'മദ്രസകളുടെ മുന്നില്‍ കൊണ്ടുപോയി വനിത സ്ഥാനാര്‍ഥികളുടെ പടം വയ്ക്കുകയില്ല; ഏകാഗ്രതയോടെ നിസ്‌കരിക്കാന്‍ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ പടം വച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധപതിച്ചിട്ടില്ല. മനസിലായോ'; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്; ഹൈബി ഈഡന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ കടുത്ത വിമര്‍ശനം

Update: 2025-11-24 05:42 GMT

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. ഹൈബി ഈഡന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനും ഹൈബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന റഷീദിന്റെ പരാമര്‍ശമാണ് വിവാദമാകുന്നത്. പള്ളികളുടെ പരിസരത്ത് വനിത സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്. റഷീദ് നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മദ്രസകളുടെ മുന്നില്‍ കൊണ്ടുപോയി വനിത സ്ഥാനാര്‍ഥികളുടെ പടം വയ്ക്കുകയില്ല. ഇത് പരിപാവനമായ സ്ഥാപനമാണ്. ഒരു പരിപാവനമായ സ്ഥാപനത്തില്‍ ഏകാഗ്രതയോടെ നിസ്‌കരിക്കാന്‍ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ പടം വച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധപതിച്ചിട്ടില്ലെന്നാണ് റഷീദ് പറഞ്ഞത്. വീഡിയോ വൈറലായതോടെ കടുത്തവിമര്‍ശനമാണ് റഷീദിനും ഹൈബി ഈഡനുമെതിരെ ഉയരുന്നത്.

പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്:

നമ്മുടെ അപ്പുറത്തും ഇപ്പറത്തുമുള്ള സ്ഥാനാര്‍ത്ഥികളെ അറിയാമല്ലോ. ഞാന്‍ ഇന്നലെ മാളികംപീടിക നില്‍ക്കുമ്പോള്‍ പള്ളിയില്‍ പോയിട്ട് വരുന്ന ഒരാള്‍ എന്നെ കണ്ടിട്ട് എന്നോട് പറഞ്ഞു. റഷീദെ വലിയ പ്രശ്നമായിപ്പോയല്ലോ, ഇലക്ഷനായിട്ട്

ഞാന്‍ ചോദിച്ചു എന്താകാര്യം.. ഇത് ഇപ്പോള്‍ പളളിയില്‍ പോയി നിസ്‌കരിക്കാനും പറ്റുന്നില്ല, നിസ്‌കരിച്ച് ഇറങ്ങി വരുമ്പോള്‍ ഒള്ള ഇസം പോകുകയാണ്. പള്ളിയുടെ മുന്നില്‍ കുറെ പെണ്ണുങ്ങളുടെ പടം കൊണ്ടുവന്ന് വച്ചിരിക്കുകയാണ്.

ഞാന്‍ പറഞ്ഞു, ഞങ്ങള്‍ എന്തായാലും വച്ചിട്ടുമില്ല, വയ്ക്കുകയുമില്ല. ഞങ്ങളുടെ പാരമ്പര്യവുമല്ല. മാളികംപീടികയിലെ ഈ മദ്രസകളുടെ മുന്നില്‍ കൊണ്ടുപോയി മിനി പിയൂസിന്റെ പടം വയ്ക്കുകയില്ല. ഇത് പരിപാവനമായ സ്ഥാപനമാണ്. ഒരു പരിപാവനമായ സ്ഥാപനത്തില്‍ ഏകാഗ്രതയോടെ നിസ്‌കരിക്കാന്‍ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ പടം വച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധപതിച്ചിട്ടില്ല. മനസിലായോ.

Tags:    

Similar News