പിറകില്‍ കൈകെട്ടി കണ്ണുകള്‍ മൂടി ക്രെയിന്‍ ഉപയോഗിച്ച് തൂക്കിലേറ്റുന്നു; കൊന്നൊടുക്കുന്നത് 45 മിനിറ്റോളം ശ്വാസംമുട്ടിച്ച്; കൂട്ടവധശിക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേര്‍; പെണ്‍കുട്ടികള്‍ക്കുള്ള വധശിക്ഷ പ്രായം വെറും ഒന്‍പത് വയസുമുതല്‍; ഇറാന്‍ സമാധാനസ്‌നേഹികളാണെന്ന് പ്രസിഡന്റ് പറയുമ്പോഴും ആളുകളെ കൊല്ലുന്നത് അതിക്രൂരമായി
തെഹ്റാന്‍: ഇറാനില്‍ വധശിക്ഷകളുടെ എണ്ണം ഭീതിജനകമായി ഉയരുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു. നോര്‍വേയില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (ഐഎച്ച്ആര്‍ഒ) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ മാത്രമായി 1,000-ത്തിലധികം പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ മാത്രം 64 പേരെയാണ് പൊതു വധശിക്ഷകള്‍ക്കിരയാക്കിയത്. തെക്കന്‍ ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലെ ബെയ്‌റം പട്ടണത്തില്‍ അടുത്തിടെ നടന്ന ക്രൂരമായ വധശിക്ഷ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സജാദ് മൊലൈ ഹഖാനി എന്ന യുവാവിനെ കണ്ണ് കെട്ടി, കൈകള്‍ പിന്നിലാക്കി കെട്ടി ക്രെയിനില്‍ തൂക്കിലേറ്റി കൊല്ലുകയായിരുന്നു. സമയം ഒരുപാട് എടുത്താണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഈ സമയം സംഭവ സ്ഥലത്ത് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും എത്തി കൈകൊട്ടുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
'ഇത് മനുഷ്യാവകാശങ്ങളുടെ നിര്‍ഭാഗ്യകരമായ ലംഘനം, ക്രൈം എഗെയ്ന്‍സ്റ്റ് ഹ്യൂമാനിറ്റി' എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ മാത്രം 64 പേരെയാണ് പൊതു വധശിക്ഷകള്‍ക്കിരയാക്കിയത്. വധശിക്ഷകള്‍ കൂടുതലും പൊതു ഇടങ്ങളിലാണ് നടക്കുന്നത്. കുറ്റവാളികളെ ക്രെയിനുകള്‍ ഉപയോഗിച്ച് തൂക്കിലേറ്റി കൊന്നുതള്ളുന്നതാണ് പതിവ്. കഴുത്ത് പൊട്ടാതെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഇത്തരം രീതികള്‍ക്ക് പലപ്പോഴും 45 മിനിറ്റ് വരെ എടുക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു. മിക്കവാറും വധശിക്ഷകള്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വേണ്ടിയാണെങ്കിലും രാഷ്ട്രീയ പ്രതിപക്ഷക്കാരും കലാകാരന്മാരും ഉള്‍പ്പെടെ ശിക്ഷിക്കപ്പെടുന്നുണ്ട്. ഇറാനിലെ 'കിസാസ്' നിയമം പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷ വിധിക്കുമ്പോള്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് രക്തപരിഹാരം വാങ്ങാനോ അല്ലെങ്കില്‍ പ്രതിയെ തൂക്കിലേറ്റാനോ അധികാരമുണ്ട്. പലപ്പോഴും കുടുംബങ്ങള്‍ അവസാന നിമിഷം ക്ഷമ പ്രഖ്യാപിച്ച് വധശിക്ഷ നിര്‍ത്തിവെക്കുന്ന സംഭവങ്ങളും നടക്കാറുണ്ട്.
