വിദ്യാര്‍ഥികളില്ലാതെ സര്‍വകലാശാല നട്ടം തിരിയുന്നു; പുതിയ തസ്തികകളില്‍ ആളുകളെ തിരുകി കയറ്റാന്‍ നീക്കം; സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു; നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ വിസിക്ക് നിര്‍ദ്ദേശം
സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു
തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞു. നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ താല്‍ക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവര്‍ണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
വിദ്യാര്‍ത്ഥികളില്ലാതെ സര്‍വകലാശാല നട്ടം തിരിയുമ്പോഴാണ് പുതിയ തസ്തികകളില്‍ ആളുകളെ തിരുകിക്കയറ്റാന്‍ നീക്കം നടന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (AG) ഓഡിറ്റ് റിപ്പോര്‍ട്ട് നിലനില്‍ക്കെയായിരുന്നു ഈ അഴിമതി നീക്കം. നിലവില്‍ തന്നെ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതത്തേക്കാള്‍ കൂടുതല്‍ പ്രൊഫസര്‍മാരും ഗസ്റ്റ് അധ്യാപകരും സര്‍വകലാശാലയിലുണ്ട്.
വിദ്യാര്‍ത്ഥികള്‍ തീരെ കുറഞ്ഞ പ്രാദേശിക സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന് എജി കഴിഞ്ഞ വര്‍ഷം തന്നെ ശുപാര്‍ശ ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുകൊണ്ടാണ് 2021-ലെ വിജ്ഞാപനത്തിന്റെ പേരില്‍ ഇപ്പോള്‍ സ്ഥിരം നിയമനത്തിന് വിസിയും സിന്‍ഡിക്കേറ്റും തിടുക്കം കാട്ടിയത്.
സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് എങ്ങനെയെങ്കിലും നിയമനം പൂര്‍ത്തിയാക്കാനായിരുന്നു സി.പി.എം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദം. എന്നാല്‍, ഈ അഴിമതി പുറത്തുകൊണ്ടുവന്നത് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുമാണ്. ഇവര്‍ നല്‍കിയ പരാതി ഗൗരവമായി എടുത്ത ഗവര്‍ണര്‍, നിയമന നടപടികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സി.പി.എം സിന്‍ഡിക്കേറ്റിന് കനത്ത തിരിച്ചടി
താല്‍ക്കാലിക വിസിയെ ഉപയോഗിച്ച് നിയമനങ്ങളില്‍ രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കാനായിരുന്നു ഇടതുപക്ഷ നീക്കം. എന്നാല്‍ ഗവര്‍ണറുടെ ഇടപെടലോടെ ഈ തന്ത്രങ്ങളെല്ലാം പാളിയിരിക്കുകയാണ്. വിജ്ഞാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒടുവില്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടത്തിയ ഈ 'തിരക്കിട്ട' നിയമനനീക്കം ദുരൂഹമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്
