ജെഫ്രി എപ്സ്റ്റീന്റെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു; യുഎസ് പ്രസിഡന്റിനെ വേട്ടയാടാന്‍ രഹസ്യ ഇ മെയിലുകള്‍ പുറത്തുവിട്ട് ഡെമോക്രാറ്റുകള്‍; ട്രംപിനൊപ്പം മണിക്കൂറൂകളോളം ചെലവഴിച്ച എപ്സ്റ്റീന്‍ ഇരകളില്‍ പെട്ട സ്ത്രീ വിര്‍ജീനിയ ഗിഫ്രെ എന്ന് സ്ഥിരീകരണം; അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയപ്രേരിത വേട്ടയെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്

ജെഫ്രി എപ്സ്റ്റീന്റെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു

Update: 2025-11-12 17:21 GMT

വാഷിംഗ്ടണ്‍ ഡി.സി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്കു കാഴ്ചവച്ചെന്ന കേസുകളിലെ പ്രതി ജെഫ്രി എപ്‌സ്റ്റീനുമായുള്ള പൂര്‍വകാല ബന്ധത്തിന്റെ പേരിലുള്ള ആരോപണം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വേട്ടയാടുന്നത് തുടരുന്നു. എപ്സ്റ്റീന്‍ കേസിലെ ഇരകളില്‍ ഡൊണാള്‍ഡ് ട്രംപിനൊപ്പം 'മണിക്കൂറുകള്‍ ചെലവഴിച്ചു' എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി വിര്‍ജീനിയ ഗിഫ്രെ (Virginia Giuffre) ആണെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട ഇമെയിലുകളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ബുധനാഴ്ച ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട ഇമെയിലുകള്‍ അനുസരിച്ച്, എട്ട് വര്‍ഷത്തോളം ഗിസ്ലൈന്‍ മാക്സ്വെല്ലുമായും എഴുത്തുകാരനായ മൈക്കിള്‍ വൂള്‍ഫുമായും നടത്തിയ കത്തിടപാടുകളില്‍ എപ്സ്റ്റീന്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

2011-ല്‍ എപ്സ്റ്റീന്‍ മാക്സ്വെല്ലിന് അയച്ച ഒരു ഇമെയിലില്‍, 'വിര്‍ജീനിയ ട്രംപിനൊപ്പം എന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു' എന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഡെമോക്രാറ്റുകള്‍ ഈ ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

'രാഷ്ട്രീയപ്രേരിത വേട്ടയെന്ന് വൈറ്റ് ഹൗസ്

ഇമെയില്‍ ചോര്‍ച്ചയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ശക്തമായി വിമര്‍ശിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമായ 'ചെളിവാരിയെറിയല്‍' (smear) ആണെന്ന് അവര്‍ വിശേഷിപ്പിച്ചു. ട്രംപിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് വിര്‍ജീനിയ ഗിഫ്രെ മുന്‍പ് നടത്തിയ പ്രസ്താവനകള്‍ ലീവിറ്റ് ആവര്‍ത്തിച്ചു:

'പ്രസിഡന്റ് ട്രംപിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജമായ വിവരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഡെമോക്രാറ്റുകള്‍ ഇമെയിലുകള്‍ തിരഞ്ഞുപിടിച്ച് ലിബറല്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. ഈ ഇമെയിലുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന 'പേര് വെളിപ്പെടുത്താത്ത ഇര' അന്തരിച്ച വിര്‍ജീനിയ ഗിഫ്രെയാണ്. ട്രംപ് ഒരു തെറ്റിലും പങ്കാളിയായിട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

ഗിഫ്രെയുടെ പശ്ചാത്തലം

ഈ വര്‍ഷം ആദ്യം ആത്മഹത്യ ചെയ്ത ഗിഫ്രെയെ, 2000-ല്‍ മാക്സ്വെല്‍ ആണ് എപ്സ്റ്റീന്റെ വലയിലാക്കിയത്. അന്ന് 16 വയസ്സുണ്ടായിരുന്ന ഗിഫ്രെ, ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍-എ-ലാഗോ ക്ലബ്ബിലെ സ്പാ അറ്റന്‍ഡന്റായി ജോലി ചെയ്യുകയായിരുന്നു.





