'എല്ലാത്തിനും കാരണം സെന്തില്‍ ബാലാജി': കടുത്ത മാനസിക വിഷമത്തില്‍ ആത്മഹത്യാ കുറിപ്പെഴുതി വച്ച് ടിവികെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു; ദുരന്തത്തില്‍ അറസ്റ്റു തുടങ്ങി പോലീസ്; പിടികൂടിയത് രണ്ടു പേരെ; വിജയിയെ അറസ്റ്റു ചെയ്യാനും സാധ്യത; ടിവികെയുടെ രാഷ്ട്രീയ ഭാവി ചര്‍ച്ചകളില്‍

Update: 2025-09-30 03:33 GMT

കരൂര്‍: 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപുരം സ്വദേശി വി അയ്യപ്പനെ(51)യാണ് വീടുനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരൂര്‍ ദുരന്തത്തിന്റെ വിഷാദത്തിലാണ് ആത്മഹത്യ. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഡിഎംകെയ്ക്കും പൊലീസിനും ദുരന്തത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് അയപ്പന്‍ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചു. അതേസമയം റാലിയുടെ സംഘാടകരെ പോലീസ് അറസ്റ്റു ചെയ്യുന്നുമ്ട്. ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. മതിയഴകനെ കൂടാതെ, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ടി ആര്‍ നിര്‍മല്‍കുമാര്‍, മറ്റ് ടിവികെ പ്രവര്‍ത്തകര്‍ എന്നിവരെ പ്രതികളാക്കി പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.റാലിയുടെ അനുമതി അപേക്ഷയില്‍ ഒപ്പിട്ട ടിവികെ നേതാവ് പൗന്‍ രാജും പൊലീസ് കസ്റ്റഡിയലാണ്്. വിജയിനെ കസ്റ്റഡിയില്‍ എടുക്കാനും സാധ്യതയുണ്ട്. കരൂര്‍ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍.

പോലീസ് റിപ്പോര്‍ട്ടില്‍ പ്രസിഡന്റ് വിജയ് അടക്കം ടിവികെ നേതാക്കള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. സംഘാടകര്‍ പൊലീസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പ് അവഗണിച്ചതും അനിയന്ത്രിതമായി എത്തിയ ജനക്കൂട്ടത്തെ ശക്തിപ്രകടനത്തിന് ഉപയോഗിച്ചതുമാണ് ദുരന്തകാരണം. മണിക്കൂറുകള്‍ വൈകിയെത്തിയ വിജയ്, പലയിടത്തും അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതും ദുരന്തത്തിന് കാരണമായി. പകല്‍ മൂന്നുമുതല്‍ രാത്രി പത്തുവരെ 11 നിബന്ധനകള്‍ പാലിച്ച് പരിപാടി നടത്താനായിരുന്നു അനുമതി. പകല്‍ 12ന് വിജയ് വരുമെന്ന് വാര്‍ത്ത പ്രചരിച്ചതോടെ പത്തുമണിക്കുതന്നെ ജനമെത്തി. 10,000 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും 25,000ല്‍പ്പരം പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ വെള്ളവും വൈദ്യസഹായവും ലഭ്യമാക്കാനോ സംഘാടകര്‍ തയ്യാറായില്ല. കരൂര്‍-കോയന്പത്തൂര്‍ റോഡിലും കരൂര്‍-തിരുച്ചി റോഡ് ജങ്ഷനിലും സംഘാടകര്‍ ആളെക്കൂട്ടി. റാലി നടക്കുന്‌പോള്‍ത്തന്നെ 11 പേര്‍ മരിച്ചു.

ടിവികെയുടെ വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് അദ്ദേഹം എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തു. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കരൂരിലെ ദുരന്തത്തിന് കാരണം സെന്തില്‍ ബാലാജിയാണെന്ന് അയ്യപ്പന്‍ കുറിപ്പില്‍ ആരോപിക്കുന്നു. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. കൂലിപ്പണിക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവികെയിലെ റാലിയില്‍ പങ്കെടുത്തിരുന്നു. തിക്കിലും തിരക്കിലും ആളുകള്‍ മരിച്ച വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കരൂരില്‍ വിജയ്ക്കെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നശിപ്പിച്ച നിലയിലാണ്. വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിച്ചത്. കരൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. 'വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍ക്കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകള്‍ കരൂരില്‍ സ്ഥാപിച്ചിരുന്നു. ഈ പോസ്റ്ററുകളാണ് നശിപ്പിച്ചത്. തമിഴ്നാട് സ്റ്റുഡന്റ്സ് യൂണിയന്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്. വിജയയുടെ ടിവികെയുടെ രാഷ്ട്രീയ ഭാവിയാണ് ചര്‍ച്ചകളിലേക്ക് വരുന്നത്.

Tags:    

Similar News