കവര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ പലരെയും തൊടാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടുന്നു; കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് തുണയാകുന്നു; ആ കേസ് അട്ടിമറിക്കപ്പെട്ടുവോ?

Update: 2026-02-03 03:52 GMT

കവര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ പലരെയും തൊടാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടുന്നു; കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് തുണയാകുന്നു; ആ കേസ് അട്ടിമറിക്കപ്പെട്ടുവോ?

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തിന് തുടക്കത്തില്‍ വലിയ കൈയടി ലഭിച്ചെങ്കിലും, നാലുമാസം പിന്നിടുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

ഭാഗികമായ കുറ്റപത്രം പോലും നല്‍കാനാവാതെ അന്വേഷണസംഘം കുഴങ്ങുമ്പോള്‍, പ്രതിപ്പട്ടികയിലുള്ളവര്‍ ഒന്നൊന്നായി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയാണ്. കവര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ പലരെയും തൊടാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല. അഞ്ചുപേര്‍ കൃത്യമായ സംശയനിഴലിലാണെന്ന് അന്വേഷണസംഘം ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് ആരുടെയോ സമ്മര്‍ദ്ദഫലമായാണെന്ന് സംശയിക്കപ്പെടുന്നു.

ശബരിമലയിലേത് വെറുമൊരു അഴിമതിയല്ല, മറിച്ച് ആസൂത്രിതമായ സ്വര്‍ണ്ണക്കൊള്ളയാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഈ കേസിനെ കേവലം അഴിമതിക്കേസാക്കി മാറ്റി വിജിലന്‍സ് പരിധിയില്‍ തളച്ചിടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് നിയമവിദഗ്ധര്‍. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായി കണ്ടെത്താനോ കവര്‍ച്ചയിലെ ഓരോ കണ്ണികളെയും പുറത്തുകൊണ്ടുവരാനോ എസ്.ഐ.ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

കേസിലെ പ്രധാന പ്രതികളായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരും എക്‌സിക്യൂട്ടീവ് ഓഫീസറും ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. വി.എസ്.എസ്.സിയിലെ പരിശോധനാ ഫലം വൈകുന്നതാണ് കുറ്റപത്രം നല്‍കാന്‍ തടസ്സമെന്ന സാങ്കേതിക ന്യായം പറയുമ്പോഴും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അന്വേഷണത്തിന്റെ വേഗത ബോധപൂര്‍വ്വം കുറച്ചതാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. സുവര്‍ണ്ണ വിഗ്രഹങ്ങളിലും ദ്വാരപാലക ശില്പങ്ങളിലും നടന്ന ഈ വലിയ കൊള്ളയിലെ യഥാര്‍ത്ഥ സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. ഇഡിയും കേസില്‍ ഇടപെടുന്നുണ്ട്. ഇഡി അന്വേഷണം പ്രതികളെ വീണ്ടും ജയിലിലാക്കാന്‍ സാധ്യതയുണ്ട്.

സ്വര്‍ണ്ണക്കൊള്ളയെ കേവലം അഴിമതിയായി ചിത്രീകരിച്ച് വിജിലന്‍സ് പരിധിയില്‍ ഒതുക്കിയതാണ് കേസ് ദുര്‍ബലമാകാന്‍ പ്രധാന കാരണമായതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നീണ്ടുപോകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നതായും ആരോപിക്കുന്നു. ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ദേവസ്വം ബോര്‍ഡിലെ പ്രമുഖര്‍ക്കും തന്ത്രിക്കും വരെ പങ്കുണ്ടെന്നിരിക്കെ, കുറ്റപത്രം വൈകിപ്പിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാനാണെന്നാണ് ആക്ഷേപം.

വി.എസ്.എസ്.സി.യില്‍ നിന്നുള്ള പരിശോധനാഫലം വരാനുണ്ടെന്ന സാങ്കേതിക ന്യായം പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോകുന്നതിലൂടെ പ്രതികള്‍ക്ക് നിയമപരമായ പഴുതുകള്‍ ഒരുക്കിക്കൊടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അഴിമതിക്കേസിനേക്കാള്‍ ഉപരി ഇതൊരു ക്രിമിനല്‍ കൊള്ളയാണെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചത് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് സംഘടനകളും കുറ്റപ്പെടുത്തുന്നു.

Tags:    

Similar News