സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി 'ജീവത്യാഗം' ചെയ്‌തെന്ന് സുന്ദരേശന്‍! അത് ഏപ്രില്‍ ഫൂളോ നെയ്യാറ്റിന്‍കര ഗോപന്‍ മോഡല്‍ സമാധിയോ എന്ന് ആര്‍ക്കും അറിയില്ല; 'കൈലാസ രാജ്യം' സ്ഥാപിച്ച തിരുവണ്ണാമലൈക്കാരനെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല; സത്യം പറയാന്‍ നടി രഞ്ജിത എത്തുമോ?
ചെന്നൈ : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയെ പോലെ വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദയും സമാധിയായോ? നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം എത്തുകയാണ്. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് മരണ വിവരം അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു വെളിപ്പെടുത്തല്‍. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി 'ജീവത്യാഗം' ചെയ്‌തെന്നാണ് സുന്ദരേശ്വരന്‍ അനുയായികളെ അറിയിച്ചത്. എന്നാല്‍ നിത്യാനന്ദ മരിച്ചെന്ന വാര്‍ത്തകള്‍ മറ്റ് കേന്ദ്രങ്ങള്‍ തള്ളി. മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന അര്‍ഥത്തില്‍ പങ്കുവച്ചതാണോ എന്നും സംശയമുണ്ട്. ഏതായാലും നിത്യാനന്ദ തന്നെ വന്ന് സമാധിയില്‍ വ്യക്തത വരുത്തേണ്ടി വരും. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും കെട്ടിപ്പടുത്തു. ഇതിനിടെയാണ് 2010ല്‍ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വിഡിയോ പുറത്തുവന്നത്. ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും വന്നു. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയ്ക്കു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിടുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കൈലാസ' എന്ന പേരില്‍ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈലാസയ്ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് വരെയുണ്ടായിരുന്നു പ്രചരണം. ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പാസ്പോര്‍ട്ടിന് പുറമേ പൗരത്വം, കറന്‍സി തുടങ്ങിയവ നിത്യാനന്ദ സ്വാമി പ്രഖ്യാപിച്ചത്. എന്നാല്‍ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും അഭിപ്രായം.
പലതവണ ഓണ്‍ലൈന്‍ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. നിത്യാനന്ദ മരിച്ചെന്ന് 2022-ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന താന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു. നിത്യാനന്ദയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ 10000 കോടി രൂപയില്‍ അധികം വരുന്ന സ്വത്തിന് അവകാശി ആരായിരിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. നിത്യ സുന്ദരേശ്വരാനന്ദ സ്വാമി നിത്യാനന്ദയുടെ പിന്‍ഗാമിയാകുമോ, അല്ലെങ്കില്‍ സ്വത്തില്‍ അവകാശവാദവുമായി നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിത എത്തുമോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.
1978 ജനുവരി 1 ന് തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ അരുണാചലം - ലോകനായകി ദമ്പതികളുടെ മകനായിട്ടാണ് നിത്യാനന്ദ ജനിക്കുന്നത്. രാജശേഖരന്‍ എന്നായിരുന്നു അച്ഛനും അമ്മയും നല്‍കിയ പേര്. ഇടത്തരം കുടുംബത്തില്‍ ജനിച്ച രാജശേഖരനു സ്‌കൂളില്‍ പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും ആത്മീയ വഴികള്‍ അന്ന് തന്നെ ഇഷ്ടമായിരുന്നു. വീട്ടില്‍കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിഞ്ഞ വ്യക്തിയാണ് രാജശേഖരനെന്നും മുന്‍കാല കഥകള്‍ പറയുന്നു.1995 ല്‍ സന്യാസം സ്വീകരിക്കാന്‍ ചെന്നൈയിലെ രാമകൃഷ്ണ മഠത്തില്‍ എത്തിയെങ്കിലും 10 വര്‍ഷത്തെ പഠനം നാല് വര്‍ഷം പൂര്‍ത്തിയാകിയപ്പോഴേക്കും അവിടെ നിന്നും മടങ്ങി. തുടര്‍ന്ന് ജീവിക്കാന്‍ പല പണികള്‍ ചെയ്ത അദ്ദേഹം വീണ്ടും ആത്മീയ വഴിയിലേക്ക് തിരിച്ചെത്തി. പവിഴക്കുണ്ട് മലയില്‍ സ്ത്രീകള്‍ നടത്തുന്ന ആശ്രമത്തില്‍ ചേര്‍ന്നെങ്കിലും പിന്നീട് അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ആത്മീയ പ്രഭാഷണവും രോഗസൗഖ്യ അവകാശ വാദവുമാണ് രാജശേഖരിന്റെ ജീവതത്തില്‍ വഴിത്തിരിവായി മാറുന്നത്.
2000 ല്‍ സ്വന്തമായി ആശ്രമം തുടങ്ങിയ അദ്ദേഹം നിത്യാനന്ദ എന്ന പേര് സ്വീകരിച്ചു. തെന്നിന്ത്യന്‍ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. 2004 മുതല്‍ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലോടെയാണ് നിത്യാനന്ദ കുടുങ്ങിയത്. നാല്‍പതോളം തവണ നിത്യാനന്ദ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് തന്റെ രണ്ട് മക്കളെ നിത്യാനന്ദ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന അച്ഛന്റെ പരാതിയാണ് നിത്യാനന്ദയെ വെട്ടിലാക്കിയത്. ഈ പെണ്‍കുട്ടികള്‍ അച്ഛനെ തള്ളി നിത്യാനന്ദയെ പിന്തുണച്ചെങ്കിലും അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടി വരികയായിരുന്നു. പിന്നീട് ഇന്ത്യ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും, അദ്ദേഹത്തെ കണ്ടെത്താനായില്ല.
ആശ്രമത്തില്‍ അമാവാസി ദിനത്തില്‍ ഒരു പ്രത്യേകതരം മരുന്ന് നിത്യാനന്ദ തന്നെ തയാറാക്കി നല്‍കാറുണ്ട്. അത് കഴിച്ചാല്‍ അയാളോട് വിധേയത്വം കൂടും. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാട് പേരുണ്ട്. മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. പരുഷന്‍മാര്‍ വരെ അവിടെ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.'-ഇങ്ങനെയുള്ള വെളിപ്പെടുത്തല്‍ വരെ നിത്യാനന്ദയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.