കൊല്ലപ്പെട്ട പൈലറ്റിന്റെ പുറത്ത് എല്ലാം ചാര്‍ത്തി ബോയിങ്ങിനെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കയിലും എതിര്‍പ്പ് ശക്തം; റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ അന്വേഷണ സംഘത്തിന്റെ പുറത്ത് കെട്ടി ന്യായീകരണം; പൈലറ്റ് സ്വിച്ച് ഓഫാക്കിയെന്ന വാദത്തിനെതിരെ അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്: എയര്‍ ഇന്ത്യ വിമാനാപകട വിവാദം തീരുന്നില്ല

Update: 2025-07-20 01:21 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്താനുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രമം ബോയിങ്ങിനെ രക്ഷിക്കാന്‍. വിമാന കമ്പനിയുടെ ഓഹരി ഇടിയാതിരിക്കാനും കച്ചവടം കുറയാതിരിക്കാനുമാണ് ഈ കുറ്റപ്പെടുത്തല്‍ എന്നാണ് വിലയിരുത്തല്‍. കൊല്ലപ്പെട്ട പൈലറ്റിന്റെ പുറത്ത് എല്ലാം ചാര്‍ത്തി ബോയിങ്ങിനെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കയിലും എതിര്‍പ്പ് ശക്തമാകുകയാണ്. റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ അന്വേഷണ സംഘത്തിന്റെ പുറത്ത് കെട്ടി വച്ച് വിവാദത്തില്‍ നിന്നും തലയൂരാനും ശ്രമമുണ്ട്,. പൈലറ്റ് സ്വിച്ച് ഓഫാക്കിയെന്ന വാദത്തിനെതിരെ അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചയാകുകായണ്. അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകട വിവാദം തീരുന്നില്ലെന്നതാണ് വസ്തുത.

എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാരംഭ റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു ആധികാരികതയുമില്ലെന്ന് യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് മേധാവി അറിയിച്ചു. ജൂണ്‍ 12-ന് ഉണ്ടായ അപകടത്തിന് തൊട്ടുമുമ്പ് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണത്തില്‍ കോക്ക്പിറ്റില്‍ ആശയക്കുഴപ്പം കണ്ടെത്തിയതായും, നിര്‍ണായക എഞ്ചിന്‍ ഇന്ധന കട്ട്ഓഫ് സ്വിച്ചുകളുടെ പ്രവര്‍ത്തനവും ചര്‍ച്ചയായിരുന്നു. ഇതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണവും പുറത്തു വന്നു. അഹമ്മദാബാദില്‍ ഉണ്ടായ അപകടത്തില്‍ 260 പേര്‍ മരിച്ചു. 'ഇത്രയും വലിയ അന്വേഷണത്തിന് സമയമെടുക്കുമെന്നാണ്,' എന്‍ടിഎസ്ബി ചെയര്‍ ജെന്നിഫര്‍ ഹോമന്‍ഡി പ്രതികരിച്ചു. ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഇന്ധന സ്വിച്ചുകള്‍ ടേക്ക് ഓഫ് ചെയ്തതിന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് വിച്ഛേദിക്കപ്പെട്ടുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പൈലറ്റ് ഓഫാക്കിയതാണെന്ന് വരുത്തി വിമാന നിര്‍മ്മാണ കമ്പനിയെ രക്ഷിക്കാനായിരുന്നു ശ്രമം.

