തൂത്തുക്കൂടി സര്‍ക്കാരിന്റെ കീഴിലുള്ള തുറമുഖം; വിഴിഞ്ഞത്ത് വിജിഎഫ് നിബന്ധന കര്‍ശനം; തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് തിരിച്ചടി

വിഴിഞ്ഞം തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം

Update: 2024-12-15 06:28 GMT

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സര്‍ബാനന്ദ് സോനോവാള്‍ വ്യക്തമാക്കി.

വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടില്‍ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയില്‍ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ല. തൂത്തുക്കൂടി സര്‍ക്കാരിന്റെ കീഴിലുള്ള തുറമുഖമാണ്. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

രാജ്യസഭയില്‍ ഹാരീസ് ബീരാന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ 7-നും 2024 ജൂലൈ 27-നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് ഷിപ്പിങ് മന്ത്രി അറിയിച്ചു. എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്റെ വിയോജിപ്പ്.

വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തി വന്ന പൊതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാന്റായി തന്നെ അനുവധിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നല്‍കുന്ന തുക, വായ്പയായി വാഖ്യാനിച്ചാല്‍ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഖജനാവിന് 10000 മുതല്‍ 12000 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടാകുമെന്നും അതിനാല്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടിവില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ നെറ്റ് പ്രസന്റ് വാല്യു (എന്‍പിവി) മാതൃകയില്‍ തിരിച്ചടയ്ക്കാന്‍ 10,000 മുതല്‍ 12,000 കോടിരൂപ വരെ വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയത്. പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയില്‍ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വിജിഎഫ് അനുവദിച്ചിരുന്നു.

എന്നാല്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രെസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് അല്ലാതെ വായ്പയായാണ് പണം എന്നത് വിജിഎഫ് വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. ഈ നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

പിപിപി സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിജിഎഫ് നടപ്പാക്കുന്നത്. ഇത് വായ്പയായല്ല മറിച്ച് സഹായമായാണ് നല്‍കുന്നതെന്നാണ് വിജിഎഫ് മാനദണ്ഡങ്ങളില്‍ തന്നെ പറയുന്നത്. 2005ല്‍ ഇതു നടപ്പാക്കിയതു മുതല്‍ കേന്ദ്ര ധനമന്ത്രാലയം 1.19 ലക്ഷം കോടിയുടെ 238 പദ്ധതികള്‍ക്കായി 23,665 കോടി രൂപ വിജിഎഫ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഴിഞ്ഞത്തിന് ഒഴികെ ഒരു തവണ പോലും തിരിച്ചടവ് ആവശ്യപ്പെട്ടിട്ടില്ല.

2023ല്‍ വിജിഎഫ് അനുവദിച്ച തൂത്തുക്കുടി തുറമുഖ പദ്ധതിക്കും തിരിച്ചടവ് നിബന്ധന വച്ചിട്ടില്ല. ദേശീയസാമ്പത്തിക രംഗത്തിനും കേന്ദ്രസര്‍ക്കാരിനും വിഴിഞ്ഞം പദ്ധതിയിലൂടെ ലഭിക്കുന്ന അധികവരുമാനം കണക്കിലെടുത്ത് തൂത്തുക്കുടിക്കു നല്‍കുന്ന പരിഗണന തന്നെ വിഴിഞ്ഞത്തിനും നല്‍കണം. ഈ സാഹചര്യത്തില്‍ തിരിച്ചടവ് നിബന്ധന ഒഴിവാക്കി വിജിഎഫ് അനുവദിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Tags:    

Similar News