ക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു; എടുക്കാനായി ബിജുവും സന്ധ്യയും വീട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്; മുറിച്ചുമാറ്റാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍; ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
കൊച്ചി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറയില്‍ ലക്ഷം വീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലില്‍ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാര്‍. അപകടസാദ്ധ്യതാ പ്രദേശമാണെന്ന് പറഞ്ഞിട്ടും വേണ്ടത്ര അധികൃതര്‍ ഗൗനിച്ചില്ലെന്നും ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മണ്ണിടിയാന്‍ സാദ്ധ്യതയുണ്ടെന്ന് അറിഞ്ഞ് ഇന്നലെ വൈകുന്നേരം മാത്രമാണ് ആളുകളെ മാറ്റിത്താമസിപ്പിച്ചത്. എന്നാല്‍ മാറ്റിപ്പാര്‍പ്പിച്ച ക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചുവെന്നും ഇതനുസരിച്ച് റേഷന്‍കാര്‍ഡ് എടുക്കാന്‍ വീട്ടില്‍ പോയപ്പോഴാണ് ബിജുവും സന്ധ്യയും അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇന്നലെ രാത്രി 10.30 കഴിഞ്ഞാണ് അടിമാലി കൂറ്റമ്പാറയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീണ് എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ദേശീയപാത നിര്‍മ്മാണത്തിന് അശാസ്ത്രീയമായ മണ്ണെടുപ്പ് വരുത്തിവച്ച ദുരന്തമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ ഉണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതിമാരില്‍ ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സന്ധ്യയെ പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. അപകടത്തില്‍ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ പറഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതു കാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാല്‍ മുറിച്ചു മാറ്റാതിരിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലില മസിലുകള്‍ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങള്‍ക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ നിരീക്ഷണവും ചികിത്സയും നല്‍കുന്നുണ്ട്. സന്ധ്യയെ അര്‍ദ്ധബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല. ബിജുവിന്റെ മരണം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍മാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നവരുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സിലേക്ക് തല്‍ക്കാലം മാറ്റാനാണ് ആലോചിക്കുന്നത്. മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിനുശേഷമായിരിക്കും അറിയിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ അപകടസാധ്യത ഉള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തും. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍മാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സബ് കളക്ടര്‍ വിഎം ആര്യ പറഞ്ഞു. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കും. ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിര്‍മ്മാണങ്ങള്‍ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയായിരുന്നു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.
ഒഴിവായത് വന്‍ ദുരന്തം
അടിമാലി കൂമ്പന്‍പാറയില്‍ ലക്ഷംവീട് ഉന്നതിയിലെ വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഏതാണ്ട് പന്ത്രണ്ട് വീടുകള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടാവസ്ഥ മുന്‍നിര്‍ത്തി 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയദുരന്തം ഒഴിവായത്. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. റവന്യു അധികൃതരുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.
