ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമര്‍ശിച്ചു; പല രാജ്യങ്ങളും പറയാന്‍ മടിക്കുന്ന കാര്യമെന്ന് മിര്‍ യാര്‍ ബലൂച്; പിന്നാലെ സല്‍മാന്‍ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍
സല്‍മാന്‍ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: റിയാദില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ബലൂചിസ്ഥാനെക്കുറിച്ചുള്ള ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പരാമര്‍ശം പാക്കിസ്ഥാന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നടനെ ഭീകരവാദിയായി പ്രഖ്യാപിച്ചതായി പുതിയ റിപ്പോര്‍ട്ട്. 1997ലെ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെയും അത്തരം സംഘടനകളുമായി ബന്ധമുള്ളവരെയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന 'ജോയ് ഫോറം 2025' പരിപാടിയില്‍ 'മധ്യപൂര്‍വദേശത്ത് ഇന്ത്യന്‍ സിനിമ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സല്‍മാന്‍ പാക്കിസ്ഥാനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്ഥാനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത്. ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
'ഒരു ഹിന്ദി സിനിമ നിര്‍മിക്കുകയും സൗദി അറേബ്യയില്‍ റിലീസ് ചെയ്യുകയും ചെയ്താല്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറു കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളില്‍നിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്. ഇവിടെ ബലൂചിസ്ഥാനില്‍നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്ഥാനില്‍ നിന്നുള്ളവരുണ്ട്...എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്' -സല്‍മാന്‍ പറഞ്ഞു.
നടന്റെ ഈ വാക്കുകളാണ് പാകിസ്ഥാന്‍ സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ബലൂചിസ്ഥാന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുന്ന സംഘടനകള്‍ സല്‍മാന്റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. സല്‍മാന്റെ പരാമര്‍ശം ആറു കോടി ബാലൂചികളെ സന്തോഷിപ്പിച്ചെന്നും പല രാജ്യങ്ങളും പറയാന്‍ മടിക്കുന്ന കാര്യമാണ് നടന്‍ ചെയ്തതെന്നും ബലൂച് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മിര്‍ യാര്‍ ബലൂച് പ്രതികരിച്ചു. പല രാജ്യങ്ങളും ചെയ്യാന്‍ മടിക്കുന്ന കാര്യം ചെയ്തതിന് അദ്ദേഹം നടനെ പ്രശംസിച്ചു. ബലൂചിസ്ഥാനെ ഒരു പ്രത്യേക രാഷ്ട്രമായി ആഗോളതലത്തില്‍ അംഗീകരിക്കുന്നതിനും ജനങ്ങളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാനും സഹായിക്കുന്ന ശക്തമായ നയതന്ത്ര നടപടിയാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബലൂചിസ്ഥാനെയും പാകിസ്താനെയും പ്രത്യേകം പ്രത്യേകം പരാമര്‍ശിച്ച സല്‍മാന്‍ ഖാന്റെ നിലപാടാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. ബലൂചിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പാകിസ്താനിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ സല്‍മാന്‍ ഖാന്റെ പരാമര്‍ശം വ്യാപകമായി ചര്‍ച്ചയാകുകയാണ്. ബലൂചിസ്ഥാന്‍ വിഷയം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായിരിക്കെ സല്‍മാന്‍ ഖാന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായി പാകിസ്താന്‍ അഭിമുഖീകരിക്കുന്ന ഒരു ആഭ്യന്തര വിഷയത്തെ സ്വാധീനിക്കുന്ന വിധത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ ഈ പരാമര്‍ശത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്.
പ്രധാനപ്പെട്ട ബോളിവുഡ് താരങ്ങളും ഉണ്ടായിരുന്ന വേദിയായതിനാല്‍ സല്‍മാന്റെ പരാമര്‍ശം ബലൂചിസ്ഥാനുള്ള പിന്തുണയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ബലൂചിസ്ഥാന്‍ ഒരു പ്രത്യേക രാജ്യം തന്നെയാണെന്നും അത് പാകിസ്താന്റെ ഭാഗമല്ല എന്നും സൂചിപ്പിച്ചുകൊണ്ട് നിരവധി ആളുകളാണ് സല്‍മാന് പിന്തുണയുമായി എത്തുന്നത്. ഒടുവില്‍ സല്‍മാന്‍ ഖാനും ബലൂചിസ്ഥാനെ അംഗീകരിച്ചു എന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നുണ്ട്.
കാലങ്ങളായി ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനെ അലട്ടുന്ന പ്രശ്‌നമാണ് ബലൂച് വിഘടനവാദം. ഇന്ത്യ-പാക് വിഭജനത്തിനു ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്നത്. വിസ്തൃതിയില്‍ പാക്കിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അപൂര്‍വം ധാതുക്കളുടെയും എണ്ണയുടെയും ശേഖരമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഇതിന്റെയൊന്നും ഗുണം അവിടെയുള്ള ആളുകള്‍ക്ക് ലഭിക്കുന്നില്ല എന്നത് ബലൂച് വിഘടനവാദ ആവശ്യത്തിന് കാരണമായിരിക്കുകയാണ്. പ്രദേശത്തിന്റെ സ്വയംഭരണം ലക്ഷ്യമിട്ട് ബലൂച് ലിബറേഷന്‍ ആര്‍മി പോലുള്ള സായുധ സംഘടനകളും രംഗത്തുണ്ട്. പാക്കിസ്ഥാന്റെ മറ്റ് പ്രവിശ്യകളില്‍ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പ്രവിശ്യയായാണ് ബലൂചിസ്ഥാന്‍ അറിയപ്പെടുന്നത്. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ബലൂച് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
