സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ 20 കാര്‍ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം; ഫരീദാബാദിലെ ഓപ്പറേഷന് ശേഷം വിവരം കൈമാറുന്നതില്‍ വന്ന വീഴ്ച സ്‌ഫോടനമായി; ഇനി കൂടുതല്‍ ഏകോപനം വരും; ഇന്റലിജന്‍സില്‍ പഴതുടയ്ക്കാന്‍ തീരുമാനം

Update: 2025-11-12 01:33 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ പുനരവലോകനം ചെയ്യും. ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കും. വൈറ്റ് കോളര്‍ ഭീകരതയ്‌ക്കെതിരെ ജമ്മു കാശ്മീര്‍ പോലീസാണ് നടപടികള്‍ എടുത്തത്. ഇതിനിടെയാണ് ഒരാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇത് വേണ്ട വിധം ഗൗരവത്തില്‍ എടുത്തില്ല. ഇതാണ് ഡല്‍ഹിയില്‍ സുരക്ഷാ വീഴ്ചയുണ്ടാക്കിയത് എന്നാണ് നിഗമനം. സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടായ് ഐ 20 കാര്‍ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളമാണ്. സ്‌ഫോടനം നടന്ന തിങ്കളാഴ്ച രാവിലെ 8.13ന് ഫരീദാബാദ് ഭാഗത്തുനിന്ന് ബദല്‍പുര്‍ ടോള്‍ മാര്‍ഗം കാര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. അതായത് ഈ കാറിനെ തടയാനും കണ്ടെത്താനുമെല്ലാം മതിയായ സമയമുണ്ടായിരുന്നു. ഡല്‍ഹി പോലീസിന് വിവരം കിട്ടാത്തതു കൊണ്ട് പരിശോധന ശക്തമാക്കിയില്ല. ഇത് വലിയ വീഴ്ചയായി. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്നാണു ഡല്‍ഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍നിന്നുള്ള ഡോ. ഉമര്‍ നബി ചാവേറായി സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

സ്‌കൂള്‍ സമയമായതിനാല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കൂടുതല്‍ പരിശോധന ഉണ്ടാകില്ലെന്ന അറിവായിരിക്കാം ഈ സമയവും വഴിയും തെരഞ്ഞെടുത്തതെന്നാണു പോലീസിന്റെ അനുമാനം. തുടര്‍ന്ന് 8.20 ഓടെ ഓഖ്ല ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പെട്രോള്‍ പന്പിലെ സിസിടിവി ദൃശ്യങ്ങളിലും കാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ കുറച്ചുനേരം നിര്‍ത്തിയശേഷം വൈകുന്നേരം വരെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലൂടെ കറങ്ങി 3.19ന് ചെങ്കോട്ടയുടെ പാര്‍ക്കിംഗ് പ്രദേശത്ത് എത്തുകയായിരുന്നു. ദരിയാഗഞ്ച്, കാഷ്മീരി ഗേറ്റ്, സുനേരി മസ്ജിദിനു സമീപം സെന്‍ട്രല്‍ ഓള്‍ഡ് ഡല്‍ഹി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണു കാര്‍ ചെങ്കോട്ടയിലെത്തുന്നത്. മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് പ്രദേശത്തുണ്ടായിരുന്ന കാര്‍ ആറരയോടെ അവിടെനിന്നു പുറത്തിറങ്ങി. പിന്നീട് വളരെ പതുക്കെ നീങ്ങി നേതാജി സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്നലില്‍ എത്തുന്നതിന് തൊട്ടുമുന്പ് 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.

1000ത്തിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു കാറിന്റെ സഞ്ചാരം പോലീസ് കണ്ടെത്തിയത്. പ്രദേശത്തെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതിന് ഫോണ്‍ ഡംപിംഗ് നടപടിയും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. ചെങ്കോട്ടയിലെ സ്ഫോടനം അബദ്ധത്തിലുണ്ടായതാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ബോംബ് നിര്‍മാണം അപൂര്‍ണമായിരുന്നു എന്നതാണ് വാദത്തിനു ശക്തി പകരുന്നത്. ഫരീദാബാദില്‍നിന്നു സ്ഫോടകവസ്തുക്കള്‍ പിടികൂടിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഉമര്‍ നബി പരിഭ്രാന്തിയിലായിരുന്നു. ചാവേര്‍ ആക്രമണത്തിന്റെ രീതിയല്ല ഇയാള്‍ പിന്തുടര്‍ന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്തു ഗര്‍ത്തം രൂപപ്പെട്ടില്ല. ഇരുമ്പുചീളുകളോ പ്രൊജക്ടറുകളോ ഉണ്ടായിരുന്നില്ല എന്നതിനാല്‍ സ്ഫോടകവസ്തുവിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിവരുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.

നിരനിരയായി വാഹനങ്ങള്‍ നീങ്ങുന്നതിനിടെയാണ് ഐ 20 വാഹനത്തിലെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. വാഹനം ഒരിടത്തും ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ഈ നിഗമനങ്ങള്‍ ശരിയായാല്‍ ചാവേര്‍ ആക്രമണം എന്നതില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ അബദ്ധത്തിലുണ്ടായ പൊട്ടിത്തെറി എന്ന നിലയിലേക്ക് കേസ് മാറും കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഉമര്‍ തന്നെയാണോയെന്നു സ്ഥിരീകരിക്കാന്‍ പുല്‍വാമയിലുള്ള അദ്ദേഹത്തിന്റെ അമ്മയുടെ ഡിഎന്‍എ സാന്പിള്‍ പരിശോധിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ മാത്രമേ കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഉമര്‍തന്നെയാണെന്നു സ്ഥിരീകരിക്കാന്‍ സാധിക്കൂ. കാറിനുള്ളില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മുസമ്മില്‍ അഹമ്മദിന്റെ വാടകവീട്ടില്‍നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. മുസമ്മലിന്റെ കൂട്ടാളിയായ ഉമര്‍ പിടിക്കപ്പെടുമെന്നായതോടെയും ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാതെ വന്നതോടെയും ചാവേര്‍ ആകുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകള്‍ എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം സര്‍ക്കാര്‍ ഏജന്‍സികളോ അന്വേഷണസംഘങ്ങളോ നല്‍കിയിട്ടില്ല.

Tags:    

Similar News