ഗുണ്ടാ നേതാവെങ്കില്‍ 'ആവേശം' മോഡലില്‍ വാളു കൊണ്ട് കേക്ക് മുറിക്കണം; കരുനാഗപ്പള്ളി ഹോട്ടലിലെ നിധീഷിന്റെ പിറന്നാള്‍ ആഘോഷം പോലീസ് അറിഞ്ഞത് വീഡിയോ ഇന്‍സ്റ്റയില്‍ എത്തിയപ്പോള്‍; തീക്കാറ്റ് സാജന്റെ 'റീല്‍സ്' മോഹം എല്ലാ ഗുണ്ടകള്‍ക്കും; ആവേശവും മാര്‍ക്കോയും കേരളത്തെ സ്വാധീനിച്ചുവോ?
കൊല്ലം: കേരളത്തില്‍ 'മാര്‍കോ' മോഡല്‍ കൊലകള്‍ തുടരുന്നു. കുറ്റകൃത്യങ്ങളുടെ ഉള്ളറകള്‍ കേട്ട് ഞെട്ടുകയാണ് മലയാളികള്‍. ഇതിനിടെയിലും ആഘോഷത്തിലാണ് ഗുണ്ടകള്‍. കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ 'ആവേശം' മോഡലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷം നടന്നുവെന്നാണ് പോലീസ് നിഗമനം.. കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലിലാണ് പിറന്നാള്‍ ആഘോഷം നടന്നത്. വടിവാള്‍കൊണ്ട് കെയ്ക്ക് മുറിച്ചായിരുന്നു ആഘോഷം. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇത് കണ്ട് പോലീസും ഞെട്ടി. കായംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുണ്ടാനേതാവ് നിധീഷിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇവര്‍ ഒത്തുകൂടിയതെന്ന് പോലീസ് അന്ന് കണ്ടെത്തിയിരുന്നു.
വെഞ്ഞാറമൂടിലെ അഫാന്റെ കൊലയില്‍ നിറയുന്നത് 'മാര്‍ക്കോ' മോഡല്‍ പ്രതികാരമാണ്. ഉണ്ണി മുകുന്ദന്‍ സിനിമയുടെ സ്വാധീന ചര്‍ച്ചകള്‍ മുമ്പോട്ട് പോകുമ്പാഴാണ് ആവേശം മോഡല്‍ പിറന്നാള്‍ വാര്‍ത്തയും എത്തുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള സംഘത്തെ കായംകുളത്ത് പോലീസ് പിടികൂടിയിരുന്നു. കൊലക്കേസ് പ്രതിയുള്‍പ്പെടെയുള്ള ഗുണ്ടാസംഘമാണ് 2024ല്‍ അറസ്റ്റിലായത്. അന്ന് എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അതുലും മറ്റ് 9 പേരുമാണു പിടിയിലായത്. 6 പേര്‍ പൊലീസിനെ കണ്ട് ഓടിപ്പോയി. ഇതിലൊരാളും കൊലക്കേസ് പ്രതിയാണ്. ഗുണ്ടാനേതാവ് നിധീഷിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് അന്നും ഇവര്‍ ഒത്തുകൂടിയത്.
ആഘോഷത്തിനായി ഒത്തുകൂടിയ ഗുണ്ടകള്‍ തമ്മിലടിക്കുന്നതായി വിവരം ലഭിച്ചാണു 2024ലെ ഫെബ്രുവരിയില്‍ പൊലീസ് സംഘം എരുവയിലെ വീട്ടില്‍ എത്തിയത്. 45 പേര്‍ ഇവിടെ ഒത്തുകൂടി.െ പൊലീസിനെക്കണ്ട് ഓടിപ്പോയ 6 പേര്‍ കൊടുംക്രിമിനലുകളായിരുന്നു. സംഘബലം കാട്ടി ക്വട്ടേഷനുകള്‍ പിടിക്കാനുള്ള നീക്കമായിരുന്നു ഈ യോഗം. എരുവ നെടുവക്കാട്ട് നിധീഷ് കുമാര്‍ (39), ഷാന്‍ വധക്കേസ് പ്രതി മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ (29), പത്തിയൂര്‍ വിനീത് ഭവനത്തില്‍ വിജീഷ് (30), കൃഷ്ണപുരം പുത്തന്‍പുര തെക്കതില്‍ അനന്തു (20), ഇടുക്കി മുളകുവള്ളി കുത്തനാപിളളില്‍ അലന്‍ ബെന്നി(27),തൃശൂര്‍ തൃക്കല്ലൂര്‍, വാലത്ത് ഹൗസില്‍ പ്രശാല്‍( 29), പത്തിയൂര്‍ക്കാല വഞ്ചിയൂര്‍ ഹബീസ്(32), പത്തിയൂര്‍ക്കാല ഏനാകുളങ്ങര വിമല്‍ ഭവനില്‍ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീന്‍ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനില്‍ രാജേഷ് കുമാര്‍ (45) എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
കൊലക്കേസ് പ്രതിയായ മാട്ട കണ്ണന്‍, തക്കാളി ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചര്‍ അരുണ്‍, ലഹരിമരുന്നു വില്‍പന സംഘത്തില്‍പെട്ട അമല്‍ ഫാറൂഖ് സേട്ട് (മോട്ടി), വിജയ് കാര്‍ത്തികേയന്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ആഘോഷത്തിനിടെ പോലീസ് എത്തിയപ്പോള്‍ ഓടിപോയത്. ആവേശം മോഡല്‍ പിറന്നാളാഘോഷം ഗുണ്ടകള്‍ക്കിടയില്‍ സജീവമാണ്. ആഴ്ചകള്‍ക്ക് മുമ്പ് തൃശൂരിലും സമാന ചര്‍ച്ച ഉയര്‍ന്നിരുന്നു പൊളിച്ചതിനുള്ള വൈരാഗ്യത്തില്‍ പോലീസ് സ്റ്റേഷനും കമ്മിഷണ്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട തീക്കാറ്റ് സാജന് പിടിയില്‍.
2024 ജൂലായ് ഏഴിനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ പോലീസ് പിടികൂടിയത്. തേക്കിന്‍കാട് മൈതാനത്തായിരുന്നു ആഘോഷ പരിപാടികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. സാജന്‍ ആവേശം മോഡലില്‍ അനുയായികള്‍ക്കിടിയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീല്‍സ് എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സാജനെത്തും മുന്‍പ് വിവരമറിഞ്ഞ പോലീസ് മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുള്‍പ്പെടെ 32 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സാജനെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്തവരെ താക്കീത് നല്‍കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ അനുയായികളെ വിട്ടയച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഫോണില്‍ ഭീഷണി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്. മൂന്ന് കൊലപാതകമുള്‍പ്പെടെ 12 കേസുകളില്‍ പ്രതിയാണ് പുത്തൂര്‍ സ്വദേശിയായ സാജന്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ തന്റെ സംഘത്തിലേക്ക് ആളുകളെ കണ്ടെത്തിയത്. ഇതിനെല്ലാം വേണ്ടിയാണ് ഗുണ്ടകള്‍ ഇത്തരം പിറന്നാള്‍ ആഘോഷം നടത്തുന്നത്.