അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് അപകടമുണ്ടാകുന്നത് നാലാം തവണ; ഇത്തവണ പിക്ക് വാനുമായി വന്ന ഡ്രൈവര്‍ ആ ഗര്‍ഡറുകള്‍ക്കിടയില്‍ ഞെരിഞ്ഞ് അമര്‍ന്നു; ദേശീയ പാതയിലെ ദുരന്തത്തില്‍ രക്തസാക്ഷിയാകുന്നത് പത്തനംതിട്ടക്കാരന്‍ രാജേഷ്; പുലര്‍ച്ചെ രണ്ടു മണിക്ക് അപകടം; ഇത് വരുത്തി വച്ച ദുരന്തം

Update: 2025-11-13 00:29 GMT

ആലപ്പുഴ: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീഴുകയായിരുന്നു. സംഭവത്തില്‍ പിക്കപ് വാനിന്റെ ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്തതാണ് അപകടമുണ്ടാക്കിയത്. നാലു മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം പുറത്തെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

രണ്ട് ഗര്‍ഡറുകളാണ് വീണത്. പിക്കപ് വാന്‍ ഗര്‍ഡറിന് അടിയിലായി. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാന്‍ ആയിരുന്നു. രണ്ട് ഗര്‍ഡറുകളാണ് വീണത്. ഒന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്.ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടായി. ആലപ്പുഴയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വാഹനം വിടുന്നില്ല. ചിന്തിരൂരിലെ അപകടം അനാസ്ഥയുടേതാണ്.

മാസങ്ങള്‍ക്ക് മുമ്പും സമാന അപകടം ഉണ്ടായിരുന്നു. ഉയരത്തില്‍ ഘടിപ്പിക്കാനുള്ള ഗര്‍ഡറുമായി എത്തിയ ട്രെയിലര്‍ ലോറി കുഴിയില്‍ വീണു മറിയുകയായിരുന്നു ഗര്‍ഡര്‍ അന്ന് രണ്ടായി ഒടിഞ്ഞു. ബീച്ചിനു സമീപം മാളികമുക്കിലായിരുന്നു ആ അപകടം. ലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ ചില്ലു തകര്‍ത്താണു പുറത്തിറങ്ങിയത്. ഗര്‍ഡര്‍ വീണതിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ കുലുങ്ങി.

ഇതിന് മുമ്പ് ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച 4 ഗര്‍ഡറുകള്‍ മുന്‍പ് ഒന്നിച്ചു താഴെ വീണിരുന്നു. അന്നും ആളപായമുണ്ടായില്ല. വീണ്ടും അപകടമുണ്ടായ സാഹചര്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും ഇടയില്‍ സ്ഥാപിക്കുന്ന ലോഹപ്പാളി ഇളക്കി മാറ്റുന്നതില്‍ ഉണ്ടായ വീഴ്ചയായിരുന്നു ആദ്യത്തെ അപകടത്തിനു കാരണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആദ്യ അപകടത്തില്‍ ഉയരത്തില്‍ നിന്നു 4 ഗര്‍ഡറുകള്‍ നിലം പതിച്ചിരുന്നു. ആലപ്പുഴ ബൈപ്പാസില്‍ മാളിക മുക്കിനു സമീപം ഗര്‍ഡറുമായി പോയ ലോറി മറിഞ്ഞ സംഭവത്തില്‍ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ വിശദീകരണം തേടിയിരുന്നു. നേരത്തെ നാലു ഗര്‍ഡറുകള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഏതാനും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ അപകട ശേഷം സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നല്‍കാനും പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഈ നീക്കമൊന്നും ഫലം കണ്ടില്ലെന്നതിന് തെളിവാണ് പുതിയ അപകടം.

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ഗര്‍ഡര്‍ നിലംപതിച്ചു ഓഗസ്റ്റിലും അപകടമുണ്ടായിരുന്നു. ആ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അന്ന് വേറെ സ്ഥലത്തുവെച്ച് പണിഞ്ഞുകൊണ്ട് വരുന്ന ഗര്‍ഡര്‍ പാലത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് പൊട്ടിയതാണ് 80 ടണ്‍ ഭാരവും 24 മീറ്റര്‍ നീളവുമുള്ള ഗര്‍ഡര്‍ താഴെ വീഴാന്‍ കാരണം എന്നാണ് വിവരം.

അന്നും ആളപായമില്ലെങ്കിലും ഇത് പതിച്ചത് ദേശീയ പാതയ്ക്ക് കുറുകെയായതിനാല്‍ ഒന്നര മണിക്കൂറോളം ഇവിടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗര്‍ഡര്‍ കയറ്റിക്കൊണ്ടു പോകാന്‍ എത്തിച്ച ലോറിയും തകര്‍ന്നു. പിന്നീട് വലിയ ക്രെയിനുകളെത്തിച്ച് ഇത് ഉയര്‍ത്തി മാറ്റിയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

Tags:    

Similar News