എന്‍ എസ് എസിന്റെ വിശ്വസ്തന്‍; പെരുന്ന കരയോഗത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ്; ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്; മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടില്‍ നിന്നും പൊക്കി അന്വേഷകര്‍; ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യും; അന്വേഷണം ഉന്നതങ്ങളിലേക്ക്
തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു. എന്‍ എസ് എസ് പെരുന്ന കരയോഗം മുന്‍ വൈസ് പ്രസിഡന്റാണ്. വിവാദത്തെ തുടര്‍ന്ന് എന്‍ എസ് എസും മുരാരി ബാബുവിനെ പുറത്താക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശേഷം കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് മുരാരി ബാബു.
കേസില്‍ മുരാരി ബാബുവിന്റെ പങ്ക് വളരെ വ്യക്തമാണ്. ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്. 2029 ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് സ്വര്‍ണം പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍, ആ സമയത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു ബി. മുരാരി ബാബു. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരത്തെ റിപ്പോര്‍ട്ടില്‍ വന്നതു പോലെ സ്വര്‍ണപ്പാളിയല്ല. അതില്‍ അന്വേഷണം നടക്കുകയാണ്. തിരുവാഭരണ കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച ശേഷമാണു 2019ല്‍ ഇളക്കിക്കൊണ്ടുപോയത്. 2019 ജൂലൈയില്‍ ഇളക്കുമ്പോള്‍ താന്‍ ചാര്‍ജു മാറി. ഇളക്കുന്ന സമയത്താണു ഭൗതിക പരിശോധന പൂര്‍ണമായി നടക്കുന്നത്. അപ്പോള്‍ കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ അവിടുണ്ട്. സ്വര്‍ണം പൂശിയതു തെളിഞ്ഞു ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാന്‍ അനുവദിച്ചു എന്നാണു താന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും വിശദീകരിച്ചിരുന്നു.
സ്വര്‍ണം പൊതിഞ്ഞു എന്നു പറയുമ്പോള്‍, ശ്രീകോവിലിനു ചുറ്റുമുള്ള തൂണുകള്‍, ദ്വാരപാലക ശില്‍പങ്ങള്‍, പാത്തി, വേദിക തുടങ്ങിയവയ്ക്ക് എല്ലാം കൂടി പൂശാന്‍ ഒരു കിലോയോളം സ്വര്‍ണമാണ് ഉപയോഗിച്ചത്. വളരെ ചെറിയ അളവിലാണു പുറത്തു സ്വര്‍ണം പൂശിയത്. അതിനാലാണു തെളിഞ്ഞത്. മേല്‍ക്കൂര മാത്രമാണു മങ്ങാതിരിക്കാന്‍ സ്വര്‍ണപ്പാളി അടിച്ചതെന്നു തോന്നുന്നു. അതുകൊണ്ടാകും വെയിലും മഴയും ഏറ്റിട്ടും അതു മങ്ങിയില്ല. പൂശിയതാണു തെളിഞ്ഞത്. പാത്തിയും തൂണുകളും വേദികയും ഇപ്പോഴും അവിടുണ്ടെന്നും മുരാരി ബാബു പറഞ്ഞിരുന്നു.
വാതില്‍ സ്വര്‍ണം പൂശിയപ്പോള്‍ പുതിയ വാതില്‍ വച്ചു. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി രംഗത്തേക്കു വരുന്നത്. 2025ല്‍ ഇതു വീണ്ടും സ്വര്‍ണം പൂശാന്‍ ശുപാര്‍ശ നല്‍കി. പഴയ കതക് ഇപ്പോഴും സന്നിധാനത്തുണ്ട്. സ്വര്‍ണം പൂശിയ കമ്പനി 40 വര്‍ഷത്തെ വാറന്റി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ള കമ്പനിയാണ്. ഓംബുഡ്‌സ്മാന്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണു കമ്പനിയെ അംഗീകരിച്ചിട്ടുള്ളത്. അന്നത്തെ സ്‌പോണ്‍സറുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ സ്വര്‍ണം പൂശി നല്‍കാമെന്നു പറഞ്ഞു. താനും അതു റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല നടന്നത്.
ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായെന്നതു ശരിയാണ്. 2019ലുണ്ടായിരുന്ന 3 ഉദ്യോഗസ്ഥരില്‍ താന്‍ മാത്രമേ ഇപ്പോള്‍ സര്‍വീസിലുള്ളൂ. സംഭവം നടക്കുമ്പോള്‍ താനവിടെ ഇല്ലായിരുന്നു എന്നു മഹസറുണ്ട്, രേഖയുണ്ട്. ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പിക്കില്ലല്ലോ. ബോര്‍ഡ് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുന്നത്. അല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പറയുന്നതു പോലെയല്ല.
2019ല്‍ സ്വര്‍ണം പൂശാനായി പാളികള്‍ പോറ്റിയെ ഏല്‍പിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2024ല്‍ വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്.