ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും; കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-10-27 11:47 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടത്തില്‍ ബിഹാറില്‍ വിജയകരമായി നടപ്പാക്കിയെന്നും രണ്ടാംഘട്ടത്തില്‍ 12 സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കുമെന്നും പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ ഇന്നുമുതല്‍ തുടങ്ങും. നിലവിലുള്ള വോട്ടര്‍ പട്ടികകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തില്‍ എസ്.ഐ.ആര്‍ നീട്ടണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് പരിഗണിച്ചില്ല.

2026-ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതുള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടും. കേരളം, അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവയാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍. എസ്.ഐ.ആര്‍ മാര്‍ഗരേഖക്ക് അന്തിമ രൂപം കമീഷന്‍ രണ്ടുതവണ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചിരുന്നു.

നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച പിന്നീട് നടത്തി. ഒരു അപ്പീല്‍ പോലും ബീഹാറില്‍ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.1951 മുതല്‍ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.

രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 36 സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എസ്‌ഐആര്‍ പ്രക്രിയയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഒമ്പതാമത്തെ എസ്‌ഐആര്‍ പ്രക്രിയയാണ് ഇത്.

അവസാനമായി എസ്‌ഐആര്‍ നടന്നത് 2002-04 ല്‍ ആണ്, 21 വര്‍ഷം മുമ്പ്. എസ്‌ഐആര്‍ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ വോട്ടര്‍ പട്ടിക മരവിപ്പിക്കും. പിന്നീട് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോമുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്‌ഐആര്‍ രണ്ടാം ഘട്ടത്തിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ചൊവ്വാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ഹരായ എല്ലാവര്‍ക്കും വോട്ട് ഉറപ്പാക്കുമെന്നും അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബിഎല്‍ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതല്‍ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്‌ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന കമ്മീഷന്‍ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എസ്‌ഐആര്‍അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണനയിലുണ്ടെന്നാണ് കമ്മീഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തെ അറിയിച്ചത്.

Tags:    

Similar News