കോച്ചിനടിയില്‍ ഇറങ്ങി. ഇരുട്ടത്തു കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു ഏക ആശ്രയം. തുടര്‍ന്നു ടോര്‍ച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാര്‍ഡും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവില്‍ രമേഷ് പ്രഷര്‍ വാല്‍വ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചു. ഉണര്‍ന്നിരിക്കുന്ന ഏതാനും യാത്രക്കാരുടെ ബഹളംകേട്ട് മറ്റു യാത്രക്കാര്‍ ഉണരുമ്പോള്‍ കാണുന്നത് പ്രഷര്‍ വാല്‍വ് ശരിയാക്കി തിരിച്ചുകയറുന്ന ടിക്കറ്റ് പരിശോധകനെയാണ്. എട്ട് മിനിറ്റിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
ട്രെയിന്‍ ഏറെ നേരെ പാലത്തിനു മുകളില്‍ നില്‍ക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും. ഈ സാഹചര്യമാണ് അദ്ദേഹം ശ്രമകരമായി ഒഴിവാക്കിയത്. പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ മംഗളൂരു സ്ലീപ്പര്‍ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ആയ എം.പി.രമേഷ് (39) പാലക്കാട് കല്‍പാത്തി അംബികാപുരം ഉത്തരം നിവാസിലെ മണിയുടെയും ബേബി സരോജയുടെയും മകനാണ്. തന്റെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രമേഷിനെ ഇന്ത്യന്‍ റയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ലക്ഷ്മി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം പാലക്കാട്ട് അഭിനന്ദിച്ചു. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.