ദിണ്ഡിഗല്‍ മണിയെ ആ കോട്ടയില്‍ ചോദ്യം ചെയ്യുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് പ്രത്യേക അന്വേഷണ സംഘം; ദിണ്ഡിഗല്‍ പോലീസു പോലും കേരളത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല; നോട്ടീസ് നല്‍കി മടങ്ങിയത് അവിടെ ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ച്; നാലിന് തിരുവനന്തപുരത്ത് 'ഡയമണ്ട് മണി' എത്തുമോ? രാജ്യം വിടാനും സാധ്യത; ശബരിമലയില്‍ കൊള്ള നടത്തിയത് വമ്പന്‍ മാഫിയ

Update: 2025-12-27 04:27 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ കണ്ടത് യഥാര്‍ഥ ഡി മണി തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ഈ മണിയുടെ കോട്ടയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം രക്ഷപ്പെടുകയായിരുന്നു. ഡി മണിയുടെ യഥാര്‍ഥ പേരാണ് എം സുബ്രഹ്‌മണ്യം. അതിന്റെ ചുരുക്കപ്പേരാണ് എം.എസ്.മണിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. ബാലമുരുകന്‍ ഡി മണിയുടെ സുഹൃത്താണെന്നും അന്വേഷണസംഘം കണ്ടെത്തി. ബാലമുരുകനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിന് തിരുവനന്തപുരത്ത് എത്തിക്കും. ദിണ്ഡിഗല്ലില്‍ ചോദ്യം ചെയ്യുക അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ദിണ്ഡിഗല്‍ പോലീസുമൊത്താണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം മണിയെ കാണാനെത്തിയത്. എന്നാല്‍ ചോദ്യം ചെയ്യലുമായി മണി സഹകരിച്ചില്ല. ദിണ്ഡിഗല്‍ പോലീസും സഹായിച്ചില്ല. ഇതോടെ അവര്‍ അവിടെ നിന്നും മടങ്ങി. വലിയ സങ്കേതമാണ് മണിയുടേത്. ഇയാള്‍ സ്വന്തം അഡ്രസ് പ്രൂഫ് ഉപയോഗിച്ചെടുത്ത ഫോണുകളൊന്നും ഉപയോഗിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ബാലമുരുകന്‍ എന്ന ആളിന്റെ പേരിലെടുത്ത ഫോണുപയോഗിച്ചാണ് കൂടുതലും സംസാരിച്ചത്.

അതിനിടെ പഞ്ചലോഹ വിഗ്രഹക്കടത്തിന് തെളിവൊന്നും ലഭിച്ചില്ലെങ്കിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഡി മണിയുടെ സംഘവും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ ചില സൂചനകള്‍ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍വിളി വിവരങ്ങളില്‍ ഡി മണിയുടെ സഹായി ശ്രീകൃഷ്ണന്റെ നമ്പര്‍ വന്നതാണ് സംശയത്തിന് അടിസ്ഥാനം. കൂടുതല്‍ ചോദ്യംചെയ്യലിലൂടെ ഇത് ഉറപ്പിക്കാനാണ് ശ്രമം. തമിഴ്‌നാട് ദിണ്ടിഗലിലുള്ള ഓഫീസിലെത്തിയാണ് അന്വേഷണസംഘം ഡി മണിയെ ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം ഡി. മണിയുടെ സഹായിയായ ശ്രീകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ശ്രീകൃഷ്ണന്‍ നേരത്തെ തമിഴ്‌നാട്ടിലെ ഇറിഡിയം തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് സ്ഥിരീകരിച്ചു. ശ്രീകൃഷ്ണനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി മണിയുടെ ഓഫീസിലേക്ക് എസ്.ഐ.ടിയെത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി.മണി താനല്ലെന്നും തന്റെ പേര് എം.എസ്. മണിയെന്നാണെന്നും അദ്ദേഹം പറഞ്ഞത്. അത് അസത്യമായിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രം കാണിച്ചപ്പോള്‍ അറിയില്ലായെന്ന് പറഞ്ഞ മണി തനിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള തന്ത്രം മാത്രമെന്ന് പൊലീസ് വിലയിരുത്തി. പഞ്ചലോഹ വിഗ്രഹം കടത്തിയെന്ന ആരോപണം ഉന്നയിച്ച പ്രവാസി വ്യവസായിയും ഇത് തന്നെയാണ് താന്‍ ഉദ്ദേശിച്ച ഡി മണിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ ജനുവരി 4, 5 തീയതികളില്‍ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി പൊലീസ് മടങ്ങി. ഡി മണിയെന്ന് കരുതുന്ന വ്യവസായിയുടെ സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. 4-ാം തീയതിയിലെ ചോദ്യം ചെയ്യലിന് ശേഷമേ ദുരൂഹത നീങ്ങൂ. അതിനിടെ മണി രാജ്യം വിടാന്‍ സാധ്യതയുണ്ട്. ദിണ്ഡിഗല്ലില്‍ ഇയാളെ നിരീക്ഷിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ അന്വേഷകര്‍ പ്രതിസന്ധിയിലുമാണ്.

ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് എസ്‌ഐടി. അതേസമയം, ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കില്‍ ഡി മണിയുടെ വിശദമായ ചോദ്യം ചെയ്യല്‍ നടക്കണമെന്ന് അന്വേഷണ സംഘം പറയുന്നു. ഏറെ ദുരൂഹതകള്‍ മണിക്ക് പന്നിലുണ്ടെന്നാണ് എസ്‌ഐടിയുടെ സംശയം. താന്‍ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി വ്യക്തമാക്കിയിരുന്നു.

മണിയുടെ സഹായി വിരുതനഗര്‍ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ദിണ്ടിഗലിലെ സ്ഥാപനത്തില്‍ ഇന്നലെ രാവിലെയോടെയാണ് എസ്‌ഐടിയുടെ നിര്‍ണ്ണായക റെയ്ഡ് തുടങ്ങിയത്. പക്ഷേ ആ റെയ്ഡ് വലിയ ഗുണമൊന്നും നല്‍കിയിട്ടില്ല.

Tags:    

Similar News