അസദ് ഭരണകൂടത്തിന്റെ പതനവും അമേരിക്കന്‍ സൈന്യത്തിന്റെ മടക്കവും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി; എങ്ങും വളരെ പരിതാപകരമായ കാഴ്ചകൾ; നഗരങ്ങളെ ഭീതിയിലാക്കി ആക്രമണങ്ങളും വർധിക്കുന്നതിനിടെ സിറിയയിലേക്ക് വീണ്ടും 'ഐസിസ്' തീവ്രവാദികള്‍ മടങ്ങിയെത്തുന്നതായി വിവരങ്ങൾ; സ്വന്തം പട്ടാളത്തെ വിരട്ടിയും ഭീകരർ; ഇനി ട്രംപ് ആർമി മടങ്ങിവരുമോ?

Update: 2025-10-25 06:58 GMT

ദമാസ്കസ്: സിറിയയിലേക്ക് ഐസിസ് തീവ്രവാദികള്‍ മടങ്ങിയെത്തുന്നു. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് മാരകമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന അവസരം മുതലെടുത്താണ് ഐസിസ് ഭീകരര്‍ സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷവും രാഷ്ട്രം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്.

ഇത് പരമാവധി ചൂഷണം ചെയ്യാനാണ് ഐസിസ് ശ്രമം നടത്തുന്നത്. ദുര്‍ബലമായ പുതിയ സർക്കാരും സൈനിക ശക്തികള്‍ക്ക് സംവിധാനങ്ങള്‍ ആവശ്യത്തിന് ഇല്ലാത്തതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് അവസാനം വരെ വടക്കുകിഴക്കന്‍ സിറിയയില്‍ ഐസിസ് ഇതുവരെ 117 ആക്രമണങ്ങള്‍ നടത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 73 ആക്രമണങ്ങളാണ് നടന്നത്. കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിലെ കമാന്‍ഡറായ ഗൊരാന്‍ ടെല്‍ തമിര്‍ മാധ്യമങ്ങളോട് പറഞ്ഞത് അമേരിക്കന്‍ സേനയുടെ പിന്‍വാങ്ങല്‍ ഐഎസിന് കൂടുതല്‍ സഹായകരമായി എന്നാണ്.

ഐസിസ് ഭീകരര്‍ തങ്ങള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതായി തമിര്‍ ആരോപിച്ചു. ഇവര്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് ആളുകളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രില്‍ മുതല്‍, അമേരിക്ക സിറിയയിലെ അവരുടെ 2,000 സൈനികരില്‍ ഏകദേശം 500 പേരെ പിന്‍വലിച്ച് നിരവധി താവളങ്ങള്‍ അടച്ചുപൂട്ടുകയോ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് കൈമാറുകയോ ചെയ്തിട്ടുണ്ട്. ഐസിസ് സിറിയന്‍ സൈന്യത്തിനെതിരെ നേരിട്ട് ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ സേനയ്ക്കെതിരായ ഭീകര സംഘടന നടത്തിയ ആദ്യ ആക്രമണമായിരുന്നു ഇത്. ഐസിസ് തീവ്രവാദി സംഘം 2004 ലാണ് സ്ഥാപിക്കപ്പെട്ടത്.

അറബ് വസന്തത്തിന്റെ കാലത്ത് മിഡില്‍ ഈസ്റ്റിലെ അരാജകത്വം മുതലെടുത്ത് 2014-ല്‍ സ്വയം ഒരു രാഷ്ട്രമായി അവര്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടും നിരവധി ആക്രമണങ്ങളാണ് ഇവര്‍ നടത്തിയത്. ലോകമെമ്പാടുമായി ആയിരക്കണക്കിന് അണികളാണ് ഇവര്‍ക്കുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറിയയിലെ ബാഷര്‍ അല്‍-അസദിന്റെ ഭരണം അവസാനിപ്പിച്ചത്. വടക്കുകിഴക്കന്‍ സിറിയയില്‍ അവര്‍ കുര്‍ദിഷ് പ്രതിനിധികളെ കൊന്നൊടുക്കിയിരുന്നു. ഐസിസ് ഇപ്പോള്‍ പ്രധാനമായും സ്ലീപ്പര്‍ സെല്ലുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഐസിസ് പോരാളികള്‍ യൂണിഫോം ധരിക്കുകയോ കറുത്ത പതാകകള്‍ വഹിക്കുകയോ ചെയ്യുന്നില്ല. ഇത് അവരെ തിരിച്ചറിയാന്‍ പ്രയാസകരമാക്കുന്നു. അതിനിടെ ബഷര്‍ അസദിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ സിറിയന്‍ വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രിര്‍ അല്‍-ഷാമിനെ ഈ ആഴ്ച ആദ്യം ബ്രിട്ടന്‍ നിരോധിത ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Tags:    

Similar News