അഹമ്മദാബാദ് എയര്‍ ഇന്ത്യ ദുരന്തത്തിനു പിന്നാലെ പരക്കുന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയാണ് എന്‍ടിഎസ്ബി. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) അന്വേഷണത്തെ യുഎസ് പിന്തുണക്കുമെന്നും നിഗമനങ്ങളില്‍ ഇപ്പോള്‍ തന്നെ എത്തിച്ചേരാറായിട്ടില്ലെന്നും ജെന്നിഫര്‍ ഹോമന്‍ഡി പറഞ്ഞു. തിടുക്കത്തില്‍ നിഗമനങ്ങളില്‍ എത്തരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങി അപകടം ഉണ്ടായത്. ദുരന്തത്തില്‍ 260 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ജൂലൈ 12 നാണ് എഎഐബി പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന മാധ്യമ റിപ്പോര്‍ട്ടിനെതിരേ നിയമനടപടിക്ക് പൈലറ്റുമാരുടെ സംഘടന എഫ്‌ഐപി ഒരുങ്ങുകയാണ്. യുഎസ് മധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് എന്നിവരാണ് അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടതെന്നും ഇത് പൊതു ജനങ്ങളെ തെറ്റുധരപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരമൊരു ഉള്ളടക്കം പ്രചരിപ്പിക്കുന്നതിലൂടെ സ്വയം പ്രതിരോധിക്കാന്‍ പോലും കഴിയാതെ മരണപ്പെട്ട പൈലറ്റിന്റെ പ്രശസ്തിക്ക് ദോഷകരമാവുമെന്നും സംഘടന ആരോപിക്കുന്നു. ഇത് പൈലറ്റിന്റെ കുടുംബത്തെ ഗുരുതരമായി ബാധിക്കും. വലിയ ഉത്തരവാദിത്വം പേറുന്നവരും സമ്മര്‍ദമനുഭവിക്കുന്നവരുമായ പൈലറ്റുമാരുടെ മനോവീര്യം കെടുത്താന്‍ കാരണമാവുമെന്ന് പറഞ്ഞ സംഘടന അന്വേഷണം പൂര്‍ത്തിയാവും വരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുരുതെന്നും മാധ്യമങ്ങളോട് സംഘടന അഭ്യര്‍ഥിച്ചിരുന്നു.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തെ പരാമര്‍ശിച്ച് അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി തെറ്റാണ്. ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പൈലറ്റുമാരുടെ വ്യക്ത്വത്തെ കളങ്കപ്പെടുത്തുന്നതും കുടുംബങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്നും റോയിട്ടേഴ്സിനെ പരാമര്‍ശിച്ച് ഇന്ത്യന്‍ പൈലറ്റ്സ് ഫെഡറേഷന്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന 2025 ജൂലൈ 17 ലെ റോയിട്ടേഴ്സ് ലേഖനം ഉടനടി തിരുത്തുകയെ പിന്‍വലിക്കുകയോ ചെയ്യണം എന്നും നോട്ടീസ് വ്യക്തമാക്കുന്നു. വിമാനാപകടം സംബന്ധിച്ച് അന്തിമ നിഗമനങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്നും ലേഖനം ദ്വിതീയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അംഗീകരിച്ച് വിശദീകരണം നല്‍കാനും എഫ്‌ഐപി റോയിട്ടേഴ്സിനോട് ആവശ്യപ്പെടുന്നു. നിര്‍ദേശം പാലിക്കാത്ത പക്ഷം നിയമപരമായ വഴികള്‍ തേടുമെന്നും ഇന്ത്യന്‍ പൈലറ്റ്സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

പ്രാഥമിക വിവരങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം പൈലറ്റിന്റെ പിഴവെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമം വിമാന നിര്‍മ്മാണ കമ്പനിക്ക് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. കോക്ക്പിറ്റ് ശബ്ദരേഖപ്രകാരം ക്യാപ്ടന്‍ സുമിത് സബര്‍വാള്‍ ഫ്യൂവല്‍ സ്വിച്ച് ഓഫ് ചെയ്തതാണ് എന്‍ജിന്‍ ഓഫാകാന്‍ കാരണമെന്ന് അമേരിക്കന്‍ മാധ്യമം വാള്‍സ്ട്രീറ്റ് ജേണല്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്ടന്‍ മുമ്പ് വിഷാദരോഗംപോലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നാലെ മറ്റ് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇതേ വിവരങ്ങള്‍ വന്നു.

പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് നിരുത്തരവാദപരമാണെന്ന് മാധ്യമ റിപ്പോര്‍ട്ടിനെ തള്ളി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ സമഗ്രതയെ ഇത്തരം വാദങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നതാണ് വസ്തുത.

അഹമ്മദാബാദ്, എയര്‍ ഇന്ത്യ, അപകടം, വിമാനം, ദുരന്തം, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

Similar News