ചൊക്ലിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മകളെ സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് മാതാവിന്റെ പരാതി; ബി.ജെ.പിക്കാരന്റെ കൂടെ പോയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍; ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേര്‍ത്തതെന്നും യുവതിയുടെ കുടുംബം; ബിജെപി രണ്ടാമതെത്തിയ വാര്‍ഡിയിലെ മുസ്ലീം വോട്ട് തട്ടാനുള്ള സിപിഎമ്മിന്റെ കള്ളപ്രചരണമെന്ന് ബിജെപി; സമൂഹമാധ്യമങ്ങളിലെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുസ്ലീം ലീഗ് നേതൃത്വം

Update: 2025-12-09 12:07 GMT

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം. യുഡിഎഫിനായി മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്ന് ഇവരുടെ മാതാവ് ചൊക്ലി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ പ്രദേശവാസിയായ ബിജെപി പ്രവര്‍ത്തകനായ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയകായി സംശയക്കുന്നുണ്ട് എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതല്‍ അറുവയെ കാണാനില്ലെന്നാണ് മാതാവ് ചൊക്ലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് വ്യക്തമാക്കി.

പ്രചാരണ രംഗത്ത് സജീവമായിരുന്ന യുവതിയെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ കാണാനില്ലെന്നാണ് പരാതി ലഭിച്ചത്. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാഞ്ഞിരത്തിന്‍കീഴിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുസ്‌ലിംലീഗിലെ ടി.പി. അര്‍വയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാണെന്നും ലീഗ് നേതൃത്വം പറഞ്ഞു.

മകളെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു. രണ്ടുദിവസമായി വീട്ടില്‍ നിന്നിറങ്ങിയ അര്‍വയെ നിരന്തരം ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ തടങ്കലിലാണെന്ന് സംശയിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ബി.ജെ.പിക്കാരനായ റോഷിത്ത് എന്നയാളുടെ കൂടെ പോയി എന്ന് സംശയിക്കുന്നു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുള്ളത്. എന്നാല്‍, തങ്ങള്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്ന് മാതാവ് പറയുന്നു.

പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാര്‍ഥിയെ ഇക്കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്. ഫോണ്‍നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമല്ല. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡാണിത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതുമുതല്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ സി.പി.എം പല കുതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിയെ അവര്‍ ഹൈജാക് ചെയ്തതാണെന്നും മുസ്‌ലിം ലീഗ് ചൊക്ലി പഞ്ചായത്ത് സെക്രട്ടറി പി.കെ. റഫീഖ് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി അര്‍വയെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, ബി.ജെ.പിക്കാരനായ റോഷിത്ത് എന്നയാളുടെ കൂടെ പോയി എന്ന് സംശയിക്കുന്നു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുള്ളത്. എന്നാല്‍, തങ്ങള്‍ ഇങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേര്‍ത്തതാണെന്നും മാതാവ് പറയുന്നു.

ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയുമാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാകുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ സിപിഎം നടത്തുന്ന കള്ളപ്രചരണമാണ് ഒളിച്ചോട്ടമെന്നാണ് ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

സിപിഎം ന്റെ കള്ളപ്രചരണം നല്ലവരായ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്..... ചൊക്ലി വാര്‍ഡ് 9 യുഡിഎഫ് സ്ഥാനാര്‍ഥിയെ (ലീഗ് )തട്ടി കൊണ്ട് പോയത് സിപിഎം പ്രവര്‍ത്തകന്‍. എന്നിട്ട് അത് ബിജെപിക്കാരന്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്റെ കയ്യിലിരിപ്പ് മനസ്സില്‍ വെച്ചാല്‍ മതി.... കഴിഞ്ഞ ഇലക്ഷനില്‍ ചൊക്ലി പഞ്ചായതിലെ മേനപ്രം 9 വാര്‍ഡില്‍ ബിജെപി 400 അടുത്ത് വോട്ട് നേടി രണ്ടാമത് എത്തുകയും..... ഈ പ്രാവശ്യം അവിടെ ബിജെപി വിജയിക്കാന്‍ സാധ്യത ഉണ്ടെന്ന അറിഞ്ഞ സിപിഎമ്മിന്റെ നാറിയ കളികള്‍ ജനങ്ങള്‍ മനസ്സിലാക്കില്ലാ എന്ന് കരുതിയോ.... ബിജെപി ആണെന്ന് വരുത്തി തീര്‍ത്ത് ആ ഭാഗത്തുള്ള മുസ്ലിം വോട്ട് സിപിഎം ന് കിട്ടുമെന്നുള്ള നിങ്ങളുടെ അഹങ്കാരങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടി ആണ്..... പ്രതി സിപിഎം ആണ് എന്നുള്ള കണ്ടെത്തല്‍....... ചൊക്ലി അല്ലേ ഇതല്ല ഇതിനപ്പുറവും ചെയ്യുന്നവരാണ് അവിടെയുള്ള അന്തം കമ്മികള്‍... എന്നാണ് സാമൂഹ്യ മാധ്യമത്തില്‍ വന്ന കമന്റുകള്‍.

Tags:    

Similar News