വാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ തുടങ്ങിയ 'ഓണ്‍ലൈന്‍' പ്രണയം; കാമുകിയെ ആദ്യമായി കാണാനുള്ള മോഹവുമായി പുത്തന്‍ സ്‌കൂട്ടറില്‍ പാഞ്ഞെത്തിയ 24കാരന്‍; നേരിട്ട് കണ്ടപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ള യുവതി; മൂക്കുമുട്ടെ ബിരിയാണിയും ജ്യൂസും തട്ടി; കൈപ്പട്ടൂര്‍ സ്വദേശി കൈ കഴുകാന്‍ പോയപ്പോള്‍ സ്‌കൂട്ടറും ഫോണുമായി കാമുകി മുങ്ങി; പരാതിയില്‍ അന്വേഷണം

Update: 2025-11-11 11:07 GMT

കൊച്ചി: ഒരു മാസക്കാലത്തെ ഓണ്‍ലൈന്‍ പ്രണയത്തിന് ഒടുവില്‍ ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് തന്റെ പുത്തന്‍ സ്‌കൂട്ടറും ഫോണും നഷ്ടമായി. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിന് യുവാവിന്റെ സ്‌കൂട്ടറുമായി കാമുകി കടന്നുകളയുകയായിരുന്നു. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത്. പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കാമുകിയെ ആദ്യമായി കാണാനെത്തിയ 24കാരനായ കൈപ്പട്ടൂര്‍ സ്വദേശിക്കാണ് മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്‌കൂട്ടറും ഫോണും നഷ്ടമായത്. ഇരുവരും നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല.

വാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ നിന്നാണ് ബന്ധത്തിന്റെ തുടക്കം. പിന്നീട് നടന്ന ചാറ്റിംഗിലൂടെ പ്രണയത്തിലായി.

ഒടുവില്‍ നേരില്‍ കാണാന്‍ ഇരുവരും തീരുമാനിച്ചു. കൊച്ചിയിലെ മാളില്‍ വെച്ച് കാണാമെന്ന് തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച ഇരുവരും മാളിലെത്തി. കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്‌കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങി. യുവാവാണ് ബില്‍ തുക നല്‍കിയത്. യുവാവ് കൈകഴുകാന്‍ പോയ സമയം സ്‌കൂട്ടറിന്റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്‌കൂട്ടറുമായി സ്ഥലം വിടുകയായിരുന്നു.

കൈകഴുതി തിരിച്ചെത്തി കാമുകിയെ തിരഞ്ഞെങ്കിലും കണ്ടില്ല. സ്‌കൂട്ടറിന്റെ താക്കോലും കാണാതായതോടെ സംശയമായി. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് നോക്കിയപ്പോള്‍ സ്‌കൂട്ടറും അപ്രത്യക്ഷമായിരുന്നു. ഒടുവില്‍ ബസിലാണ് യുവാവ് വീട്ടിലെത്തിയത്. സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. യുവാവിന്റെ പരാതിയില്‍ കളമശേരി പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍ യുവതി സ്‌കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

നേരിട്ടു കാണാന്‍ കൊച്ചിയിലെ മാളിലേയ്ക്ക് യുവതി യുവാവിനെ ക്ഷണിച്ചുവരുത്തുകയായിരുന്നു. മാളിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച സ്‌കൂട്ടര്‍ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന് യുവതി നിര്‍ബന്ധിച്ചെന്ന് യുവാവ് പറയുന്നു. സ്‌കൂട്ടര്‍ താന്‍ പറയുന്നിടത്ത് വയ്ക്കണമെന്ന യുവതിയുടെ ആവശ്യം യുവാവ് അനുസരിക്കുകയായിരുന്നു. യുവാവ് മാളിലെത്തി യുവതിയെ നേരിട്ട് കണ്ടപ്പോള്‍ തന്നെക്കാളും പ്രായമുള്ള സ്ത്രീയാണെന്ന് മനസിലായി. എന്നാല്‍ ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിക്കുകയായിരുന്നു. പിന്നാലെ ബിരിയാണിയും ജ്യൂസും വേണമെന്ന് പറഞ്ഞു. യുവാവ് അത് വാങ്ങി കൊടുത്തു. പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്.

Tags:    

Similar News