കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി; റോഡിനായുള്ള മണ്ണിടിച്ചില്‍ അശാസ്ത്രിയമായി; സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞു വീണു; 12 വീടുകള്‍ക്ക് മുകളില്‍ മണ്ണ് വീണു; ഇതില്‍ ആറു വീട് പൂര്‍ണ്ണമായും തകര്‍ന്നു; ആളില്ലാ വീടുകള്‍ ദുരന്തവ്യാപ്തി കുറച്ചു; ദേശീയപാതാ അതോറിട്ടി ആരോപണ നിഴലില്‍

Update: 2025-10-26 01:39 GMT

അടിമാലി: അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബപശ്ചാത്തലം അതിദാരുണമാണ്. ഇതു തന്നെയാണ് ഈ ലക്ഷം വീട് കോളനിയിലെ പലരുടേയും അവസ്ഥ. 12 വീടുകള്‍ക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതില്‍ ആറു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രാത്രിയാണ് അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂര്‍ണമായും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീണത്. ഇതിനിടെയാണ് ബിജു മരിച്ചത്. ആളുകളെ ഒഴുപ്പിച്ചതു കൊണ്ടു മാത്രമാണ് ആ 12 വീട്ടില്‍ മറ്റാരും ഉണ്ടാകാതിരുന്നത്.

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്താണ് രാത്രി മണ്ണിടിച്ചില്‍ ഉണ്ടായത്. കേരളത്തിലെ ആദ്യ ലക്ഷം വീട് കോളനികളില്‍ ഒന്നാണ് ഇത്. അടിമാലിയിലെ ദുരന്തത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും മണ്ണിടിഞ്ഞു. അവിടെ നിന്ന് അപ്പോള്‍ തന്നെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി.

ഇതിനിടെ കഴിഞ്ഞദിവസം പത്തടിയോളം ഉയരത്തില്‍ നിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.ഇതുമൂലം മൂന്നാര്‍ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ണ് നീക്കാനോ, വേണ്ട നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതിനിടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ഇവിടുത്തെ 22 കുടുംബങ്ങളോട് വീണ്ടും മാറിത്താമസിക്കാന്‍ പറഞ്ഞത്. കുടുംബങ്ങളെ അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി. ഒമ്പതരയോടെയാണ് കൂടുതല്‍ മണ്ണ് ഇടിഞ്ഞത്. റോഡിന്റെ സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞുവീണത്. എന്നാല്‍ കുടുംബവീട്ടിലേക്ക് മാറിത്താമസിച്ച ബിജുവും സന്ധ്യയും സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ എത്തിയപ്പോള്‍ അപകടമുണ്ടാകുകയായിരുന്നു. വീട്ടില്‍ നിന്നും ആഹാരം കഴിക്കാന്‍ കൂടിയാണ് രണ്ടു പേരും എത്തിയത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ബിജുവിന്റെ മകന്‍ ഒരു വര്‍ഷം മുമ്പാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. ഈ വേദനകളില്‍ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തില്‍ പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബിജുവിന്റെ മകള്‍ കോട്ടയത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.

മണ്ണിടിച്ചിലില്‍ എട്ടുവീടുകള്‍ തകര്‍ന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. രണ്ടുവീടുകള്‍ പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാര്‍പറയുന്നു. മുന്‍പ് പലതവണ പരാതി ഉന്നയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയരീതിയില്‍ വിള്ളല്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകുന്നേരം മാത്രമാണ് ആളുകളെ മാറ്റണമെന്ന നിര്‍ദേശം ലഭിച്ചത്.

Tags:    

Similar News