പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തെളിവായി; ഫിലിപ്പിന്‍സിന് പിന്നാലെ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കാന്‍ ഇന്തോനേഷ്യ; ചൈനയുടെ മേധാവിത്വം തകര്‍ത്ത് കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ; കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്
കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ വില്‍പന സംബന്ധിച്ച സുപ്രധാന പ്രതിരോധ കരാര്‍ അന്തിമ ഘട്ടത്തിലേക്ക്. റഷ്യയുടെ അംഗീകാരം ലഭിക്കുന്നതോടെ കരാര്‍ ഒപ്പുവെക്കാനാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചകളും ചര്‍ച്ചകളും പൂര്‍ത്തിയായതായാണ് വിവരം. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗത്ത് ഒരു നാഴികക്കല്ലായി ഇത് മാറും. ചൈനയുടെ മേധാവിത്വം തകര്‍ത്ത് കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ഇന്ത്യ ചുവടുറപ്പിക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ കരാറിനെ നോക്കിക്കാണുന്നത്.
ഫിലിപ്പിന്‍സിന് പിന്നാലെ ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങുന്ന അടുത്ത രാജ്യമായി ഇന്തോനേഷ്യയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ഇന്തോനേഷ്യയും ബ്രഹ്‌മോസ് മിസൈല്‍ കരാറില്‍ ഒപ്പ് വെക്കാനൊരുങ്ങുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ ഇടപാട് സംബന്ധിച്ച് ഇന്ത്യയും ഇന്തോനേഷ്യയും തമ്മില്‍ കുറേനാളായി തുടരുന്ന ചര്‍ച്ചകള്‍ കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനത്തോടെ വേഗത്തിലായിരുന്നു.
സമീപകാലത്തായി ഇന്ത്യ- ഇന്തോനേഷ്യ പ്രതിരോധ സഹകരണം ശക്തമായിരുന്നു. ഫിലിപ്പിന്‍സ് ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങിയതിന് പിന്നാലെ താത്പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും രംഗത്ത് വന്നിരുന്നു. ചെറിയ നാവികസേന മാത്രമുള്ള ഇന്തോനേഷ്യയ്ക്ക് തീരസുരക്ഷ ഉറപ്പുവരുത്താന്‍ ബ്രഹ്‌മോസ് പോലെ ശക്തമായ ആയുധം വേണം. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും സൈനികതാവളങ്ങളും തരിപ്പിണമാക്കിയ ബ്രഹ്‌മോസിന്റെ കൃത്യത ഇന്തോനേഷ്യയെ ആകര്‍ഷിച്ചിരുന്നു. ഇതാണ് മിസൈല്‍ കരാര്‍ വേഗത്തിലാക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം.
ഇന്ത്യയും ഇന്തോനേഷ്യയ്ക്കും സമാനമായ ഇന്തൊ-പസഫിക് നയമാണുള്ളത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ പരസ്പരം സഹകരിക്കുന്നുമുണ്ട്. അടുത്തിടെ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറര്‍ അനില്‍ ചൗഹന്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയുമായുള്ള പ്രതിരോധ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ചൈനയ്ക്ക് മേധാവിത്വമുണ്ടായിരുന്ന കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ഇന്ത്യയും ചുവടുറപ്പിക്കുകയാണ്.
അത്യാധുനിക സൈനിക സാങ്കേതികവിദ്യ തന്ത്രപ്രധാന പങ്കാളികള്‍ക്ക് നല്‍കാനുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന കഴിവ് അടിവരയിടുന്നതാണ് ഇന്തോനേഷ്യയുമായുള്ള പ്രതിരോധ കരാര്‍. 2023 ഏപ്രിലില്‍ ഫിലിപ്പീന്‍സുമായി 375 മില്യണ്‍ ഡോളറിന്റെ ബ്രഹ്‌മോസ് കരാര്‍ ഒപ്പുവെച്ചത് ഇതിനുമുമ്പുള്ള ഒരു സുപ്രധാന സംഭവമായിരുന്നു. ഫിലിപ്പീന്‍സ് മൂന്ന് മിസൈല്‍ ബാറ്ററികള്‍ ഈ കരാറിലൂടെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. 290 കിലോമീറ്റര്‍ ദൂരപരിധിയും മണിക്കൂറില്‍ 2.8 മാക് വേഗതയുമുള്ള ബ്രഹ്‌മോസ് സംവിധാനം ഫിലിപ്പീന്‍സിന്റെ തീരദേശ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയ്ക്ക് പുറമെ മറ്റൊരു രാജ്യവും ഉടനെ ബ്രഹ്‌മോസ് വാങ്ങിയേക്കുമെന്നാണ് വിവരം. ഏത് രാജ്യമാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിയറ്റ്നാമാണ് ആ രാജ്യമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാനുള്ള കരാര്‍ 2023ലാണ് ഫിലിപ്പിന്‍സ് ഒപ്പിട്ടത്. 37.5 കോടി ഡോളറിന്റെ ( ഏകദേശം 3323 കോടിരൂപ)യുടേതായിരുന്നു ഇടപാട്. കരാര്‍ പ്രകാരമുള്ള മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യ പൂര്‍ണമായും ഫിലിപ്പിന്‍സിന് കൈമാറിക്കഴിഞ്ഞു. 290 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള മിസൈലുകളാണ് ഇന്ത്യ കൈമാറിയത്.
മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം( എംടിസിആര്‍) അംഗമല്ലാ രാജ്യമായതിനാലാണ് 290 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ കൈമാറിയത്. നിലവില്‍ ഇന്ത്യയുടെ പക്കല്‍ 450 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ബ്രഹ്‌മോസ് മിസൈലുകളുണ്ട്. 800 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ സാധിക്കുന്ന ബ്രഹ്‌മോസിന്റെ പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഉടനെ സേനയുടെ ഭാഗമാകും.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) റഷ്യയുടെ എന്‍പിഒ മാഷിനോസ്‌ട്രോയെനിയയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളില്‍ ഒന്നാണ്. കൃത്യത, വിവിധോദ്ദേശ്യ ശേഷി, കര, നാവിക, വ്യോമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാനുള്ള കഴിവ് എന്നിവ കാരണം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ സംവിധാനത്തിന് വലിയ താല്പര്യമുണ്ട്. ഈ കരാര്‍ ദക്ഷിണേഷ്യയുടെ പ്രതിരോധ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
