പുന്നപ്രയിലേക്ക് പിണറായി വരുമെന്ന് അറിഞ്ഞ് ആലപ്പുഴയില്‍ യോഗം; മന്ത്രി രാജന്റെ കടുത്ത നിലപാടുകളെ അവഗണിച്ച് ബിനോയ് വിശ്വം മുമ്പോട്ട്; ജിആര്‍ അനിലും ചിഞ്ചു റാണിയും പ്രസാദും ചേര്‍ന്ന് നില്‍ക്കുന്നത് തുണയായി; ഇടതുമുന്നണിയില്‍ സിപിഐ തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച മുന്‍കൂര്‍ തിരക്കഥയുടെ ഭാഗം; പിഎം ശ്രീയില്‍ ഇടത് വിവാദങ്ങള്‍ തീരുന്നു
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കഥ പോലെ എല്ലാ പ്രശ്‌നവും തീരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴയില്‍ എത്തുമെന്ന് മനസ്സിലാക്കിയാണ് സിപിഐയുടെ യോഗം ആലപ്പുഴയില്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി എല്ലാം ഒത്തു തീര്‍പ്പിലാക്കിയെന്ന് പ്രഖ്യാപിക്കും. സിപിഐ നേതൃത്വം തിങ്കളാഴ്ച ഉച്ചയ്ക്ക് ആലപ്പുഴയില്‍ വെച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് പുറപ്പെട്ടിരുന്നു. ഈ ചര്‍ച്ചയിലൂടെ വിഷയം സമവായത്തിലേക്ക് എത്തും. ഈ യാത്രയടക്കം മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ആലപ്പുഴയില്‍ സിപിഐ അടിയന്തര സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് മുഖ്യമന്ത്രിയുമായി ഉച്ചയ്ക്ക് ചര്‍ച്ച ഉണ്ടാകുമെന്ന കാര്യം സ്ഥിരീകരിച്ചത്.
പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തുന്നുണ്ട്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. ഇത് മനസ്സിലാക്കിയാണ് ഇന്ന് തന്നെ സിപിഐ യോഗവും ആലപ്പുഴയില്‍ നിശ്ചയിച്ചത്. സിപിഐ നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക എന്നാണ് വിവരം. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കുകയില്ല എന്ന നിലപാടില്‍ ഇതോടെ മാറ്റം വരും. അനുനയ ഫോര്‍മുല ഇതിലുണ്ടാകും. അതിന് ശേഷം മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ എക്‌സിക്യൂട്ടീവ് യോഗം ചേരും. യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് മാധ്യമങ്ങളെ കാണാമെന്ന് ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. ഇതോടെ പിഎം ശ്രീ വിവാദം ആവിയാകും. മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യം ഉള്‍പ്പെടെ സിപിഐയില്‍ ഉയര്‍ന്നിരുന്നു. നേരത്തെ കൂടിയാലോചനകളില്ലാതെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിഷയത്തില്‍ ചര്‍ച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.
ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ഉചിതമായ തീരുമാനം കൈകൊള്ളും. സിപിഎമ്മും സിപിഐയും എല്‍ഡിഎഫിന്റെ ഭാഗമാണ്. എല്‍ഡിഎഫില്‍ ചര്‍ച്ചയുടെ വാതില്‍ എപ്പോഴും തുറന്നു കിടക്കുകയാണ്. എല്‍ഡിഎഫിന് ആശയാടിത്തറയും രാഷ്ട്രീയാടിത്തറയുമുണ്ട്. പരസ്പരം ബന്ധങ്ങളും ചര്‍ച്ചകളുമുണ്ട്. സമവായ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് കമ്മിറ്റി കൂടാന്‍ പോവുകയാണെന്നായിരുന്നു നേരത്തെ ബിനോയ് വിശ്വം പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിര്‍ദേശങ്ങള്‍ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം, പിഎം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോകുമെന്നാണ് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കിയത്. വിവാദത്തില്‍ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. രാജന്‍ മാത്രമാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സിപിഐയില്‍ സമ്മതിച്ചത്. ജി ആര്‍ അനിലും ചിഞ്ചു റാണിയും പി പ്രസാദും രാജിവയ്ക്കാന്‍ തയ്യാറല്ല. ഇതെല്ലാം കണക്കിലെടുത്താണ് സിപിഎമ്മുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ ബിനോയ് വിശ്വം തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ആര്‍എസ്എസ് നയത്തിനനുസരിച്ചുള്ള സിലബസിനും കരിക്കുലത്തിനും തലകുനിച്ച് കൊടുക്കരുത്. അതിന്റെ ദൂരവ്യാപക പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാന്‍ സിപിഐക്കും സിപിഐ എമ്മിനും മറ്റാരേക്കാളും അറിവുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) അനുസരിച്ചുള്ള കരിക്കുലവും സിലബസും നടപ്പാക്കില്ലെന്ന ശിവന്‍കുട്ടിയുടെ വാക്കുകളെ പോസിറ്റീവായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി പറഞ്ഞത് ഞാന്‍ കേട്ടു, എന്നെക്കാളും പഠിച്ചയാളാണ് വിദ്യാഭ്യാസമന്ത്രി. മന്ത്രി പറഞ്ഞതിനെ മുഖവിലയ്‌ക്കെടുക്കുന്നു. എനിക്കെന്റെ സഖാവിനെ വിശ്വാസമാണ്.- മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞത് ഇങ്ങനെയാണ്.
പിഎം ശ്രീയിലെ ഫണ്ട് വാങ്ങുമ്പോഴും സംസ്ഥാന താല്പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസരിച്ചേ പദ്ധതികള്‍ നടപ്പാക്കൂ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17ലെ സെക്ഷന്‍ നാലില്‍ 32ല്‍ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. പിഎം ശ്രീയില്‍ ഒപ്പുവെച്ചതുകൊണ്ട് പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഒരു മാറ്റവുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
