നിപ ഭീതിയൊഴിയാതെ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍; മലപ്പുറത്ത് 12 പേര്‍ ചികിത്സയില്‍; അഞ്ച് പേര്‍ ഐസിയുവില്‍; മലപ്പുറത്ത് 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
നിപ ഭീതിയൊഴിയാതെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി. നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐസിയു ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്
പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍
മലപ്പുറം മക്കരപറമ്പിലെ 18 വയസ്സുകാരിയുടെ മരണം നിപ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത പ്രതിരോധ നടപടികളിലേക്ക് കടന്നു. മക്കരപറമ്പ് പഞ്ചായത്തിലെ 1 മുതല്‍ 13 വരെയുള്ള വാര്‍ഡുകള്‍, കൂട്ടിലങ്ങാടി പഞ്ചായത്തിലെ 11, 15 വാര്‍ഡുകള്‍, മങ്കടയിലെ 14-ാം വാര്‍ഡ്, കുറുവ ഗ്രാമപഞ്ചായത്ത് പരിധിയിലെ 2, 3, 5, 6 വാര്‍ഡുകള്‍ എന്നിങ്ങനെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ സോണുകളായി പ്രഖ്യാപിച്ചു. മലപ്പുറത്ത് 211 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്ക് നേരത്തെ നിപ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുവായ 10 വയസ്സുകാരിക്ക് പനി സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ തച്ഛനാട്ടുകര മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ സര്‍വ്വേ തുടരുകയാണ്. പനി ബാധിച്ചത് മുതലുള്ള യുവതിയുടെ റൂട്ട്മാപ്പ് കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.
യുവതിയുടെ വീടിനോട് ചേര്‍ന്ന് കണ്ടെത്തിയ വവ്വാല്‍ കൂട്ടം ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. യുവതിയുടെ വീടിന്റെ സമീപ പ്രദേശങ്ങളിലുള്ള വളര്‍ത്തു മൃഗങ്ങളുടെ സ്രവങ്ങളും വവ്വാല്‍ കൂട്ടങ്ങളുടെ വിസര്‍ജ്യവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.