രണ്ട് വർഷമായി യുവതി ഓഫീസിലെത്തുന്നത് 40 മിനിറ്റ് നേരത്തെ; എത്ര പറഞ്ഞു നോക്കിയിട്ടും ശരിയാകുന്നില്ല; മാനേജർ മുന്നറിയിപ്പ് കൊടുത്തിട്ട് പോലും അവൾ അത് തുടർന്നു; ഒടുവിൽ സഹികെട്ട് ബോസ് ചെയ്തത്; ഒരു നല്ല ശീലത്തിന് ഇത്രയും ശിക്ഷയോ എന്ന് സോഷ്യൽ മീഡിയ

Update: 2025-12-09 17:19 GMT

മാഡ്രിഡ്: സ്പെയിനിൽ ജോലിക്ക് നേരത്തെ എത്തിയതിൻ്റെ പേരിൽ ഒരു യുവതിയെ കമ്പനി പിരിച്ചുവിട്ടു. മിക്ക തൊഴിലുടമകളും അഭിനന്ദിക്കുന്ന ഒരു ശീലത്തിനാണ് 22-കാരിയായ ഓഫീസ് ജീവനക്കാരിക്ക് ജോലി നഷ്ടമായത്. എന്നാൽ, സ്ഥാപനത്തിന്റെ നിയമങ്ങൾ ലംഘിച്ച് മുന്നോട്ട് പോയതാണ് പിരിച്ചുവിടലിന് കാരണമെന്ന് കോടതി വിധിച്ചു.

2023 മുതൽ ഈ ജീവനക്കാരിക്ക് ജോലിയിൽ പ്രവേശിക്കേണ്ട സമയത്തിന് 40 മിനിറ്റ് മുമ്പേ, അതായത് 6.45-നും 7 മണിക്കും ഇടയിൽ ഓഫീസിൽ എത്തുന്നത് ഒരു ശീലമായിരുന്നു. യഥാർത്ഥത്തിൽ 7.30-നാണ് അവരുടെ ഷിഫ്റ്റ് ആരംഭിക്കേണ്ടിയിരുന്നത്.

നേരത്തെ എത്തരുത് എന്നും, 7.30-ന് മുമ്പ് ജോലി തുടങ്ങാനോ 'ക്ലോക്ക് ഇൻ' ചെയ്യാനോ പാടില്ലെന്നും കമ്പനി നിരവധി തവണ യുവതിക്ക് വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ യുവതി നേരത്തെ എത്തുന്നത് തുടർന്നു. പല ദിവസങ്ങളിലും ഓഫീസിൽ എത്തുന്നതിനു മുമ്പ് കമ്പനിയുടെ ആപ്പ് വഴി ലോഗിൻ ചെയ്യാൻ പോലും ഇവർ ശ്രമിച്ചിരുന്നു.

സ്ഥിരമായി നിർദ്ദേശങ്ങൾ അവഗണിക്കുന്നതും, സ്ഥാപനത്തിന്റെ നിയമങ്ങൾ അനുസരിക്കാത്തതും ഗുരുതരമായ 'ദുഷ്പെരുമാറ്റം' ആയി കണക്കാക്കി യുവതിയെ ബോസ് പിരിച്ചുവിടുകയായിരുന്നു. കമ്പനിയുടെ നിർദ്ദേശങ്ങൾ അവഗണിച്ചതിലൂടെ സ്ഥാപനത്തിന് യാതൊരു സംഭാവനയും നൽകുന്നില്ല എന്നും തൊഴിലുടമ വാദിച്ചു.

പിരിച്ചുവിടലിനെതിരെ യുവതി അലികാന്റിലെ സോഷ്യൽ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. ഒന്നിലധികം മുന്നറിയിപ്പുകൾക്ക് ശേഷവും 19 തവണ കൂടി അവർ നേരത്തെ ജോലിക്ക് ഹാജരായതായി കോടതി കണ്ടെത്തി. കൂടാതെ, അനുമതിയില്ലാതെ കമ്പനിയുടെ ഉപയോഗശൂന്യമായ കാർ ബാറ്ററി വിറ്റത് 'വിശ്വാസ ലംഘനമാണ്' എന്നും ഇത് അച്ചടക്കമില്ലായ്മയുടെ ഒരു പാറ്റേൺ കൂട്ടിച്ചേർക്കുന്നു എന്നും തൊഴിലുടമ കോടതിയിൽ വാദിച്ചു.

വിധിന്യായത്തിൽ, കോടതി കമ്പനിയുടെ നടപടിക്ക് അനുകൂലമായി നിലകൊണ്ടു. ഇവിടെ പ്രശ്‌നം യുവതിയുടെ 'അമിതമായ സമയനിഷ്ഠ' അല്ലെന്നും, മറിച്ച് തൊഴിലിടത്തെ നിയമങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതാണ് എന്നും കോടതി എടുത്തുപറഞ്ഞു. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 54 പ്രകാരം ഇത് ഗുരുതരമായ നിയമലംഘനമാണ് എന്നും കോടതി വ്യക്തമാക്കി.

നേരത്തെ ജോലിക്ക് എത്തിയതിൻ്റെ പേരിൽ ഒരാളെ പിരിച്ചുവിട്ട സംഭവം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തി. സ്ഥാപനങ്ങൾ വ്യക്തമാക്കിയ പ്രവേശന നിയമങ്ങൾ പാലിക്കാൻ ജീവനക്കാർ ബാധ്യസ്ഥരാണെന്ന് തൊഴിൽ വിദഗ്ധർ പറയുന്നു.

നേരത്തെ ഫ്ലോറിഡയിൽ അലീസ് എന്ന യുവതിക്ക് ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ജോലി നഷ്ടമായ സംഭവം ഓൺലൈനിൽ ചർച്ചയായിരുന്നു. സെപ്റ്റംബർ 2-ന് ജോലിയ്ക്ക് ഹാജരാകാതിരുന്നതിനാലാണ് ഓഫർ പിൻവലിക്കുന്നതെന്ന് കമ്പനി അറിയിച്ചു. എന്നാൽ, യുവതിയുടെ ഓഫർ ലെറ്ററിൽ ജോലിയ്ക്ക് പ്രവേശിക്കേണ്ട തീയതി സെപ്റ്റംബർ 22 ആയിരുന്നു. തെറ്റായ വിവരത്തിൻ്റെ പേരിൽ ജോലി നഷ്ടമായ ഈ സംഭവവും അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതെളിച്ചിരുന്നു.

Tags:    

Similar News