ഇനി സമാധാനത്തിന്റെ പുലരിയിലേക്ക് ഗാസ! യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പുവെച്ചു; ഉച്ചകോടിയില്‍ നിന്നും നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍; ഇസ്രയേലിന് സുവര്‍ണകാലം വാഗ്ദാനംചെയ്ത് ട്രംപ്; സമാധാന നീക്കത്തില്‍ ഇന്ത്യയുടെ ഐക്യദാര്‍ഢ്യം
കയ്‌റോ: രണ്ടു വര്‍ഷത്തിലേറെ കാലം ലോകത്തെ ആശങ്കയിലാഴ്ത്തിയ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസ്, ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് കരാര്‍ സാധ്യമായത്. കരാര്‍ ഒപ്പുവയ്ക്കാനുള്ള സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൂടാതെ വിവിധ ലോക നേതാക്കള്‍ ഈജിപ്തിലെത്തിയിരുന്നു. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഗാസയില്‍ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ഉച്ചകോടി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖില്‍ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയില്‍ ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി നടന്നത്. പശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനം പുലരുന്നതിനു വേണ്ട നടപടികളും ഇന്നത്തെ ഉച്ചകോടി സമഗ്രമായി ചര്‍ച്ചചെയ്തു.
ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേല്‍ പാര്‍ലമെന്റായ കനെസ്സറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവില്‍ ജിവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേല്‍ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
ഗാസയിലെ സമാധാന നീക്കം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍സിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു. എന്നാല്‍ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിന്‍ നെതന്യാഹുവിനെയും ടെലിഫോണില്‍ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തില്‍ ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
പ്രതീക്ഷയുടെ പുലരിയിലേക്ക്
രണ്ട് വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനു ശേഷം മധ്യേഷയില്‍ സമാധാനത്തിന്റെ പുലരി വിരിയുകയാണ്. ഒക്ടോബര്‍ ഏഴിനാണ്, ഇസ്രയേിലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയത്. നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രായമായവരേയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചവര്‍ 48 പേര്‍. ഇതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് ഇന്ന് മോചിപ്പിച്ചത്.
അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ് ഗാസന്‍ ജനത. തെരച്ചിലില്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന 135 മൃതദേഹങ്ങള്‍ ഇതിനോടകം പുറത്തെടുത്തു. തിരിച്ചെത്തിയവര്‍ക്ക് തങ്ങാന്‍ ടെന്റുകള്‍ പോലുമില്ലാത്ത സ്ഥിതിയാണ്. വെടിയുണ്ടകള്‍ക്കൊപ്പം ബുള്‍ഡോസറുകള്‍ കൊണ്ട് കൂടിയാണ് ഇസ്രയേല്‍ യുദ്ധം ചെയ്തത്. ബോംബുകളിട്ട് തകര്‍ത്ത കെട്ടിടങ്ങള്‍ ഓരോന്നും ബുള്‍ഡോസറുകളെത്തി നിരപ്പാക്കി. ഒടുവില്‍ വെടിയൊച്ചകളും ബുള്‍ഡോസറകളും പിന്‍വാങ്ങിയിരിക്കുന്നു.
ഗാസന്‍ ജനത അവരുറങ്ങിയ മണ്ണിലേക്ക് തിരികെ എത്തുകയാണ്. വീട്ടില്‍ കയറി താമസം തുടരാനുള്ള ആഗ്രഹം കൊണ്ടു മാത്രമല്ല ഒന്നും ബാക്കിയില്ലാതിരുന്നിട്ടും ഇവര്‍ മടങ്ങി എത്തിയിരിക്കുന്നത്. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ 11,200 പരെയാണ് ഗാസയില്‍ കാണാനില്ലാത്തത്. അവരെ തെരയാന്‍ കൂടിയാണ് . അവര്‍ക്ക് മാന്യമായ അന്ത്യവിശ്രമം ഉറപ്പാക്കണം എന്നതുകൊണ്ടു കൂടിയാണ്. തകര്‍ന്ന കെട്ടിടങ്ങളിലെ തെരച്ചിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 135 മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് കണ്ടെടുത്തു. ഭക്ഷണത്തിന് കാത്തുനിന്നവരെ വെടിവെച്ച ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വിതരണ കേന്ദ്ര ശൂന്യമായി. 2600 ഓളം പേരാണ് ഭക്ഷണത്തിനായി കാത്തുനില്‍ക്കവേ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടായിരത്തോളം മരണം ഈ കേന്ദ്രത്തോട് ചേര്‍ന്നാണ്.
