അതിര്‍ത്തിയിലെ കനത്ത വേലിക്ക് മുകളിലൂടെ പാരാഗ്ലൈഡ് ചെയ്ത് വന്നിറങ്ങിയ കുടിയേറ്റക്കാരന്‍; അമേരിക്കയില്‍ 'ട്രംപിസം' പിടിമുറുക്കുമ്പോള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഏത് വഴിയും തേടുന്നവര്‍; മൊറോക്കോയിലെ ജെബല്‍ മൂസ പര്‍വതത്തിന് മുകളിലൂടെ സ്‌പെയിനിലെത്തിയ 'വീരന്‍' ചര്‍ച്ചകളില്‍

Update: 2025-10-07 04:12 GMT

മേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായ നിലപാട് ട്രംപ് ഭരണകൂടം ശക്തമാക്കിയതോടെ ഇപ്പോള്‍ പലരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളും നിലപാട് കര്‍ശനമാക്കാന്‍ തുടങ്ങിയതോടെ കുടിയേറ്റക്കാര്‍ പലരും അവിടെ എത്താനായി പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്.

ഇതില്‍ കഴിഞ്ഞ ദിവസം ഒരു കുടിയേറ്റക്കാരന്‍ സ്പെയിനിലേക്ക് എത്തിയ സംഭവം പാശ്ചാത്യ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും അതിന്റെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഇയാള്‍ പാരാഗ്ലൈഡിംഗിലൂടെയാണ് സ്പെയിനില്‍ എത്തിയിരിക്കുന്നത്. ഈ ദൃശ്യം കണ്ട് അന്തം വിട്ടു നിന്ന പോലീസുകാരുടെ കൈയ്യില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. അതിര്‍ത്തിയിലെ കനത്ത വേലിക്ക് മുകളിലൂടെയാണ് ഇയാള്‍ പാരാഗ്ലൈഡ് ചെയ്ത് വന്നിറങ്ങിയത്.

സുരക്ഷാ ക്യാമറകളില്‍ ഈ ദൃശ്യം പതിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സംഘം സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ വന്നിറങ്ങിയ സ്ഥലത്ത് തെരച്ചില്‍ നടത്തിയ പോലീസിന് പാരാഗ്ലൈഡിംഗ് ഗിയര്‍ മാത്രമാണ് ലഭിച്ചത്. രഹസ്യമായി എത്തിച്ചേര്‍ന്ന വ്യക്തിയെ കണ്ടെത്താന്‍ അവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മൊറോക്കോയ്ക്കും സ്പെയിനിന്റെ വടക്കന്‍ ആഫ്രിക്കന്‍ എന്‍ക്ലേവായ സ്യൂട്ടയ്ക്കും ഇടയിലുള്ള, ജിബ്രാള്‍ട്ടറിന് എതിര്‍വശത്തുള്ള പ്രദേശത്താണ് ഇയാള്‍ വന്നിറങ്ങിയത്. അതിര്‍ത്തി മേഖലയിലെ മറ്റ് ഭാഗങ്ങളിലും സമാനമായ പാരാഗ്ലൈഡിംഗ് ശ്രമങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ട്. സ്പെയിനില്‍ ഇറങ്ങുന്നതിന് മുമ്പ്, മൊറോക്കോയിലെ ജെബല്‍ മൂസ പര്‍വതത്തിന് മുകളിലൂടെ കുടിയേറ്റക്കാരന്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്്. ഇയാള്‍ ഏത് രാജ്യക്കാരന്‍ ആണെന്ന് ഇനിയും മനസിലായിട്ടില്ല. മൊറോക്കോക്കാരന്‍ ആണോ എന്ന് സംശയമുണ്ട്. ഈ വ്യക്തി ഇരുപത് വയസില്‍ താഴെയുള്ള വ്യക്തിയാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നത് ഇനി പലരും ഇത് പരീക്ഷിക്കുമെന്ന് കരുതുന്നില്ല എന്നാണ്. ഇത് ചെലവേറിയതും അപകടസാധ്യതയുള്ളതുമാണ് എന്നത് തന്നെയാണ് ഇതിന് കാരണം. സ്യൂട്ട് മേഖലയില്‍ സ്പെയിന്‍ സ്ഥാപിച്ചിട്ടുള്ള കമ്പി വേലികള്‍ ചാടിക്കടക്കാന്‍ പല കുടിയേറ്റക്കാരും ശ്രമിക്കാറുണ്ട്. ചിലര്‍ കടലിലൂടെയും ഇവിടേക്ക് വരാന്‍ ശ്രമം നടത്താറുണ്ട്. കുറേ നാളുകള്‍ക്ക് മുമ്പ് ഇവിടെുളള ഒരു പ്രാദേശിക പത്രം എങ്ങനെയാണ് പാരാഗ്ലൈഡിംഗ് നടത്തി ഇവിടേയക്ക് എത്തിച്ചേരാം എന്ന രീതിയില്‍ ഒരു വാര്‍ത്ത നല്‍കിയിരുന്നതായും അത് വായിച്ച ആരെങ്കിലുമായിരിക്കും ഇത്തരത്തില്‍ ഇവിടെ വന്നിറങ്ങിയത് എന്നുമാണ് ചിലര്‍ പറയുന്നത്. അന്ധികൃത കുടിയേറ്റക്കാര്‍ ഇവിടേക്ക് കരമാര്‍ഗ്ഗവും വരാറുണ്ട്. 2015 മെയ് മാസത്തില്‍ അതിര്‍ത്തി കടക്കാന്‍ പണം വാങ്ങിയ മൊറോക്കന്‍ കൗമാരക്കാരനെ പോലീസ് പിടികൂടിയിരുന്നു. ഇതേ ചെക്ക് പോസ്റ്റില്‍ ഒരു എട്ടു വയസുകാരനെ സ്യൂട്ട്കേസിനുള്ളില്‍ നിന്നും അധികൃതര്‍ പിടികൂടിയിരുന്നു.

Tags:    

Similar News