ആനവണ്ടി പോലും ഇതുവഴി വരാൻ ഒന്ന് മടിക്കും; കുട്ടികളെ സ്ക്കൂളിൽ വിടാൻ മാതാപിതാക്കൾക്ക് പേടി; മഴ പെയ്താൽ പിന്നെ തീർന്നു; താഴ്ന്ന അവസ്ഥയിൽ വർഷങ്ങൾ പഴക്കമുള്ള ഒരു റോഡ്; പലയിടത്തും വെള്ളക്കെട്ട്; ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; ദുരിതം പേറി കാരിക്കുഴിയിലെ ജനങ്ങൾ
എടത്വ: വർഷങ്ങൾ പഴക്കമുള്ള റോഡ് ശോചനീയാവസ്ഥയിൽ. ഏകദേശം 70 വർഷം പഴക്കമുള്ള റോഡ് ആണ് ശാപമോക്ഷം കിട്ടാതെ അലയുന്നത്. കുട്ടികൾക്ക് ഇപ്പോൾ സ്‌കൂളിൽ പോകാൻ കൂടി കഴിയാത്ത അവസ്ഥയാണ്. ഇവിടെ വെള്ളം രൂക്ഷമായി പൊങ്ങിയാലും ഇല്ലെങ്കിലും ഇതാണ് അവസ്ഥ. തലവടി പഞ്ചായത്തിലെ കാരിക്കുഴി പ്രദേശത്തെ ജനങ്ങൾ ആണ് ദുരിതം അനുഭവിക്കുന്നത്. ഏകദേശം ഏഴ് പതിറ്റാണ്ടു പഴക്കമുള്ള റോഡിൽ 600 മീറ്ററോളം നീളത്തിൽ റോഡ് താഴ്ന്നു കിടക്കുന്ന അവസ്ഥയാണ്. ഒരു ചെറിയ മഴ പെയ്താൽ തന്നെ ഇവിടെ മുഴുവൻ വെള്ളക്കെട്ടാകുമെന്നും നാട്ടുകാർ പറയുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് ആയതുകൊണ്ട് തന്നെ നിരവധി തവണ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതി ഉണ്ട്. അതുപോലെ ഇതുവഴിയാണ് ചങ്ങനാശേരി, തിരുവല്ല, എടത്വ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസുകൾ സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ അതും വർഷങ്ങളായി നിലച്ച അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. ഇതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് കാരിക്കുഴിയിലെ പ്രദേശവാസികൾ.
കാരിക്കുഴി ഗവൺമെന്റ് എൽ പി സ്‌കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ ഏറെ ദുരിതം പേറിയാണ് എത്തുന്നത്. വെള്ളക്കെട്ട് കാരണം കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ പോലും ആരും തയാറാകുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതോടെ സ്‌കൂൾ അടച്ചു പൂട്ടലിന്റെ വക്കിലാണ്. രണ്ട്, മൂന്ന് വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന യാത്രക്കാർക്കും ഏക ആശ്രയമാണ് ഈ റോഡ്.
കാരിക്കുഴി അർത്തിശേരിയിൽ സ്‌റ്റേ ബസ് വരെ ഉണ്ടായിരുന്നതാണ്. റോഡിന്റെ ശോചനീയാവസ്ഥ കാര ണം സർവീസുകൾ പോലും ഇപ്പോൾ നേരെ നടത്തുന്നില്ല. ഇനി റോഡ് ശരിയാക്കിയാൽ മാത്രമേ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവുകയുള്ളൂ.
വർഷങ്ങളായി പുനരുദ്ധാരണ പ്രവർത്തനങ്ങളോ കാര്യമായ അറ്റകുറ്റപ്പണികളോ നടത്തുന്നില്ലെന്നും പരാതി ഉണ്ട്. ഒരു ചെറിയ മഴ പെയ്ത് തോർന്നാൽ പിന്നെ ചെറിയ വാഹനങ്ങൾക്ക് പോലും നേരെ പോകാൻ കഴിയാത്ത അവസ്ഥയാണ്. അതുപോലെ പ്രദേശത്ത് കാൻസർ രോഗികളും ഡയാലിസിസ് ചെയ്യുന്ന രോഗികളും ധാരാളം പേർ ഉണ്ട്. ഇവരെ ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ പോലും കഴിയാത്ത അവസ്ഥ.
താഴ്ന്ന പ്രദേശം എങ്കിലും ഒന്ന് ഉയർത്തി പുനർനിർമിച്ചാൽ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ലഭ്യമാകുമെന്നും നാട്ടുകാർ പറയുന്നു. കെഎസ്ആർടിസി ബസ് ഓടിയിരുന്ന വഴി ആയിരുന്നു. ഇന്ന് അത് മുടങ്ങി പോകുന്നു. രോഗികൾക്കും അടിയന്തര സേവനങ്ങൾക്കും പോലും യാത്ര സുരക്ഷിതമല്ലാതാകുകയാണ്. പിഡബ്ല്യൂഡി വകുപ്പിന്റെയും അധികാരികളുടെയും അടിയന്തര ഇടപെടലിലൂടെ ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.