'ജീവനക്കാരികളോട് മോശമായി പെരുമാറിയതിനെ' തുടര്‍ന്ന് 2007 ഒക്ടോബറില്‍ ട്രംപ് എപ്സ്റ്റീനെ തന്റെ ക്ലബ്ബില്‍ നിന്ന് പുറത്താക്കിയതായും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു. പുതിയ ഇമെയിലുകള്‍ 'തട്ടിപ്പും ശ്രദ്ധ തിരിക്കാനുള്ള ശ്രമവുമാണ്' എന്നും അവര്‍ പറഞ്ഞു.

ജെഫ്രി എപ്സ്റ്റീന്റെ എസ്റ്റേറ്റിന് ഡെമോക്രാറ്റുകള്‍ നല്‍കിയ സബ്പോണയെത്തുടര്‍ന്ന് പുറത്തുവന്ന ഇമെയിലുകളില്‍, ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും അദ്ദേഹത്തെ ഉപയോഗിച്ച് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നേടുന്നതിനെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടുന്നു.

എപ്സ്റ്റീന്റെ ഇ മെയിലില്‍ പറയുന്നത്

2011 ഏപ്രില്‍ 2-ന് എപ്സ്റ്റീന്‍ ഗിസ്ലൈന്‍ മാക്സ്വെല്ലിന് അയച്ച ഇമെയില്‍ ശ്രദ്ധേയമാണ്:

'കുരയ്ക്കാത്ത ആ നായ ട്രംപ് ആണെന്ന് നീ മനസ്സിലാക്കണം. വിര്‍ജീനിയ എന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചു, ട്രംപിനെ കുറിച്ച് ഒരിക്കല്‍ പോലും പരാമര്‍ശിച്ചിട്ടില്ല, പോലീസ് മേധാവി, തുടങ്ങിയവര്‍...

ഇതിന് മറുപടിയായി മാക്സ്വെല്‍ 'ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കുകയിരുന്നു...' എന്ന് കുറിച്ചു. ഈ സംഭാഷണത്തിന്റെ കൃത്യമായ പശ്ചാത്തലം വ്യക്തമല്ല. ഇതിന് ഏകദേശം മൂന്ന് വര്‍ഷം മുന്‍പ്, പ്രായപൂര്‍ത്തിയാകാത്തയാളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് എപ്സ്റ്റീന്‍ ഫ്‌ലോറിഡയില്‍ ജയിലിലായിരുന്നു.

മാര്‍-എ-ലാഗോ ക്ലബ്ബില്‍ നിന്ന് പുറത്താക്കല്‍

ട്രംപിന്റെ മാന്‍-എ-ലാഗോ ക്ലബ്ബില്‍ നിന്ന് തന്നെ പുറത്താക്കിയതിനെക്കുറിച്ച് 2019 ജനുവരിയില്‍ എഴുത്തുകാരനായ മൈക്കിള്‍ വൂള്‍ഫുമായി നടത്തിയ ഇമെയില്‍ സംഭാഷണത്തില്‍ എപ്സ്റ്റീന്‍ പരാമര്‍ശിക്കുന്നുണ്ട്:

'രാജി വെക്കാന്‍ എന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രംപ് പറഞ്ഞത്. ഞാന്‍ ഒരിക്കലും അംഗമായിരുന്നില്ല. തീര്‍ച്ചയായും, പെണ്‍കുട്ടികളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു'.

ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട ഇമെയിലുകള്‍, ഗിഫ്രെയും ട്രംപും തമ്മില്‍ ബന്ധമുണ്ടായിരുന്ന കാലഘട്ടത്തിലെ വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. ഗിഫ്രെയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ട്രംപിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും, ട്രംപ് അവരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും അതിലില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡെമോക്രാറ്റുകളുടെ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും,  തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നത് കേവലം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.

Tags:    

Similar News