എന്നാല്‍ ക്ഷമ ലഭിക്കാത്തവര്‍ക്ക് ക്രൂരമായ പൊതു വധശിക്ഷയാണ് വിധി. ഭയാനകമായ കാര്യം, പെണ്‍കുട്ടികള്‍ക്കുള്ള വധശിക്ഷ പ്രായം വെറും ഒന്‍പത് വയസ്സില്‍ ആരംഭിക്കുന്നതാണ്. ബാല്യത്തില്‍ തന്നെ മരണഭീതിയില്‍ കഴിയേണ്ടി വരുന്ന അവസ്ഥ മനുഷ്യാവകാശ സംഘടനകളെ ഏറ്റവും അധികം ഉലച്ചിരിക്കുകയാണ്. ഇറാനിലെ നീതി ന്യായ വ്യവ്തകളിലും വലിയ വീഴ്ചകള്‍ ഉണ്ട്. ഇറാനിലെ വിചാരണകള്‍ വളരെ കുറച്ച് സമയംകൊണ്ടാണ് പൂര്‍ത്തിയാകുന്നത്. 45 മിനിറ്റിനുള്ളില്‍ തന്നെ പല വിചാരണകളും പൂര്‍ത്തിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് സ്വന്തം പക്ഷം അവതരിപ്പിക്കാനുള്ള അവസരം പോലും ലഭിക്കാത്ത കേസുകള്‍ അനവധി. പീഡനത്തിലൂടെ സമ്മര്‍ദ്ദം ചെലുത്തി നടത്തുന്ന കുറ്റസമ്മതങ്ങള്‍ പൊതുവേ തെളിവായി ഉപയോഗിക്കുന്നു. സ്ത്രീകളുടെ സാക്ഷി മൊഴികള്‍ക്ക് പുരുഷന്‍മാരുടെ അപേക്ഷിച്ച് പകുതി മാത്രമേ അംഗീകരിക്കു എന്നും ഇറാനിലെ നിയമ വ്യവസ്ഥയാണ്.
ഇറാനിലെ ചില ശ്രദ്ധയമായ കേസുകള്‍ എടുത്താല്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഗാനങ്ങള്‍ പാടിയതിനാല്‍ വധശിക്ഷ വിധിക്കപ്പെട്ട റാപ്പ് ഗായകന്‍ ടൂമാജ് സാലേഹി. എന്നാല്‍ അന്താരാഷ്ട്ര പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് മോചിപ്പിക്കപ്പെട്ടു. റെയ്ഹാനെ ജബ്ബാരി ലൈംഗികാതിക്രമശ്രമം നടത്തിയ ആളെ പ്രതിരോധിക്കാന്‍ കുത്തിക്കൊന്നെന്ന് അവകാശപ്പെട്ടെങ്കിലും 2014-ല്‍ വധിക്കപ്പെട്ടു. ബാബക് ഷഹ്ബാസി, ''മൈക്രോസോഫ്റ്റ് വേഡ് അറിയാമെന്നു'' തെളിവ് ചൂണ്ടിക്കാട്ടി ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച വധിക്കപ്പെട്ടു. ഇത്തരത്തില്‍ നിരവധിയാളുകളാണ് ചെറുതും വലുതുമായി കേസുകളില്‍ ക്രൂരമായ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 2010 മുതല്‍ 8,800-ത്തിലധികം വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. 2023-ല്‍ മാത്രം 834 പേരും 2024-ല്‍ ഓഗസ്റ്റ് വരെയുള്ള കണക്ക് എടുത്തപ്പോള്‍ 975 പേരും വധിക്കപ്പെട്ടിരുന്നു. ഇതില്‍ 31 പേര്‍ സ്ത്രീകളും ഒരു കുട്ടിയും ഉള്ളതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഐക്യരാഷ്ട്രസഭയിലടക്കം ഇറാനെതിരായ ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. പ്രസിഡന്റായ മസൂദ് പെസെഷ്‌കിയാന്‍ ലോകസഭയില്‍ 'ഇറാന്‍ സമാധാനസ്‌നേഹികളുടെയും വിശ്വസ്ത സുഹൃത്തുക്കളുടെയും കൂട്ടാളിയാണ്' എന്ന് പ്രസംഗിച്ച ദിവസം തന്നെ, രാജ്യത്തിനുള്ളില്‍ എട്ട് രാഷ്ട്രീയ തടവുകാര്‍ വധിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 200 പേരാണ് ആ ആഴ്ച മാത്രം മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നത്, അന്താരാഷ്ട്ര സമ്മര്‍ദ്ദമില്ലാത്തിടത്ത് ഇറാനിലെ കൂട്ടവധശിക്ഷകള്‍ ഇനിയും വ്യാപകമാകുമെന്നതാണ്. ഐഎച്ച്ആര്‍ഒ റിപ്പോര്‍ട്ടില്‍ വധശിക്ഷകളെ ''മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം'' എന്ന് വിശേഷിപ്പിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണക്കുറവ് അവസ്ഥയെ കൂടുതല്‍ ഭീകരമാക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.