എസ്‌ഐആറില്‍ അര്‍ഹരായവര്‍ പുറത്ത്'; കേന്ദ്ര തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി; ഒരാള്‍ പോലും വോട്ടര്‍ പട്ടികയ്ക്ക് പുറത്താകരുത്! കൈവശം രേഖകളില്ലെങ്കിലും വോട്ടവകാശം ഉറപ്പ്; യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍ ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് ഇനി അവധിയില്ല; രേഖകള്‍ക്ക് ഇനി ഫീസില്ല; അക്ഷയ ഫീസും കുറയും
കേന്ദ്ര തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരാള്‍ പോലും പട്ടികയ്ക്ക് പുറത്താകരുത് എന്ന ലക്ഷ്യത്തോടെ ഭരണയന്ത്രത്തെയാകെ ചലിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കാന്‍ 'യുദ്ധകാലാടിസ്ഥാനത്തില്‍' നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി പൊതുജനങ്ങളില്‍ നിന്നും ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ല. നിലവില്‍ ഫീസുള്ള സേവനമാണെങ്കില്‍ പോലും ഈ പ്രത്യേക കാലയളവില്‍ അത് ഒഴിവാക്കി നല്‍കും. രേഖകള്‍ സംഘടിപ്പിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനങ്ങളെ സഹായിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കും. ആക്ഷേപങ്ങളും പരാതികളും തീര്‍പ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കണം. ഇവിടെ ആവശ്യത്തിന് ഉദ്യോഗസ്ഥരെയും വോളന്റിയര്‍മാരെയും ഉറപ്പാക്കണം.: എല്ലാ സഹായ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കും. അക്ഷയ സെന്ററുകള്‍ വഴി അപേക്ഷിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ ഭരണസംവിധാനത്തിലും മുഖ്യമന്ത്രി കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (BLO) ഒഴിവുകള്‍ രണ്ടു ദിവസത്തിനകം നികത്തണം. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ആളെ നിയമിച്ചാല്‍ മാത്രമേ അവധി (LPR) അനുവദിക്കാവൂ എന്നും മുഖ്യമന്ത്രി കര്‍ശനമായി പറഞ്ഞു. തഹസില്‍ദാര്‍ മുതല്‍ എ.ഇ.ആര്‍.ഒ വരെയുള്ള തസ്തികകളില്‍ വിരമിക്കല്‍ മൂലം ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്താനും നിര്‍ദ്ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തു. മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കില്‍ അത് ഈ കാലയളവില്‍ ഒഴിവാക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി.
ഹിയറിങ്ങ് കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ വോളന്റിയര്‍മാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐ.ടി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഇ ആര്‍ ഒ. എ ഇ ആര്‍ ഒ, അഡീഷണല്‍ എ.ഇ.ആര്‍.ഒ തസ്തികകളില്‍ വിരമിക്കല്‍ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം LPR (വിരമിക്കുന്നതിനു മുന്‍പുള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാലയളവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താന്‍ പാടില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
കരട് പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായുളള ബോധവത്ക്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അര്‍ഹരായ എല്ലാവര്‍ക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വില്ലേജ് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മുഴുവന്‍ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു.
