പിശാച് വിജയിക്കില്ല എന്ന് പറഞ്ഞ് കറുത്ത വര്‍ഗക്കാരനായ യുവാവ് ട്രെയിനില്‍ ഓടി നടന്ന് കുത്തി; അറസ്റ്റിലായ രണ്ടാമനെ വിട്ടയച്ചു; പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്; അനേകരെ രക്ഷിച്ച് ഇറാഖ് വീരന്‍; രക്ഷിക്കാന്‍ ഇറങ്ങി കുത്തേറ്റ് യുവാവ്; ബ്രിട്ടന്‍ ഞെട്ടുമ്പോള്‍
ലണ്ടന്‍: ബ്രിട്ടണില്‍ ഭീകരത പത്തിവിടര്‍ത്തിയാടിയ നിമിഷങ്ങളുടെ ദൃശ്യങ്ങളും കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ഡണ്‍കാസ്റ്ററില്‍ നിന്നും കിംഗ്‌സ് ക്രോസ്സിലേക്കുള്ള ട്രെയിനിനകത്ത് നടന്ന കത്തിക്കുത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേംബ്രിഡ്ജിലെ, ഹഡിംഗ്ടണ്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ രണ്ടില്‍ ആളുകള്‍ ഭയന്ന് നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.തൊട്ടുപുറകെ പൂര്‍ണ്ണമായും കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ കത്തിയുമായി വരുന്നതും ദൃശ്യത്തിലുണ്ട്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ 11 പേര്‍ക്കാണ് കുത്തേറ്റത്.
എല്‍ എന്‍ ഇ ആര്‍ ട്രെയിനിന്റെ ജെ കോച്ചിലായിരുന്നു സംഭവം നടന്നത്. ഇത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് കരുതുന്നില്ലെന്നാണ് പോലീസ് പറയുന്നത്.സംഭവവുമായി അറസ്റ്റ് ചെയ്ത രണ്ടുപേരില്‍ ഒരാളെ പിന്നീട് കൂടുതല്‍ നടപടികള്‍ ഒന്നും എടുക്കാതെ വെറുതെ വിട്ടിരുന്നു. ട്രെയിനിനകത്ത് യാത്രക്കാര്‍ക്ക് നേരെ ഊരിപ്പിടിച്ച കത്തിയുമായി എത്തിയ അക്രമി, 'ചെകുത്താന്‍ വിജയിക്കില്ല' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമം അഴിച്ചുവിട്ടതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു പ്രാദേശിക സ്ഥപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഭയചകിതരായി ഓടുന്ന യാത്രക്കാരില്‍ ഒരാള്‍ ട്രെയിനിനടിയിലേക്ക് വീഴുന്നത് കാണാം. ഏതാനും സെക്കന്റുകള്‍ക്ക് ശേഷം അക്രമി ശാന്തനായി നടന്നു വരുന്നതും പിന്നീട് അവിടെയുള്ള വേലി ചാടി കാര്‍ പാര്‍ക്ക് ലക്ഷ്യമാക്കി നടന്നു നീങ്ങുന്നതും അതിലുണ്ട്. അയാളുടെ കൈകളില്‍ വലിയൊരു കത്തിയുള്ളതും ദൃശ്യത്തില്‍ വ്യക്തമാണ്. അക്രമത്തില്‍ പരിക്കേറ്റ 11 പേരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. നാല് പേരെ അത്യാവശ്യ ചികിത്സ നല്‍കി പറഞ്ഞു വിട്ടിട്ടുമുണ്ട്.
