'ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്; ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട; അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല; ഇനി എനിക്കു ജീവിക്കേണ്ട'; നിരന്തരം ശല്യം ചെയ്‌തെന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്; ജോസ് ഫ്രാങ്ക്‌ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
ജോസ് ഫ്രാങ്ക്‌ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബേക്കറി ഉടമയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നിലവില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യകുറിപ്പില്‍ ജോസ് ഫ്രാങ്കിളിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വായ്പ ശരിയാക്കാന്‍ തനിക്ക് വഴങ്ങണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജോസ് ഫ്രാങ്ക്‌ളിന് ഇന്നലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും, ജോസ് ഫ്രാങ്ക്‌ളിന്റെ നിരന്തര പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ യുവതി എഴുതിയിരുന്നത്. ജോസ് ഫ്രാങ്ക്‌ളിന്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കുറിപ്പിലെ രണ്ടാം വരി. മുട്ടക്കാട് ജങ്ഷനില്‍ ബേക്കറി നടത്തിയിരുന്ന യുവതിക്ക് കട ബാധ്യതകള്‍ ഉണ്ടായിരുന്നു.കടം തീര്‍ക്കാന്‍ ലോണ്‍ ശരിയാക്കുന്നതിന് വേണ്ടി നെയ്യാറ്റിന്‍കര തൊഴുക്കലുള്ള ജോസ് ഫ്രാങ്ക്‌ളിന്റെ ഓഫീസിലെത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്. പിന്നീട് ലോണിന്റെ ആവശ്യത്തിന് പോകുമ്പോള്‍ മകനെയും കൂടെ കൂട്ടിയത് പേടി കൊണ്ടാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ല എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാമോ.അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല.ലോണിന്റെ ആവശ്യം എന്തായി എന്ന് ചോദിച്ചാല്‍ എപ്പോള്‍ വരും,ഇറങ്ങി വാ എന്നൊക്കെ പറയും. ജോസ് ഫ്രാങ്ക്ളിനെ കാരണം ജീവിക്കാന്‍ വയ്യെന്നും,ജീവിതം അവസാനിപ്പിന്നുവെന്നും പറഞ്ഞാണ് യുവതിയുടെ ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കെപിസിസിയുടെ തീരുമാനം.
കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കള്‍ക്ക് എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നത്. നാല് മാസം മുന്‍പ് ആരംഭിച്ച ബേക്കറിക്ക് വായ്പ ശരിയാക്കി തരാം എന്നുപറഞ്ഞ് ജോസ് ഫ്രാങ്ക്‌ളിന്‍ തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. വായ്പ നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ജോസ് നിരന്തരം കടയിലെത്തി ശല്യപ്പെടുത്തിയിരുന്നെന്നും കുറിപ്പിലുണ്ട്.
വീട്ടമ്മയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും, ലൈംഗികാതിക്രമവും ചുമത്തിയിരുന്നു. ഒളിവില്‍ പോയ ഫ്രാങ്ക്‌ളിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവധിച്ചു. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി വീട്ടമ്മയുടെ മകനും രംഗത്ത് എത്തിയിട്ടുണ്ട്.
വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്:
''ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ജോസ് ഫ്രാങ്ക്‌ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്. കടം തീര്‍ക്കാന്‍ ഒരു ലോണ്‍ ശരിയാക്കി തരാമെന്നു പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ബില്ല് കൊടുക്കാന്‍ ഓഫിസില്‍ പോയി. അപ്പോള്‍ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും, വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ സ്പര്‍ശിച്ചു. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല. ഇനി എനിക്കു ജീവിക്കേണ്ട'' ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
കടം വീട്ടാന്‍ ഉള്ളവരുടെ പണത്തിന്റെ കണക്കും ആത്മഹത്യക്കുറിപ്പില്‍ വീട്ടമ്മ എഴുതിയിട്ടുണ്ട്. ജോസ് ഫ്രാങ്ക്‌ളിന്‍ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിനു മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. കേസില്‍ നെയ്യാറ്റിന്‍കര കൗണ്‍സിലറായ ജോസിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.