'എന്നെ കൊല്ലൂ...എന്നെ കൊല്ലൂ' എന്ന് ആക്രോശിക്കുന്ന ഒരാൾ; കൈയ്യിൽ കടിച്ച് കറക്കി നിലത്തിട്ട് പോലീസ് നായ; 'ടേസർ ഗൺ' ഉപയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തൽ; ഇംഗ്ലണ്ടിനെ നടുക്കി ട്രെയിനില്‍ കത്തിക്കുത്ത്; നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം; ഹണ്ടിംഗ്‌ടൺ റെയിൽവേ സ്റ്റേഷൻ പരിസരം മുഴുവൻ ഭീതി; പിന്നിലെ ലക്ഷ്യം വ്യക്തമല്ല; പ്രദേശത്ത് അതീവ ജാഗ്രത
ഹണ്ടിംഗ്‌ടൺ: ഇംഗ്ലണ്ടിലെ ഹണ്ടിംഗ്‌ടൺ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരമുണ്ടായ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ബ്രിട്ടീഷ് പൗരരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നു. ഇതിനിടെ, സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇന്നലെ വൈകുന്നേരം 7.42ഓടെയാണ് ഹണ്ടിംഗ്‌ടൺ സ്റ്റേഷനിലെ ട്രെയിനിൽ കൂട്ടക്കൊല ശ്രമം നടന്നതായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിന് വിവരം ലഭിച്ചത്. എട്ട് മിനിറ്റിനകം പോലീസ് സംഘം സംഭവസ്ഥലത്തെത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ടാക്സി ഡ്രൈവർ പകർത്തിയ മൊബൈൽ ദൃശ്യങ്ങളിൽ, അക്രമികളിലൊരാൾ പോലീസിന്റെ ടേസർ ഗൺ പ്രയോഗത്തിലൂടെ കീഴടങ്ങുന്നതും, "എന്നെ കൊല്ലൂ, എന്നെ കൊല്ലൂ" എന്ന് ആക്രോശിക്കുന്നതും കാണാം. അഞ്ചോളം സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു പോലീസ് നായയും പ്രതിയെ കീഴടക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
32 വയസ്സുള്ള കറുത്ത വംശജനും 35 വയസ്സുള്ള കരീബിയൻ വംശജനുമായ രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ബ്രിട്ടീഷ് പൗരന്മാരാണെന്ന് പോലീസ് അറിയിച്ചു. ഇവരിലൊരാൾ മാത്രമാണ് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് സൂചനയുണ്ട്. ലണ്ടൻ സ്വദേശിയാണ് ഇതിലൊരാളെന്ന് കരുതുന്നു.
ഇതൊരു ഭീകരാക്രമണമായി കണക്കാക്കുന്നില്ലെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സംഭവസ്ഥലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സൂപ്രണ്ട് ജോൺ ലവ്ലെസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രി വിട്ടതായും, രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളുടെ വംശീയ പശ്ചാത്തലം പുറത്തുവിട്ടതിനെക്കുറിച്ച് ചില ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ, വിദേശത്തുനിന്നോ അഭയാർത്ഥികളോ ആണ് പ്രതികളെന്നുള്ള ഊഹാപോഹങ്ങൾ ഇല്ലാതാക്കാൻ നേരത്തെ തന്നെ വിവരങ്ങൾ പുറത്തുവിടുന്നത് പ്രധാനമാണെന്ന് കാംബ്രിഡ്ജ്‌ഷയർ മേയർ പോൾ ബ്രിസ്റ്റോ പ്രതികരിച്ചു.
ഹണ്ടിങ്ഡണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ആക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേംബ്രിഡ്ജ്‌ഷെയര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നിരവധിപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹണ്ടിങ്ടണ്‍ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും കിഴക്ക് ഭാഗത്ത് സര്‍വീസ് നടത്തുന്ന ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഹണ്ടിങ്ടണ്‍ വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹണ്ടിങ്ടണ്‍ വഴി യാത്ര ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കി.
