ഏറ്റുമാനൂരില്‍ ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട നോബി ലൂക്കോസ് ജയിലില്‍ തുടരുന്നു; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി; ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് കുര്യാക്കോസ് കേസില്‍ കക്ഷിചേര്‍ന്നു

നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി

Update: 2025-03-21 08:48 GMT
ഏറ്റുമാനൂരില്‍ ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട നോബി ലൂക്കോസ് ജയിലില്‍ തുടരുന്നു; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി; ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് കുര്യാക്കോസ് കേസില്‍ കക്ഷിചേര്‍ന്നു
  • whatsapp icon

കോട്ടയം: ഏറ്റുമാനൂരില്‍ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നോബിക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

അതേസമയം, നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം കോടതി ഹര്‍ജി പരിഗണിക്കും. മുമ്പ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നോബി ലൂക്കോസ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നോബി സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. വിവാഹമോചനത്തിനായി പലതവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല.

ഫെബ്രുവരി 17ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. വിവാഹമോചനത്തിന് സമ്മതമല്ലെന്നും കുട്ടികള്‍ക്ക് ചെലവിനുള്ള പണം നല്‍കില്ലെന്നും നോബി ഷൈനിയെ ഫോണ്‍ ചെയ്ത് പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നോബിയുടെ പെരുമാറ്റത്തില്‍ ഷൈനി കടുത്ത സമ്മര്‍ദത്തിലായിരുന്നു.

പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നില്‍ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിര്‍ത്താതെ ഹോണ്‍ മുഴക്കി വന്ന ട്രെയിനിന് മുന്നില്‍ നിന്നും മൂവരും മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്‌സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

അതേസമം ഷൈനി വായ്പ എടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞത് അടക്കം നോബിക്ക് തിരിച്ചടിയാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ നോബിയും കുടുംബവും തയാറായില്ല. ഷൈനിയുടെ ആവശ്യത്തിനാണ് പണം എടുത്തതെന്ന് പറഞ്ഞ് നോബിയും കുടുംബവും കയ്യൊഴിയുകയായിരുന്നെന്നും കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.

''ഷൈനി കുടുംബശ്രീയില്‍ നിന്ന് പണം വായ്പയെടുത്തത് ഭര്‍ത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കും വീട് പുതുക്കാനുമായിരുന്നു. ജൂണ്‍ വരെ പണം തിരിച്ചടച്ചിരുന്നു. വീട്ടില്‍ നിന്ന് പോയതോടെ പണം അടയ്ക്കാതെയായി. വായ്പ മുടങ്ങിയതോടെ നിക്ഷേപത്തില്‍ നിന്നെടുത്ത് കുടുംബശ്രീ അംഗങ്ങളാണ് പണം തിരിച്ചടച്ചത്. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്നു പറഞ്ഞു. ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇന്‍ഷുറന്‍സും കൈമാറാന്‍ നോബിയും കുടുംബവും ഷൈനിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതു തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് പറഞ്ഞത്. പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും അതുകൊണ്ട് പൊലീസില്‍ പരാതി നല്‍കാനും പറഞ്ഞത് ഷൈനിയാണ്'' കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. ഷൈനി മരിച്ചതോടെ വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കണം എന്ന ആശങ്കയിലാണ് കരിങ്കുന്നത്തെ പുലരി കുടുംബശ്രീ. 1,26,000 രൂപയാണ് വായ്പ ഇനത്തില്‍ ഇനി അടയ്ക്കാനുള്ളത്.

Tags:    

Similar News