സഹപാഠികളെല്ലാം ക്ലാസില്‍; അസുഖത്തെ തുടര്‍ന്ന് അവധിയെടുത്ത ലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്ക്; മുറിയില്‍ നിന്നും കുറിപ്പും; കോഴിക്കോട്ട് നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്
കോഴിക്കോട്ട് നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്
കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്, കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണന്‍ (21) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബിഎസ്സി നഴ്സിങ് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്താണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ സിന്ധു ദമ്പതികളുടെ മകളാണ് ലക്ഷ്മി.
നഴ്സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണന്‍ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ സംഭവസമയം ക്ലാസില്‍ പോയതായിരുന്നു. അസുഖത്തെ തുടര്‍ന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് അവര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോട്ടയത്തുനിന്നു ബന്ധുക്കള്‍ രാത്രിയോടെ സ്ഥലത്തെത്തി.