'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ'; അച്ഛന്‍ ഉപയോഗിച്ച പേനയും പേപ്പറും നല്‍കിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും ധ്യാന്‍; ശ്രീനിക്കായി ഒരു കുറിപ്പ് ചിതയില്‍വെച്ച് പൂക്കളുമര്‍പ്പിച്ച് പ്രിയസുഹൃത്തിനെ യാത്രയാക്കി സത്യന്‍ അന്തിക്കാട്

Update: 2025-12-21 10:08 GMT

കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമ പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകളും വേറിട്ടുനിന്നു. വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിനെ ധ്യാന്‍ ശ്രീനിവാസന്‍ യാത്രയാക്കിയപ്പോള്‍ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സത്യന്‍ അന്തിക്കാട് കടലാസും പേനയും ചിതയില്‍ വെച്ചാണ് വിട പറഞ്ഞത്. അന്ത്യസമ്മാനമായി ശ്രീനിവാസന് ഇതിലും മനോഹരമായത് മറ്റെന്ത് നല്‍കാന്‍. ശ്രീനിവാസന്‍ ഉപയോഗിച്ച പേനകൊണ്ട് സത്യന്‍ അന്തിക്കാട് എഴുതി.. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ. മകന്‍ ധ്യാനിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. ആ കടലാസും പേനയും മകന്‍ ധ്യാനാണ് സത്യന്‍ അന്തിക്കാടിന് കൈമാറിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും. ധ്യാനിന്റെ ആവശ്യപ്രകാരം ശ്രീനിവാസന്റെ ഭൗതികശരീരത്തിന് മുകളില്‍ കടലാസും പേനും വെച്ച സത്യന്‍ അന്തിക്കാട്, പൂക്കള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചു. അഗ്‌നിപകരുന്നതിന് മുമ്പാണ് ശ്രീനിവാസന്റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാന്‍ എത്തിയത്. തുടര്‍ന്ന് ഭൗതികശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ധ്യാന്‍ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നല്‍കി.

പൊതുദര്‍ശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തില്‍ പ്രാര്‍ഥനകളടക്കം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നല്‍കി. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയ ശേഷം വിനീത് ചിതക്ക് അഗ്‌നി പകര്‍ന്നു. ചിതയ്ക്കരികില്‍നിന്ന് പൊട്ടിക്കരയുന്ന കൊച്ചുമകന്റെ ദൃശ്യം പ്രിയപ്പെട്ടവര്‍ക്ക് നോവായി. വിങ്ങിപ്പൊട്ടിയ ധ്യാനിനെ സത്യന്‍ അന്തിക്കാട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. സന്തത സഹചാരിയായ ഡ്രൈവര്‍ ഷിനോജും,സുഹൃത്ത് മനു ഫിലിപ്പ് തുകലനും വേര്‍പാട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടി. തെന്നിന്ത്യന്‍ താരം സൂര്യ രാവിലെ കണ്ടനാട്ടെ വസതിയിലെത്തി. ശ്രീനിവാസന്റെ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. പൃഥ്വിരാജ്, പാര്‍ഥിപന്‍, മുകേഷ്, ഇന്ദ്രന്‍സ്, പാര്‍വതി തുടങ്ങിയവര്‍ കഥയുടെ രാജകുമാരന് വിടചൊല്ലി.

സാംസ്‌കാരിക-രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. ജനകീയ സിനിമകളാണ് ശ്രീനിവാസന്റേത്. എന്നും സാധാരണക്കാരന്റെ ജീവിതം ലളിതമായ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. സാധാണക്കാരുടെ പ്രിയപ്പെട്ട സിനിമകള്‍ എഴുതാന്‍ ഒരു തിരക്കഥാകൃത്തിന് അപാരമായ കഴിവ് വേണം. ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ ആ കഴിവാണ് ഓരോ സിനിമയിലും അംഗീകരിക്കപ്പെട്ടത്.

ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എട്ടരയോടെ ശ്രീനിവാസന്‍ വിടപറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരം നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. വീട്ടിലും ടൗണ്‍ഹാളിലും ആയിരങ്ങളാണ് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചത്.

മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച നടനും സാധാരണക്കാരുടെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ നര്‍മത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലൂടെ വരച്ചിട്ട എഴുത്തുകാരനുമായിരുന്നു ശ്രീനിവാസന്‍. അപകര്‍ഷതാ ബോധത്തില്‍ ജീവിതം ഉലഞ്ഞുപോയ തളത്തില്‍ ദിനേശനും തൊഴിലില്ലായ്മക്കും പങ്കപ്പാടുകള്‍ക്കും ഇടയില്‍ നീറി ജീവിച്ച ദാസനും വിജയനും മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നുകാട്ടിയ കോട്ടപ്പള്ളി പ്രഭാകരനും ചിരിച്ചും ചിന്തിപ്പിച്ചും ഇപ്പോഴും മലയാളിക്കൊപ്പം നടക്കുന്ന ശ്രീനിവാസന്‍ കഥാപാത്രങ്ങളാണ്.

Tags:    

Similar News