300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള 'സൗഹൃദ പോര്' കടുത്താല്‍ വെട്ടിലാകുന്നതാര്? വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; 'തലസ്ഥാന പോര്' മുറുകുന്നു!

Update: 2025-12-28 10:48 GMT

തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. വിഷയം ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും വികെ പ്രശാന്തുമായുള്ള സൗഹൃദം വെച്ചാണ് ആര്‍ ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും വിവി രാജേഷ് പറഞ്ഞു. കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും എംഎല്‍എ വി കെ പ്രശാന്തും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമല്ല. കോര്‍പ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷന്‍ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോള്‍ പ്രശാന്ത് ഇരിക്കുന്നത്. ആര്‍ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചര്‍ച്ചവന്ന സ്ഥിതിക്ക് രേഖകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് കോര്‍പ്പറേഷന്‍ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കും. 300 സ്‌ക്വയര്‍ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും. എംഎല്‍എ ഓഫീസിന് ഇളവ് നല്‍കാവുന്നതാണ്. രേഖകള്‍ പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാം. സ്വകാര്യ വ്യക്തികള്‍ക്ക് കോര്‍പ്പറേഷന്‍ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു. നികുതിപ്പണം പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും. സിറ്റിയുടെ ഉള്‍ഭാഗങ്ങളില്‍ ഇപ്പോഴും ഇലക്ട്രിക് ബസിന്റെ ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ബസുകളുടെ വിവരങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ പരിധിയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ മറ്റിടങ്ങളിലേക്ക് ഓടുന്നു എന്ന വിവരം മുന്‍പ് ലഭിച്ചിരുന്നു. ഇത് പരിശോധിക്കും. നഗരത്തിലൂടെ ഓടാനാണ് ഈ ബസുകള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതെന്നും വിവി രാജേഷ് പറഞ്ഞു.

സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി അധികാരം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ രാഷ്ട്രീയ തര്‍ക്കമായി മാറിയിരിക്കുയാണ് ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ്. കോര്‍പറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലമാണെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു. യാചനസ്വരത്തിലാണ് താന്‍ സംസാരിച്ചത്. തനിക്ക് ഓഫീസ് ഇല്ലെന്ന് എം.എല്‍.എ.യെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിട്ടു തരാനാകില്ലെന്ന് വി.കെ. പ്രശാന്ത് പറഞ്ഞെന്നും ആര്‍. ശ്രീലേഖ വ്യക്തമാക്കി. എം.എല്‍.എക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും. പക്ഷെ കൗണ്‍സിലറായ താന്‍ എന്ത് ചെയ്യും?. വി.കെ. പ്രശാന്തുമായുള്ള സൗഹൃദ സംഭാഷണം വിവാദമാക്കരുതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ എംഎല്‍എ ഓഫീസിലെത്തി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ വി കെ പ്രശാന്തിനെ കണ്ടു. ആര്‍ ശ്രീലേഖയുടെ യാചന സ്വീകരിച്ചുകൊണ്ട് എല്‍എല്‍എ ഓഫീസ് ഒഴിയാനാകില്ലെന്നും കാലാവധി കഴിഞ്ഞാലും ഒഴിയുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. വാടക കാലാവധി കഴിയുന്നതുവരെ എംഎല്‍എ ഓഫീസില്‍ തുടരും. ഇതുവരെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വി കെ പ്രശാന്തിനെ ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചാണ് ഈ കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് ഇതിന് മറുപടി നല്‍കിയത്. തദ്ദേശ മന്ത്രി എം ബി രാജേഷും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കക്ഷി ചേര്‍ന്നതോടെ ഓഫീസ് ഒഴിപ്പിക്കല്‍ വിവാദം കൊഴുത്തു. ഇന്ന് ഓഫീസിലെത്തിയപ്പോള്‍ ക്യാമറകള്‍ക്ക് മുന്നില്‍ ശ്രീലേഖ വികെ പ്രശാന്തിന്റെ തോളില്‍ കൈവെച്ച് സുഹൃത്തുക്കളാണെന്നും വിവാദമാക്കേണ്ടതില്ലെന്നും പറഞ്ഞെങ്കിലും വിട്ടുകൊടുക്കാന്‍ ഇരുകൂട്ടരും തയ്യാറല്ലെന്നാണ് സൂചന.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എന്നാല്‍ തുച്ഛമായ വാടക തുകയ്ക്കാണ് കോര്‍പ്പറേഷന്‍ കെട്ടിടം നല്‍കിയത് എന്നതാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. കോര്‍പ്പറേഷന്‍ കെട്ടടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നുവെങ്കില്‍ താരതമ്യേന വലിയ തുക ലഭിക്കാമെന്നിരിക്കെയാണ് കുറഞ്ഞ മാസവാടക നിശ്ചയിച്ച് നല്‍കിയത്. തുച്ഛമായ തുകയ്ക്ക് കോര്‍പ്പറേഷന്‍ കെട്ടടങ്ങള്‍ വാടകയ്ക്ക് നല്‍കിയ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കെട്ടിടവാടകയും നികുതിപ്പണവും പിരിച്ചെടുക്കുന്നതിലെ അനാസ്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതേ സമയം വി കെ പ്രശാന്തിന്റെ എംഎല്‍എ ഓഫീസിന്റെ വാടക കാലാവധി അടുത്ത മാര്‍ച്ച് വരെയാണ്. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗണ്‍സിലര്‍ക്ക് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴി അനുമതി ലഭിക്കണം. കെട്ടിട സൗകര്യം ലഭ്യമാണോ എന്ന് സെക്രട്ടറിയാണ് പരിശോധിച്ച് നടപടിയെടുക്കുക. കോര്‍പറേഷന്റെ കെട്ടിടം വാര്‍ഡില്‍ ലഭ്യമല്ലെങ്കില്‍ മറ്റു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കാവുന്നതാണ്. കോര്‍പറേഷന്‍ നിശ്ചിത തുക (പ്രതിമാസം പരമാവധി 8000 രൂപ) വാടക നല്‍കും.

Tags:    

Similar News