ആഗ്രഹിക്കുന്ന വിധി കിട്ടാതെ വരുമ്പോള്‍ കോടതിയെ ചീത്ത പറയാമോ! ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ കോടതിക്കും ജഡ്ജിക്കും നേരേ സൈബറാക്രമണം; പ്രതി ദിലീപ് കോടതി മുറിയില്‍ വന്നപ്പോള്‍ ജഡ്ജി എണീറ്റ് നിന്നോ? സൈബറിടത്തിലെ പ്രചാരണം ശരിയോ? നീതിക്ക് തെളിവ് വേണം; സാമാന്യബോധം നിയമമല്ല!
പ്രതി ദിലീപ് കോടതി മുറിയില്‍ വന്നപ്പോള്‍ ജഡ്ജി എണീറ്റ് നിന്നോ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്ക് പിന്നാലെ നടന്‍ ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള സൈബര്‍ പോരാട്ടങ്ങള്‍ രൂക്ഷമാണ്. ഇതിനിടയില്‍, 'ഏഴാം പ്രതി കോടതി മുറിയില്‍ വന്നപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു' എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയോ?
കോടതിക്കെതിരെയുള്ള സൈബര്‍ ആക്രമണം
വിധി ഇഷ്ടപ്പെടാതെ വരുമ്പോള്‍ കോടതിയെ അപമാനിക്കുന്നത് ജുഡീഷ്യല്‍ വ്യവസ്ഥയെ തകര്‍ക്കാനേ ഉപകരിക്കൂ. ചില അഭിഭാഷകര്‍ പോലും കോടതിയെ പരിഹസിക്കുന്നത് ഞെട്ടിക്കുന്ന കാഴ്ചയായി. അതിനിടെയാണ് 'ദിലീപ് കോടതി മുറിയില്‍ പ്രവേശിച്ചപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു എന്ന പ്രചാരണം. ഒരു പ്രതി കോടതി മുറിയില്‍ വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കുന്ന കീഴ്വഴക്കം ന്യായ സംഹിതയില്‍ ഉണ്ടോ എന്നതാണ് ചോദ്യം.
പ്രതിയായ ദിലീപിന് വേണ്ടിയല്ല ജഡ്ജി എഴുന്നേറ്റു നിന്നത്. കോടതി നടപടിക്രമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ഭാഗമായി ജഡ്ജി ഇരിപ്പിടത്തിലേക്ക് പോകുന്നതിനു മുന്‍പ് മുന്നിലിരിക്കുന്നവരെ കൈകൂപ്പി അഭിവാദനം ചെയ്തത് മാത്രമാണ് സംഭവിച്ചത്. പ്രതി ഉള്‍പ്പെടെയുള്ള എല്ലാവരും കോടതിയില്‍ പ്രവേശിച്ച ശേഷമാണ് ജഡ്ജി വരുന്നത്. ജഡ്ജി വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതാണ് കോടതി മര്യാദ.
ജഡ്ജി കസേരയില്‍ ഇരുന്നാല്‍ വിധി പ്രഖ്യാപനം കഴിഞ്ഞ് ഇറങ്ങിപ്പോകുന്നത് വരെ എഴുന്നേല്‍ക്കാറില്ല. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാല്‍ പോലും ജഡ്ജി എണീക്കാന്‍ പാടില്ല. കാരണം ജഡ്ജിയാണ് കോടതി മുറിയിലെ ഏറ്റവും വലിയ അധികാരി. നടപടികള്‍ ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ജഡ്ജി എഴുന്നേറ്റ് നിന്ന് മുന്നിലിരിക്കുന്ന എല്ലാവരെയും കൈകൂപ്പി വണങ്ങാറുണ്ട്. ഇത് ദിലീപിനെ കണ്ടിട്ടുള്ള പ്രത്യേക ബഹുമാനമല്ല, മറിച്ച് കോടതിയിലെ ഒരു കീഴ്വഴക്കം മാത്രമാണ്.
ദിലീപ് കോടതിയില്‍ എത്തിയതിനു ശേഷമാണ് ജഡ്ജി എത്തിയത്. കൃത്യം 11 മണിക്ക് ജഡ്ജി എത്തിയെങ്കില്‍ ഏകദേശം 10:49-ന് ദിലീപ് എത്തിയിരുന്നു. നടന്‍ വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ പ്രവേശിച്ചപ്പോള്‍ ജഡ്ജി എഴുന്നേറ്റു നിന്നെന്ന തരത്തിലുള്ള വാര്‍ത്തകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതോടെ, പ്രതി കടന്നുവന്നപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റ് നിന്നു വണങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകളെല്ലാം വ്യാജമാണ് എന്നാണ് വ്യക്തമാകുന്നത്. എല്ലാ കേസുകളിലും പാലിക്കുന്ന കോടതി കീഴ്വഴക്കങ്ങളുടെ ഭാഗമായി ആദ്യം ജഡ്ജി മുന്നിലിരിക്കുന്നവരെ കൈകൂപ്പി വണങ്ങിയിട്ടാണ് ഇരിപ്പിടത്തില്‍ ഇരിക്കാറുള്ളത്. ഈ കീഴ്വഴക്കം മാത്രമാണ് ഇവിടെയും ജഡ്ജി പാലിച്ചത്. എന്നാല്‍, ഈ തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിച്ച് പലരും ജഡ്ജിയെ അസഭ്യം പറയുകയുകയാണ്.
എല്ലാ കേസുകളിലും ന്യായാധിപന്മാര്‍ ഇരിപ്പിടത്തിലേയ്‌ക്കെത്തുന്നതിനു മുന്‍പ് മുന്നിലിരിക്കുന്നവരെ അഭിവാദനം ചെയ്യാറുണ്ട്. അതുകൊണ്ട് ഇത്തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകളും റീലുകളും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് സത്യം.
നിയമപരമായ വെല്ലുവിളികള്‍ മറക്കരുത്
ദിലീപിനെ ശിക്ഷിക്കണമെങ്കില്‍ ഇന്ത്യന്‍ തെളിവ് നിയമം അനുസരിച്ച് സംശയാതീതമായി തെളിയിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ കോടതിയുടെ മുന്നില്‍ എത്തണം. നിയമത്തിന്റെ മുന്നിലെ സത്യം സാധാരണക്കാരുടെ സാമാന്യബോധത്തിനോ യുക്തിക്കോ നിരക്കുന്നത് ആവണമെന്നില്ല.
ദിലീപിനെതിരായ പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്ന പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയ കത്ത് സംശയാസ്പദമാണ്. തങ്ങള്‍ ആഗ്രഹിച്ച വിധി കിട്ടാതെ വരുമ്പോള്‍ കോടതിയെ അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനും, ജഡ്ജിമാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ വിധി പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണെന്ന് ആരോപിച്ചാല്‍ തെറ്റുപറയാനാവില്ല.
