ചമ്രംപടിഞ്ഞ് ഇരിക്കുന്ന മൃതദേഹം; വായ തുറന്ന നിലയില്‍; ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവുമടക്കം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടി; ശരീരം തുണികൊണ്ട് പൊതിഞ്ഞ നിലയില്‍; തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപന്റെതന്നെ മൃതദേഹമെന്ന് സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര കൗണ്‍സിലര്‍
കല്ലറയില്‍ കണ്ടത് ഗോപന്റെതന്നെ മൃതദേഹമെന്ന് നെയ്യാറ്റിന്‍കര കൗണ്‍സിലര്‍
തിരുവനന്തപുരം: കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്തത് ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ തന്നെ (ഗോപന് സ്വാമി, മണിയന്) മൃതദേഹമാണു സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര കൗണ്‍സിലര്‍ പ്രസന്നകുമാര്‍. മുന്‍പു ഗോപനെ കണ്ടിട്ടുണ്ട്, തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി. പൊലീസുകാര്‍ കല്ലറ പൊളിക്കുമ്പോള്‍ പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സന്നിഹിതരായിരുന്നു.
ഗോപന്‍സ്വാമിയുടെ മുഖം തിരിച്ചറിയാന്‍ കഴിയുന്നനിലയിലായിരുന്നു. ശരീരം മുഴുവന്‍ തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നുവെന്നും നഗരസഭ കൗണ്‍സിലറായ പ്രസന്നകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചമ്രംപടിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ മുട്ടാത്ത നിലയിലാണ് സ്ലാബ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ വായ തുറന്നിരുന്നു. വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി.
പോലീസുകാര്‍ ആദ്യം കല്ലറയുടെ അളവൊക്കെ എടുത്തു. സമീപത്തെ മണ്ണുനീക്കി. ആര്.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ സ്ലാബ് നീക്കി. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. അകത്തുമുഴുവന്‍ ഭസ്മമായിരുന്നു. പൂജാദ്രവ്യങ്ങളും ഉണ്ടായിരുന്നു. മുഖം തിരിച്ചറിയാന്‍ കഴിയുന്ന നിലയിലായിരുന്നു. ശരീരം മുഴുവന്‍ തുണികൊണ്ട് പൊതിഞ്ഞിരുന്നു. കര്‍പ്പൂരത്തിന്റെ മണമുണ്ടായിരുന്നു. മൃതദേഹത്തിന്റെ വായ തുറന്നനിലയിലായിരുന്നു. വായ്ഭാഗത്ത് മാത്രം നിറംമാറ്റമുണ്ടായിരുന്നതായും നഗരസഭ കൗണ്‍സിലര്‍ പറഞ്ഞു.
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയായിരുന്നു. മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഇരുന്നിരുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധന നടക്കാനുണ്ട്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലായിരുന്നു. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ്, അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്.
കല്ലറയിലെ മൃതദേഹത്തിന്, കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗോപന് സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കി. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ലായിരുന്നു. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേല്മൂടി തുറന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
അതേസമയം, നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തുനിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് വിവാദമായ ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കും.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനാ നേതാക്കളും കുടുംബവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. കല്ലറ തുറക്കുന്നതിനു സമീപം നില്ക്കണമെന്നു തന്നോട് പൊലീസ് ആവശ്യപ്പെട്ടെന്നും താന്‍ തയാറായില്ലെന്നും ഗോപന്റെ മകന് സനന്തന്‍ പറഞ്ഞു.