നമ്മുടെ ക്ഷീരപഥത്തിന്റെ ഇതുവരെ കാണാത്ത അതിശയ കാഴ്ചകള്‍ ഇതാ! അതിമനോഹരമായ പുതിയ ചിത്രം പുറത്തിറക്കി ജ്യോതിശാസ്ത്രജ്ഞര്‍; നക്ഷത്രങ്ങളുടെ ജനന-പരിണാമ-മരണങ്ങള്‍ പഠിക്കാന്‍ പുതുവഴികള്‍ തുറക്കുന്ന വര്‍ണചിത്രമെന്ന് വിലയിരുത്തല്‍

ക്ഷീരപഥത്തിന്റെ അതിമനോഹരമായ പുതിയ ചിത്രം

Update: 2025-10-30 17:01 GMT

പെര്‍ത്ത്: നമ്മുടെ ക്ഷീരപഥത്തിന്റെ അതിമനോഹരമായ പുതിയ ചിത്രം ജ്യോതി ശാസ്ത്രജ്ഞര്‍ പുറത്തിറക്കി. ആകാശഗംഗയുടെ ഇതുവരെ കാണാത്ത കാഴ്ചകളാണ് നമുക്ക് കാട്ടിത്തരുന്നത്.

18 മാസവും 40,000 മണിക്കൂറിലധികം സമയവും എടുത്താണ് ഈ ചിത്രം തയ്യാറാക്കിയത്. ഇതുവരെ കൂട്ടിച്ചേര്‍ത്തതില്‍വെച്ച് ഏറ്റവും വലിയ താഴ്ന്ന ആവൃത്തിയിലുള്ള (low-frequency) റേഡിയോ കളര്‍ ചിത്രം ആണിത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ മര്‍ച്ചീസണ്‍ വൈഡ്ഫീല്‍ഡ് അറേ (MWA) ടെലിസ്‌കോപ്പ് നടത്തിയ രണ്ട് വിപുലമായ സര്‍വേകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് റേഡിയോ അസ്ട്രോണമി റിസര്‍ച്ചിലെ (ICRAR) ഗവേഷകര്‍ ഈ വിസ്മയ ചിത്രം നിര്‍മ്മിച്ചത്.

റേഡിയോ തരംഗങ്ങളുടെ വിവിധ തരംഗദൈര്‍ഘ്യങ്ങളില്‍, ദക്ഷിണാര്‍ദ്ധഗോളത്തിലെ ആകാശ കാഴ്ചയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ദൃശ്യപ്രകാശത്തിന് കാണാന്‍ കഴിയാത്ത പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗം റേഡിയോ തരംഗങ്ങള്‍ വെളിപ്പെടുത്തുന്നു. നക്ഷത്രങ്ങളുടെ ജനനം, പരിണാമം, മരണം എന്നിവ പഠിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പുതിയ വഴികള്‍ ചിത്രം തുറക്കുന്നു. 2019-ല്‍ പുറത്തിറക്കിയ മുന്‍ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് രണ്ടിരട്ടി റെസല്യൂഷനും 10 ഇരട്ടി സെന്‍സിറ്റിവിറ്റിയും ഉണ്ട്, കൂടാതെ രണ്ടിരട്ടി അധിക പ്രദേശം ഉള്‍ക്കൊള്ളുന്നുമുണ്ട്.



ചിത്രത്തിലെ വലിയ ചുവപ്പ് വൃത്തങ്ങള്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച് അവശേഷിക്കുന്ന സൂപ്പര്‍നോവ അവശിഷ്ടങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുന്നു. ചെറിയ നീല പ്രദേശങ്ങള്‍ പുതിയ നക്ഷത്രങ്ങള്‍ സജീവമായി രൂപപ്പെടുന്ന നക്ഷത്ര നഴ്‌സറികളെയാണ് സൂചിപ്പിക്കുന്നത്.

ഈ വര്‍ണാഭമായ ചിത്രം, താഴ്ന്ന റേഡിയോ ഫ്രീക്വന്‍സികളില്‍ നമ്മുടെ ഗാലക്‌സിയെക്കുറിച്ചുള്ള സമാനതകളില്ലാത്ത ഒരു കാഴ്ച നല്‍കുന്നുവെന്ന് ICRAR-ലെ ഗവേഷക വിദ്യാര്‍ത്ഥിയായ സില്‍വിയ മാന്റോവാനിനി പറഞ്ഞു ഗാലക്‌സിയിലെ വിവിധ ഭാഗങ്ങളിലെ നക്ഷത്രങ്ങളുടെ രൂപീകരണം, മറ്റ് ബ്രഹ്‌മാണ്ഡ വസ്തുക്കളുമായുള്ള അവയുടെ ഇടപഴകല്‍, ഒടുവില്‍ അവയുടെ നാശം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ച ഇത് നല്‍കുന്നു.'

Tags:    

Similar News