സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന് ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍; ഡോ അദീലിന്റെ വെളിപ്പെടുത്തലുകള്‍ പാന്‍ ഇന്ത്യന്‍ 'വൈറ്റ് കോളര്‍' തീവ്രവാദം തെളിയിച്ചു; ചെങ്കോട്ടയിലെ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ്; തിരിച്ചടിയും ഇന്ത്യന്‍ ആലോചനയില്‍

Update: 2025-11-12 01:44 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് തന്നെ. ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെയും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിലൂടെയും കൊല്ലപ്പെട്ട ചാവേര്‍ ഡോ. ഉമര്‍ നബി അടക്കമുള്ളവര്‍ക്ക് പാക് ഭീകരഗ്രൂപ്പുകളുമായുള്ള ബന്ധം തെളിയുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ തെളിവുകള്‍ കിട്ടിയാല്‍ വീണ്ടും ശക്തമായ നടപടികള്‍ എടുക്കും. തീവ്രവാദ ക്യാമ്പുകളിലേക്ക് ഇന്ത്യ തിരിച്ചടിയും നല്‍കും. ദേശീയ അന്വേഷണ ഏജന്‍സി, രഹസ്യാന്വേഷണ വിഭാഗം, ഡല്‍ഹി പോലീസ് തുടങ്ങിയവരെല്ലാം യോജിച്ചു നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലുമാണ് ഭീകരാക്രമണത്തിന്റെ പിന്നിലെ കരങ്ങള്‍ തെളിയുന്നത്. ശ്രീനഗറില്‍ പ്രത്യക്ഷപ്പെട്ട ജയഷ് ഇ മുഹമ്മദ് പോസ്റ്ററുകളും ഡല്‍ഹിയിലെ ആക്രമണവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചെങ്കോട്ട ആക്രമണം. കഴിഞ്ഞയാഴ്ച ഉന്നതതല ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇതു സംബന്ധിച്ചു ഉണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയും തമ്മിലുള്ള രഹസ്യസഖ്യത്തിനായി പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ ഇരുന്നും കാര്യങ്ങള്‍ ഭീകരര്‍ നിയന്ത്രിച്ചു. പാക് ഭീകരസംഘടനയായ ജയ്ഷ് മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ ഒക്ടോബര്‍ 27ന് ശ്രീനഗറില്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ നടത്തിയ അന്വേഷണമാണ് ഫരീദാബാദിലെ റെയ്ഡിലേക്കും ഡോക്ടര്‍മാരുടെ അറസ്റ്റിലേക്കും നയിച്ചത്. അറസ്റ്റിലായ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ പോസ്റ്റര്‍ പതിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണു വഴിത്തിരിവായത്. അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന ഇയാളെ ചോദ്യം ചെയ്യലില്‍നിന്നു കിട്ടിയ വിവരങ്ങളാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിലും ഡോക്ടര്‍മാരുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.

സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമുള്‍പ്പെടെ ഫരീദാബാദില്‍ ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള ഭീകരരെ പിടികൂടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സ്‌ഫോടനം. ശ്രീനഗറിലെ ബന്‍പോര നൗഗം പ്രദേശത്ത് ജയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകള്‍ ഒക്ടോബര്‍ 19ന് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്മു കാഷ്മീര്‍ പോലീസ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു ഉറുദുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അദീല്‍ അഹമ്മദ് റാത്തര്‍ എന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സഹറാന്‍പുരില്‍ പിടിയിലായ അദീലിന്റെ വെളിപ്പെടുത്തലുകള്‍ ജമ്മു കാഷ്മീര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാന്‍ ഇന്ത്യന്‍ 'വൈറ്റ് കോളര്‍' തീവ്രവാദത്തിലേക്ക് അന്വേഷണം എത്തി.

ഇന്ത്യയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഡോ. അദീല്‍ അഹമ്മദ് റാത്തറുടെ അറസ്റ്റാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ ഫരീദാബാദില്‍ 2900 കിലോ സ്‌ഫോടകവസ്തുക്കളടക്കം പിടികൂടുന്നതിലേക്കു നയിച്ചത്.

Tags:    

Similar News