സര്‍ക്കാരിന്റെ ദൈര്‍ഘ്യമേറിയ അടച്ചിടല്‍ ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി; ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആര്‍ക്കും ഗുണകരമല്ലെന്നും രാജ്യത്തിന് നല്ലതല്ലെന്നും സെനറ്റര്‍മാരുമായുള്ള പ്രഭാത വിരുന്നില്‍ വിലയിരുത്തി ട്രംപ്; സൊഹ്‌റാന്‍ മംദാനിയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി

സര്‍ക്കാരിന്റെ ദൈര്‍ഘ്യമേറിയ അടച്ചിടല്‍ ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി

Update: 2025-11-05 17:40 GMT

വാഷിംഗ്ടണ്‍ ഡി.സി: തന്റെ ജന്മനാടായ ന്യൂയോര്‍ക്ക് നഗരത്തിലടക്കം ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി കിട്ടാന്‍ സര്‍ക്കാരിന്റെ അടച്ചിടല്‍ വലിയ കാരണമായെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സമ്മതിച്ചു. തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതകളെ കൂടുതല്‍ ദോഷകരമായി ബാധിച്ചിരിക്കാം എന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

ബുധനാഴ്ച രാവിലെ വൈറ്റ് ഹൗസില്‍ പ്രഭാതഭക്ഷണത്തിനായി ഒത്തുചേര്‍ന്നപ്പോഴാണ് ട്രംപ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുമായി തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയത്. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആര്‍ക്കും ഗുണകരമായിരുന്നില്ലെന്നും, ഇത് രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ചോ പ്രത്യേകമായി അദ്ദേഹം പരാമര്‍ശിച്ചില്ല. എന്നാല്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ സോഹ്രാന്‍ മാംദാനി വിജയിച്ചതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

'ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങളെക്കുറിച്ചും നമ്മള്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ പോയ ശേഷം വിശദമായി ചര്‍ച്ച ചെയ്യാം,' ട്രംപ് പറഞ്ഞു. 'സര്‍ക്കാര്‍ അടച്ചിടലും തിരഞ്ഞെടുപ്പ് ഫലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കും.'

അഭിപ്രായ സര്‍വേകള്‍ വായിച്ചാല്‍ അറിയാം, സര്‍ക്കാര്‍ അടച്ചിടല്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് വലിയ ദോഷം ചെയ്ത ഒരു ഘടകമായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരോധാഭാസമെന്നു പറയട്ടെ, കഴിഞ്ഞ വര്‍ഷം ട്രംപ് വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ഈ പ്രഭാതഭക്ഷണ വിരുന്ന് നടന്നത്. ഇത്തവണത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഡെമോക്രാറ്റുകള്‍ ഗവര്‍ണ്ണര്‍, മേയര്‍ തെരഞ്ഞെടുപ്പുകളിലും മറ്റ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റം നടത്തിയതിന് പിന്നാലെ നടന്ന പ്രഭാത വിരുന്ന് പൊതുവേ ശാന്തമായിരുന്നു. ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡെമോക്രാറ്റുകള്‍ നിലപാട് കടുപ്പിച്ചതാണ് അടച്ചിടലിന് കാരണമായതെന്ന് ട്രംപിന്റെ ഭരണകൂടവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ആരോപിക്കുന്നു.

സൊഹ്‌റാന്‍ മംദാനിയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വിജയപ്രസംഗത്തിലെ വെല്ലുവിളിക്ക് അതിശക്തമായ മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം കുറിച്ച വാക്കുകളാണ് വരും നാളുകളില്‍ ഇരുവരും തമ്മില്‍ നടക്കാന്‍ പോകുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നത്. 34-കാരനായ മംദാനി, തന്റെ വിജയപ്രസംഗത്തില്‍ പ്രസിഡന്റിനോട് 'ശബ്ദം കൂട്ടി വെച്ചോളൂ, ഞാന്‍ പറയുന്നത് വ്യക്തമായി കേട്ടോളൂ' എന്ന് നേരിട്ട് വെല്ലുവിളിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 'എന്നാല്‍ നമുക്ക് തുടങ്ങാം!' എന്ന് ഔദ്യോഗിക ഹാന്‍ഡിലില്‍ കുറിച്ചാണ് ട്രംപ് മറുപടി നല്‍കിയത്.

ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും സ്വേച്ഛാധിപത്യ പ്രവണതകളെയും നേരിടുന്നതില്‍ തന്റെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന മംദാനിയുടെ പ്രതിജ്ഞയ്ക്ക് മറുപടിയായി, മേയറുടെ കീഴില്‍ നഗരത്തിനുള്ള ഫെഡറല്‍ ഫണ്ടിംഗ് കുറച്ചേക്കുമെന്ന് ട്രംപ് ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പത് മാസം മുന്‍പ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച മുന്നേറ്റം, അടുത്ത വര്‍ഷത്തെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കുള്ള പുതിയ ഊര്‍ജ്ജമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

'ഡൊണാള്‍ഡ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്തിന് അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കാണിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, അത് അദ്ദേഹത്തിന് ജന്മം നല്‍കിയ ഈ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍, അത് അയാള്‍ക്ക് അധികാരം നേടാന്‍ അവസരമൊരുക്കിയ സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ഇങ്ങനെയാണ് നമ്മള്‍ ട്രംപിനെ തടയുന്നത്. മാത്രമല്ല, അദ്ദേഹത്തിനെ പിന്തുടര്‍ന്ന് എത്തുന്ന അടുത്ത ആളേയും നമ്മള്‍ ഇങ്ങനെ തന്നെ തടയും,' മംദാനി തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. മേയറും പ്രസിഡന്റും തമ്മിലുള്ള ഈ വാക്‌പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.

Tags:    

Similar News