നിങ്ങളുടെ സ്വകാര്യ ഇമെയിലുകള്‍ ഗൂഗിള്‍ വായിക്കുന്നു! ജിമെയിലില്‍ ഒളിച്ചുകടത്തിയ 'ചാരക്കണ്ണുകള്‍'; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പഠിപ്പിക്കാന്‍ നമ്മുടെ സ്വകാര്യത വില്‍ക്കുന്നു; ഗൂഗിളിനെതിരെ വമ്പന്‍ കേസ്; രക്ഷപെടാന്‍ ഉടന്‍ ചെയ്യേണ്ടത് ഇതാ
നിങ്ങളുടെ സ്വകാര്യ ഇമെയിലുകള്‍ ഗൂഗിള്‍ വായിക്കുന്നു!
സാന്‍ഫ്രാന്‍സിസ്‌കോ/ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജിമെയില്‍ ഉപയോക്താക്കളെ ആശങ്കയിലാക്കി ഗൂഗിളിന്റെ പുതിയ നീക്കം. നമ്മുടെ അനുവാദമില്ലാതെ തന്നെ ഇമെയിലുകളും അറ്റാച്ച്മെന്റുകളും സ്‌കാന്‍ ചെയ്യാന്‍ ഗൂഗിള്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലായ 'ജെമിനി'യെ (Gemini) പരിശീലിപ്പിക്കാനാണ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത്. 2025 ഒക്ടോബറില്‍ ആരുമറിയാതെ ജിമെയിലില്‍ ആക്ടിവേറ്റ് ചെയ്ത ഒരു സെറ്റിംഗ്‌സിലൂടെയാണ് ഈ 'വിവരച്ചോര്‍ച്ച' നടക്കുന്നത്.
ഉപയോക്താക്കള്‍ അറിയാതെ സംഭവിച്ചത് എന്ത്?
ഓസ്ട്രേലിയന്‍ എഞ്ചിനീയറായ ഡേവ് ജോണ്‍സാണ് ഗൂഗിളിന്റെ ഈ ചതി പുറംലോകത്തെ അറിയിച്ചത്. ജിമെയിലിലെ 'സ്മാര്‍ട്ട് ഫീച്ചറുകള്‍' (Smart Features) എന്ന സംവിധാനം വഴി ഗൂഗിള്‍ നമ്മുടെ ഓരോ ഇമെയിലും പരിശോധിക്കുന്നുണ്ട്. മുമ്പ് ഇമെയില്‍ തരംതിരിക്കാനും സ്‌പെല്ലിംഗ് തിരുത്താനും മാത്രമായിരുന്നു ഇതെങ്കില്‍, ഇപ്പോള്‍ നമ്മുടെ സ്വകാര്യവിവരങ്ങള്‍ എഐ (AI) മോഡലുകളെ പഠിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനെതിരെ അമേരിക്കയില്‍ ഗൂഗിളിനെതിരെ ക്ലാസ്-ആക്ഷന്‍ നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്വകാര്യത വേണോ അതോ സൗകര്യമോ? ഗൂഗിളിന്റെ ഇരട്ടത്താപ്പ്
ഈ ഫീച്ചര്‍ ഓഫ് ചെയ്യാന്‍ ഗൂഗിള്‍ സൗകര്യം നല്‍കുന്നുണ്ടെങ്കിലും അവിടെയാണ് വലിയ ചതി ഒളിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഈ ഫീച്ചര്‍ ഓഫ് ചെയ്താല്‍, നിങ്ങളുടെ ഇന്‍ബോക്‌സിലെ 'സോഷ്യല്‍', 'അപ്ഡേറ്റ്‌സ്', 'പ്രൊമോഷന്‍സ്' തുടങ്ങിയ ടാബുകള്‍ അപ്രത്യക്ഷമാകും. ആയിരക്കണക്കിന് ഇമെയിലുകള്‍ ഒരൊറ്റ ഫോള്‍ഡറില്‍ വന്ന് നിറയുന്നതോടെ ജിമെയില്‍ ഉപയോഗിക്കുന്നത് തന്നെ ദുസ്സഹമാകും. അതായത്, ഇന്‍ബോക്‌സ് കൃത്യമായി ക്രമീകരിച്ചു കിട്ടണമെങ്കില്‍ ഗൂഗിള്‍ നമ്മുടെ ഇമെയിലുകള്‍ വായിക്കാന്‍ അനുവദിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണോ?
സാമ്പത്തിക വിവരങ്ങള്‍, ആരോഗ്യ രേഖകള്‍, സ്വകാര്യ സംഭാഷണങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യപ്പെടാം. ഹാക്കര്‍മാര്‍ ജിമെയില്‍ സെര്‍വറുകളില്‍ കടന്നുകയറിയാല്‍ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നാം ഈ സെറ്റിംഗ്‌സ് ഓഫ് ചെയ്താലും നമ്മള്‍ അയക്കുന്ന ഇമെയില്‍ സ്വീകരിക്കുന്ന ആള്‍ ഇത് ഓഫ് ചെയ്തില്ലെങ്കില്‍ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നതാണ് മറ്റൊരു ഗൗരവകരമായ വശം.
ഇത് എങ്ങനെ ഓഫ് ചെയ്യാം?
ഡെസ്‌ക്ടോപ്പില്‍:
Gmail സെറ്റിംഗ്‌സില്‍ 'See all settings' തുറക്കുക.
'Smart features and personalization' എന്നത് ഓഫ് ചെയ്യുക.
താഴെയുള്ള 'Google Workspace smart feature settings' എന്നതും ഓഫ് ചെയ്ത് മാറ്റങ്ങള്‍ സേവ് ചെയ്യുക.
മൊബൈല്‍ ആപ്പില്‍:
സെറ്റിംഗ്‌സില്‍ പോയി നിങ്ങളുടെ ഇമെയില്‍ ഐഡി തിരഞ്ഞെടുക്കുക.
'Data privacy' വിഭാഗത്തില്‍ 'Smart features and personalization' ഓഫ് ചെയ്യുക.
