'യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; പൊലീസുകാര്‍ക്കിടയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ഗ്രനേഡോ കണ്ണീര്‍വാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്‌ഫോടനം'; പേരാമ്പ്ര സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്

Update: 2025-10-13 16:44 GMT

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തിനിടെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന ആരോപണത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.സംഘര്‍ഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞുവെന്ന ആരോപണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കേസെടുത്തത്. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാര്‍ക്കിടയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്ഫോടക വസ്തു എറിഞ്ഞത് 'യുഡിഎഫ് ജനവിരുദ്ധകൂട്ട'ത്തില്‍നിന്നാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാനായതായി പൊലീസ് പറഞ്ഞു. പൊട്ടിത്തെറി നടക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൊലീസിന്റെ ഗ്രനേഡോ , കണ്ണീര്‍വാതകമോ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന രീതിയിലല്ല സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസിന്റെ നടപടി. പൊലീസ് തടഞ്ഞുവെച്ച 700ഓളം ആളുകള്‍ ഉള്‍പ്പെടുന്ന യുഡിഎഫിന്റെ ന്യായവിരുദ്ധ ജനക്കൂട്ടത്തിനിടയില്‍നിന്നും ഏതോ ഒരാള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം ചെയ്ത് വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ജീവന് അപായം വരുത്തണമെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെ സ്ഫോടക വസ്തു എറിഞ്ഞു എന്നാണ് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നത്.

പെരാമ്പ്രയില്‍ സംഘര്‍ഷത്തിനിടിയില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തി പ്രയോഗം നടത്തിയതെന്ന റൂറല്‍ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമുണ്ടാക്കിയിട്ടുണ്ട്. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് റൂറല്‍ എസ്പി ഇന്നലെ പറഞ്ഞത്. സംഘര്‍ഷത്തില്‍ ഷാഫി ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ക്കെതിരായണ് കേസെടുത്തിട്ടുള്ളത്.

പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ സംഘര്‍ഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഈ സംഘര്‍ഷത്തിനിടെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി.

അതേ സമയം പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. പിന്നാലെ ശസ്ത്രക്രിയ നടത്തി. ഷാഫിക്ക് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടര്‍ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും.

പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റതായി ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരന്‍ എന്നിവരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ സംഘര്‍ഷങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചത്. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്. പൊലീസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Similar News