അഴിമതിരഹിത ഭരണത്തിന് കളമൊരുക്കി 'ജെന്‍ സീ പ്രക്ഷോഭം' കെട്ടടങ്ങിയതോടെ നേപ്പാള്‍ ശാന്തമാകുന്നു; ശുഭപ്രതീക്ഷയില്‍ നേപ്പാള്‍ ജനത; ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കാര്‍ക്കിക്ക് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി; നേപ്പാളിന്റെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രതികരണം

Update: 2025-09-13 06:30 GMT

ന്യൂഡല്‍ഹി: അഴിമതിരഹിത ഭരണത്തിന് കളമൊരുക്കി യുവജനത നയിച്ച പ്രക്ഷോഭം കെട്ടടങ്ങിയതോടെ നേപ്പാള്‍ ശാന്തമാകുന്നു. നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസായ സുശീല കാര്‍ക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ നേപ്പാള്‍ ജനത ശുഭപ്രതീക്ഷയിലാണ്. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതോടെയാണ് നേപ്പാളില്‍ ജെന്‍ സികള്‍ തെരുവിലിറങ്ങിയത്. യുവാക്കള്‍ നടത്തിയ പ്രക്ഷേഭത്തിനൊടുവില്‍ നേപ്പാള്‍ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്തായിരുന്നു.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റത്. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

ആളിക്കത്തിയ പ്രതിഷേധാഗ്നി

ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേഭത്തിന് പിന്നിലുണ്ട്.

നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയായിരുന്ന കെ പി ശര്‍മ ഒലി നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നേപ്പാള്‍ സൈന്യം നിയന്ത്രണമേറ്റെടുത്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. പിന്നാലെ വീട്ടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു.

സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മക്കെതിരെയുള്ള പൊതുജനങ്ങളുടെ രോഷം രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു. നേപ്പാളിലെ ജനറേഷന്‍ സെഡിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കെ പി ശര്‍മ്മ ഒലിക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. പ്രകടനക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ 34 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ എന്നിവയ്ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. നേപ്പാള്‍ പാര്‍ലമെന്റിനും തീപിടിച്ചു. സൈന്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

നേപ്പാളിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കാരണം സാമ്പത്തിക അസമത്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സാധാരണക്കാരായ നേപ്പാളികള്‍ തൊഴിലില്ലായ്മ, വര്‍ധിക്കുന്ന പണപ്പെരുപ്പം, കടുത്ത ദാരിദ്ര്യം എന്നിവയുമായി പോരാടുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ കുട്ടികള്‍ - അല്ലെങ്കില്‍ 'നെപോ കിഡ്‌സ്' - ആഡംബര കാറുകള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, അന്താരാഷ്ട്ര അവധികള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നത് ജനരോഷം വര്‍ദ്ധിപ്പിച്ചു. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പ്രതിഷേധങ്ങള്‍ മുന്‍ സര്‍ക്കാരിന്റെ രാജിയും പാര്‍ലമെന്റ് പിരിച്ചുവിടലും നിര്‍ബന്ധിതമാക്കി. ഒരു നിഷ്പക്ഷ വ്യക്തിയെ ഇടക്കാല ഭരണകൂടത്തിന് നേതൃത്വം നല്‍കാനും പുതിയ തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രക്ഷോഭത്തീ കെട്ടടങ്ങിയത്.

പിന്നാലെ നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍, സൈനിക മേധാവി അശോക് രാജ് സെഗ്ദെല്‍, ജെന്‍ സീ പ്രക്ഷോഭത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയാണ് നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചത്. സുശീല കാര്‍ക്കിക്ക് പുറമെ എന്‍ജിനീയര്‍ കുല്‍മന്‍ ഘുല്‍സിങ്, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാര്‍ക്കിയെ പിന്നീട് പിന്തുണച്ചിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുക, പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കുക, 2026 മാര്‍ച്ച് 5 ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എന്നിവയാണ് കാര്‍ക്കിയുടെ കീഴിലുള്ള ഇടക്കാല സര്‍ക്കാരിന്റെ ചുമതലകള്‍.

വിമര്‍ശിക്കപ്പെട്ട് 'നെപോ കിഡ്‌സ്'

രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം എടുത്തുകാണിക്കുന്ന പോസ്റ്റുകളും വീഡിയോകളും ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്‌സ് എന്നിവയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. #PoliticiansNepoBabyNepal, #NepoBabies തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് വന്‍ റീച്ച് ലഭിച്ചു. ഈ പോസ്റ്റുകളില്‍ ആഡംബര കാറുകള്‍, വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍, വിദേശത്ത് ഫൈന്‍ ഡൈനിംഗ്, എക്‌സ്‌ക്ലൂസീവ് അവധിക്കാല സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. പലപ്പോഴും ഇവ സാധാരണക്കാരായ നേപ്പാളികളുടെ പ്രളയം, വൈദ്യുതി മുടക്കം, ഭക്ഷ്യവില വര്‍ദ്ധന എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

മുന്‍ ആരോഗ്യ മന്ത്രി ബിരോധ് ഖതിവാഡയുടെ മകളും 29 വയസുകാരിയുമായ മുന്‍ മിസ് നേപ്പാള്‍ ഷ്രിങ്കാല ഖതിവാഡയെ പ്രതിഷേധക്കാര്‍ പിന്തുടര്‍ന്നു. മന്ത്രി മകളുടെ വിദേശ യാത്രകളും ആഡംബര ജീവിതവും കാണിക്കുന്ന അവരുടെ വീഡിയോകള്‍ വൈറലായി. പ്രതിഷേധത്തിനിടെ അവരുടെ കുടുംബ വീടിനും തീയിട്ടു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ക്ക് ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്.

മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ഡ്യൂബയുടെ മരുമകളും പ്രശസ്ത ഗായികയുമായ ശിവാന ശ്രേഷ്ഠ ആഡംബര വീടുകളും വിലകൂടിയ വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. കോടിക്കണക്കിന് വിലമതിക്കുന്ന സമ്പത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ കുടുംബങ്ങള്‍ക്ക് ഉദാഹരണമായി അവരെയും അവരുടെ ഭര്‍ത്താവ് ജയ്വീര്‍ സിംഗ് ഡ്യൂബയെയും സോഷ്യല്‍ മീഡിയയില്‍ ലക്ഷ്യമിട്ടു. നേപ്പാളിലെ സാധാരണക്കാര്‍ ജോലിക്കായി ബുദ്ധിമുട്ടുമ്പോള്‍, ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഹാന്‍ഡ്ബാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ കൊച്ചുമകള്‍ സ്മിത ദഹലും വിമര്‍ശിക്കപ്പെട്ടു.

സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് മോദി

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി എക്‌സില്‍ കുറിച്ചു. നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സുഷീല കാര്‍ക്കിക്ക് ആശംസകള്‍ അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിച്ചു.

'നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന്, ബഹുമാനപ്പെട്ട ശ്രീമതി സുശീല കാര്‍ക്കിക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നേപ്പാളിലെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്,' നേപ്പാളിയിലും ഹിന്ദിയിലും എക്സില്‍ എഴുതിയ പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

Tags:    

Similar News