ഇസ്രയേലിന് സുവര്‍ണകാലമെന്ന് ട്രംപ്
ഹമാസ് ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെ ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് ഒരു യുദ്ധത്തിന്റെ അവസാനം മാത്രമല്ലെന്നും ഇത് പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ ഉദയമാണെന്നും പറഞ്ഞു. പ്രസംഗത്തിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ട്രംപ് പ്രശംസിച്ചു. 'താങ്ക്യൂ വെരിമച്ച് ബിബി, ഗ്രേറ്റ് ജോബ്' എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്നത്തെ അമേരിക്കയെപ്പോലെ ഇസ്രയേലിനും ഒരു സുവര്‍ണകാലമുണ്ടാകുമെന്നും ട്രംപ് വാഗ്ദാനംചെയ്തു. വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനും അവസാനമില്ലാത്ത അപകടങ്ങള്‍ക്കും ശേഷം ആകാശം ഇന്ന് ശാന്തമാണ്. തോക്കുകള്‍ നിശബ്ദമാണ്. സൈറണുകള്‍ നിശ്ചലമാണെന്നും ട്രംപ് പറഞ്ഞു. സമാധാനമുള്ള പുണ്യഭൂമിയില്‍ ഇന്ന് സൂര്യന്‍ ഉദിച്ചിരിക്കുകയാണെന്നും ദൈവത്തിന്റെ ഹിതമുണ്ടെങ്കില്‍ എല്ലാകാലത്തും സമാധാനത്തോടെ ജീവിക്കുന്ന ഒരു ദേശമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
''ബന്ദികളെല്ലാം തിരിച്ചെത്തി. അത് പറയാന്‍ വളരെ സന്തോഷം തോന്നുന്നു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സമയം പാഴാക്കുകയാണെന്ന് പലരും പറഞ്ഞു. പക്ഷേ, ഞങ്ങള്‍ ഇത് നേടി', ട്രംപ് പറഞ്ഞു. ഇതുവരെ എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന തന്റെ അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.
ട്രംപിന്റെ ഓരോ വാക്കുകളെയും ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ട്രംപിന് നൊബേല്‍ നാമനിര്‍ദേശവും വാഗ്ദാനംചെയ്തു. അതേസമയം, ട്രംപ് പ്രസംഗിക്കുന്നതിനിടെ രണ്ട് പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്തി ഇരുവരും മുദ്രാവാക്യം മുഴക്കി. 'വംശഹത്യ' എന്നെഴുതിയ ബോര്‍ഡും ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ അയ്മേന്‍ ഒദേഹ്, ഒഫര്‍ കാസിഫ് എന്നിവര്‍ പ്രതിഷേധിച്ചത്. എന്നാല്‍, ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോയി.
ഹമാസിനെ പൂര്‍ണമായും നിരായുധീകരിക്കും. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നതില്‍ ഖത്തര്‍ വലിയ സഹായമായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, അറബ് നേതാക്കളെയും മുസ്ലിം സമൂഹത്തെയും പ്രശംസിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ട്രംപ് പ്രശംസിക്കുകയുണ്ടായി. ഇറാനുമായി കരാറിന് താല്‍പര്യമുണ്ടെന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. ഇറാന്‍ തയ്യാറാണെങ്കില്‍ ഞങ്ങളും തയ്യാറാണ്, ഇറാന്‍ ഇതുവരെ എടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തീരുമാനമായിരിക്കും അതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, നെതന്യാഹുവിനൊപ്പം പാര്‍ലമെന്റ് സെനറ്റിലെത്തിയ ട്രംപിനെ ഒരുവിഭാഗം എഴുന്നേറ്റ് കയ്യടികളോടെയാണ് സ്വീകരിച്ചതെങ്കിലും ഇടത് എംപിമാര്‍ പ്രതിഷേധ മുദ്രാവാക്യവും 'വംശീയത' എന്ന് എഴുതി പോസ്റ്ററുകളും ഉയര്‍ത്തി. ട്രംപിന്റെ പ്രസംഗം തടസപ്പെടുത്തിയതോടെ ഇവരെ സുരക്ഷാസേന പുറത്താക്കിയിരുന്നു.