ഇതിനെ ഒരു തീവ്രവാദി ആക്രമണമായാണ് പോലീസ് ആദ്യം പരിഗണിച്ചതെങ്കിലും, തീവ്രവാദവുമായി ഇതിനെ ബന്ധപ്പെട്ടാന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായിരുന്നെങ്കിലും അതില്‍ ഒരാള്‍ നിരപരാധിയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അയാളെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയച്ചു. ദൃക്സാക്ഷികളുടെ മൊഴികളിലും പറയുന്നത് ഒരാള്‍ മാത്രമാണ് അക്രമിച്ചത് എന്നാണ്. അന്വേഷണം തുടരുന്നതിനാല്‍, സംഭവം നടന്ന ക്ലാസ്സ് 800 അസുമ ട്രെയിന്‍ ഹണ്ടിംഗ്ടണ്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
വന്‍ ദുരന്തം ഒഴിവാക്കിയത് ട്രെയിന്‍ ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം
നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ട്രെയിന്‍ ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ഇടപെടലായിരുന്നു. റോയല്‍ നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആന്‍ഡ്രൂ ജോണ്‍സണ്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത വ്യക്തി കൂടിയാണ്. ലണ്ടനിലേക്ക് പോവുകയായിരുന്ന ട്രെയിനിനെ, അക്രമത്തിന്റെ വിവരം അറിഞ്ഞയുടന്‍ ഹഡിംഗ്ടണ്‍ സ്റ്റേഷനിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഇത് എമര്‍ജന്‍സി സര്‍വ്വീസുകാര്‍ക്ക് ഉടനടി പ്രവര്‍ത്തനം ആരംഭിക്കാന്‍ സഹായിച്ചു.
പതിനഞ്ച് മിനിറ്റോളം അക്രമം നീണ്ടുനിന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ട് ബ്രിട്ടീഷ് പൗരന്മാരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നത്. അതില്‍ ഒരാളെ നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡണ്‍കാസ്റ്ററില്‍ നിന്നും ലണ്ടനിലെ കിംഗ് ക്രോസ്സിലേക്കുള്ള ട്രെയിന്‍ ശനിയാഴ്ച രാത്രി ഏഴര മണിയോടെ പീറ്റര്‍ബറോ സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു അക്രമം ആരംഭിച്ചത്.
റെയില്‍ ജീവനക്കാരന് കുത്തേറ്റത് രക്ഷാ ശ്രമത്തിനിടെ
യാത്രക്കാരെ അക്രമിയില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കുത്തേറ്റ റെയില്‍ ജീവനക്കാരന്റെ നില അതീവ ഗുരുതരമാണ്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത് ഒരു വീര നായകനെ പോലെയായിരുന്നു ഇയാള്‍ അക്രമിയെ തടഞ്ഞത് എന്നാണ്. നിരവധി യാത്രക്കാരുടെ ജീവനാണ് ഇയാള്‍ രക്ഷിച്ചത്. ട്രെയിനിലെ ബുഫെ കാര്യേജില്‍ ജോലിചെയ്യുന്ന വ്യക്തിയാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ബുഫെ കാറിന് തൊട്ടടുത്തുള്ള കാര്യേജില്‍ നിന്നാണ് അക്രമം ആരംഭിച്ചത്. പിന്നീട് അത് ബുഫെ കാറിനുള്ളിലേക്ക് എത്തിയപ്പോഴാണ് ഈ ജീവനക്കാരന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചത്.
ആ ശ്രമത്തിനിടയിലാണ് ഇയാള്‍ക്ക് കുത്തേറ്റത്. ട്രെയിനിനകത്തെ കഫേ ബാറിലെ മറ്റൊരു ജീവനക്കാരനായിരുന്നു ട്രെയിന്‍ ഡ്രൈവറെ അക്രമത്തെ കുറിച്ച് അറിയിച്ചത്. ഇത് ട്രെയിന്‍ ഹണ്ടിംഗ്ടണ്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ ഡ്രൈവറെ സഹായിച്ചു. ഇതുവഴി കൂടുതല്‍ യാത്രക്കാര്‍ അക്രമത്തിന് ഇരയാകുന്നത് തടയുവാനും, പരിക്കേറ്റവരെ ഫലപ്രദമായി ശുശ്രൂഷിക്കാനും കഴിഞ്ഞു. അതുവഴി ദുരന്തത്തിന്റെ ആഴം കുറയ്ക്കുകയും ചെയ്തു.
അക്രമവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത് പീറ്റര്‍ബറോ സ്വദേശിയായ ഒരു 32 കാരനാണ് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് ഈയാളെ ചോദ്യം ചെയ്ത് വരികയാണ്.
