സര്‍ക്കാര്‍ ഉത്തരവ് റഗുലേറ്ററി കമീഷന്‍ നടപ്പാക്കിയാല്‍ യൂണിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സര്‍ചാര്‍ജ് ഉയരും; ഇനിയുള്ള വൈദ്യുതി നിരക്ക് ഇരുട്ടിയാകും; കേന്ദ്രത്തിന്റെ അധിക വായ്പയിലെ കണ്ണ് സാധാരണക്കാര്‍ക്ക് വെല്ലുവിളിയാകും

Update: 2025-11-26 03:25 GMT

തിരുവനന്തപുരം: ഇന്ധന സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബിക്കുണ്ടായിരുന്ന പരിധി എടുത്തുമാറ്റി സര്‍ക്കാര്‍ ഉത്തരവു വരുമ്പോള്‍ വൈദ്യുത നിരക്ക് കൂടും. ഓരോ സമയത്തും പുറത്തുനിന്നു കെഎസ്ഇബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക ഉപയോക്താക്കളില്‍നിന്നും പരിധിയില്ലാതെ പിരിക്കാം. ഇത് വൈദ്യുതിനിരക്ക് ഉയരാനിടയാക്കും. ഉപയോക്താക്കള്‍ക്ക് അമിതഭാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നേരത്തേ സര്‍ചാര്‍ജിനു പരിധി നിശ്ചയിച്ചത്.

ഇന്ധന സര്‍ച്ചാര്‍ജ് യൂണിറ്റിന് പരമാവധി പത്ത് പൈസ എന്ന നിരക്കില്‍ മാത്രമാണ് ഇതുവരെ നിയമപരമായി ചുമത്താന്‍ കഴിഞ്ഞിരുന്നത്. പരമാവധി പത്ത് പൈസ എന്ന പരിധി ഒഴിവാക്കുകയാണ് സര്‍ക്കാര്‍. ഇതോടെ വലിയ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന ഘട്ടത്തില്‍ സര്‍ചാര്‍ജായി കൂടുതല്‍ തുക ഏര്‍പ്പെടുത്താന്‍ കെഎസ്ഇബിക്കു കഴിയും. കെഎസ്ഇബി ആവശ്യപ്പെടുന്ന തുക 10 പൈസയ്ക്ക് മുകളിലാണെങ്കില്‍ പല മാസങ്ങളായി അതു പിരിച്ചെടുക്കാനുള്ള അനുമതിയാണ് കമ്മീഷന്‍ ഇതുവരെ നല്‍കിയിരുന്നത്. എന്നാല്‍ പരിധി ഇല്ലാതാകുന്നതോടെ കെഎസ്ഇബി ആവശ്യപ്പെടുന്ന സര്‍ചാര്‍ജ് എത്ര കൂടുതലായാലും അതതു മാസത്തെ വൈദ്യുതി ബില്ലില്‍ അത് ഉള്‍ക്കൊള്ളിക്കാം.

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അര ശതമാനം കൂടി കടമെടുപ്പു പരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന സര്‍ചാര്‍ജിലെ ഉയര്‍ന്ന പരിധി സംസ്ഥാന സര്‍ക്കാര്‍ നീക്കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തേ റഗുലേറ്ററി കമ്മിഷനു കത്തു നല്‍കിയെങ്കിലും നയപരമായ തീരുമാനമായതിനാല്‍ ഉത്തരവിറക്കണമെന്നു നിര്‍ദേശിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ നയപരമായ ഈ ഉത്തരവ് നിലനില്‍ക്കുമോയെന്നും സംശയമുണ്ട്.

വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ട് ഇന്ധന സര്‍ചാര്‍ജിലെ പരിധി എടുത്തുകളയാനുള്ള നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റഗുലേറ്ററി കമീഷന്‍ നടപ്പാക്കിയാല്‍ യൂനിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സര്‍ചാര്‍ജ് ഉയരും. ചില മാസങ്ങളില്‍ പരമാവധി 19 പൈസവരെ സര്‍ചാര്‍ജ് പിരിക്കാറുണ്ട്. ഇതില്‍ 10 പൈസ കെ.എസ്.ഇ.ബി സ്വന്തംനിലയില്‍ പിരിക്കുന്നതും ഒമ്പതു പൈസ റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ച നിരക്കുമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വര്‍ധിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ ഇന്ധന സര്‍ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമീഷനെ സമീപിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്.

വൈദ്യുതി വാങ്ങല്‍ ചെലവ് ഓരോ വര്‍ഷവും കൂടുന്നതിന്റെ കണക്ക് നിരത്തി ഈയിനത്തിലെ അധിക ചെലവ് നികത്താന്‍ കെ.എസ്.ഇ.ബി ഇടക്കിടെ ഇന്ധന സര്‍ചാര്‍ജ് വര്‍ധന ആവശ്യപ്പെടും. സര്‍ക്കാര്‍ അനുമതിയുള്ളതിനാല്‍ വര്‍ധന ആവശ്യം കമീഷന്‍ അംഗീകരിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ധന സര്‍ചാര്‍ജില്‍ 23 പൈസ കൂട്ടണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി മുന്നോട്ടുവന്നിരുന്നു.

Similar News