രാജസ്ഥാന് പിന്നാലെ ഒഡീഷയിലും വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി; ആറിടങ്ങളില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം; 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് ഒഡിഷ ഖനനമന്ത്രി; കൂടുതല്‍ പഠനം നടത്താന്‍ സര്‍ക്കാര്‍; കോടാനുകോടികളുടെ സ്വര്‍ണം ഇന്ത്യയുടെ തലവര മാറ്റി മറിക്കുമോ?

രാജസ്ഥാന് പിന്നാലെ ഒഡീഷയിലും വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി

Update: 2025-08-25 06:46 GMT

ഭുവനേശ്വര്‍: രാജസ്ഥാന് പിന്നാലെ ഒഡിഷയിലും വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒഡീഷയിലെ വിവിധ ജില്ലകളില്‍ നടത്തിയ ഖനനങ്ങളില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദിയോഗര്‍, സുന്ദര്‍ഗര്‍, നബരങ്പൂര്‍, കിയോഞ്ജര്‍, അങ്കുല്‍, കോറാപുട് തുടങ്ങി ആറ് ഇടങ്ങളിലായാണ് വന്‍തോതില്‍ സ്വര്‍ണശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി മായുര്‍ഭഞ്ജ്, മല്‍കാന്‍ഗിരി, സംഭാല്‍പൂര്‍, ബൗധ് തുടങ്ങിയ ഇടങ്ങളില്‍ ഖനനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

സംസ്ഥാനത്തെ ഖനന മന്ത്രി ബിഭൂതി ഭൂഷന്‍ ജെനയാണ് ഒഡീഷ നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. എത്ര സ്വര്‍ണനിക്ഷേപം ഉണ്ടാവുമെന്നതിന് കൃത്യമായ കണക്കില്ല. എന്നാല്‍ 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ പ്രദേശങ്ങള്‍ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഒഡീഷ സര്‍ക്കാരും ഒഡീഷ മൈനിങ് കോര്‍പ്പറേഷനും ചേര്‍ന്ന് ആരംഭിച്ചു. ഇതോടൊപ്പം ദിയോഗറില്‍ കണ്ടെത്തിയ സ്വര്‍ണ ഖനി ലേലം ചെയ്യാനുള്ള നീക്കവും ആരംഭിച്ചു. മറ്റിടങ്ങളിലെ സ്വര്‍ണനിക്ഷേപം കൂടുതലായി മനസ്സിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡീഷയില്‍ സ്വര്‍ണം കൂടാതെ വേറെയും ധാതുനിക്ഷേപങ്ങളുണ്ട്. ഭാരതത്തിന്റെ ആകെ ക്രോമൈറ്റില്‍ 96 ശതമാനവും ഒഡീഷയിലാണ്. 52 ശതമാനം ബോക്സൈറ്റും 33 ശതമാനം ഇരുമ്പും ഒഡീഷയില്‍ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത്. സ്വര്‍ണനിക്ഷേപത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നേരത്തെ രാജസ്ഥാനിലെ ബന്‍സ്വാര മേഖലയാണ് വലിയ സ്വര്‍ണ ശേഖരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെക്കന്‍ രാജസ്ഥാനിലാണ് ബന്‍സ്വാര ജില്ല സ്ഥിതി ചെയ്യുന്നത്. ബന്‍സ്വാരയിലെ വിവിധ മേഖലകളിലായി വലിയ രീതിയിലുള്ള സ്വര്‍ണ നിക്ഷേപം കഴിഞ്ഞ പതിറ്റാണ്ടുകളിലായി കണ്ടെത്തിയിരിക്കുകയാണ്. ഘണ്ടോളിലെ ജഗ്പുരഭൂകിയ എന്നിവിടങ്ങളില്‍ സ്വര്‍ണശേഖരം കണ്ടെത്തിയതിനു ശേഷം ഇപ്പോള്‍ കങ്കാരിയില്‍ സ്വര്‍ണ്ണഖനനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. ഇവിടെ മൂന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ മേഖലയില്‍ സ്വര്‍ണ അയിര് വ്യാപിച്ചു കിടക്കുന്നുണ്ട് എന്നതിന്റെ സൂചനകളാണ് ആദ്യ സര്‍വേകളില്‍ ലഭിക്കുന്നത്.

1990 -91 കാലഘട്ടത്തിലാണ് ബന്‍സ്വാര ജില്ലയിലെ സ്വര്‍ണ നിക്ഷേപത്തെക്കുറിച്ച് ആദ്യം കണ്ടെത്തിയത്. ജഗ്പുര -ഭൂകിയ മേഖലയിലെ 10 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സ്വര്‍ണ്ണശേഖരത്തിന്റെ ഏകദേശ കണക്കുകള്‍ എടുത്തത് പ്രകാരം ഖനന ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള പ്രക്രിയ സര്‍ക്കാര്‍ ആരംഭിച്ചു. ഈ സ്ഥലത്ത് നിന്നുള്ള ഒരോ ടണ്‍ അയിരിലും ഏകദേശം 1.945 ഗ്രാം സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനകള്‍ തെളിഞ്ഞിരിക്കുന്നത്. ഇതനുസരിച്ച് ഏകദേശം 120 ടണ്‍ സ്വര്‍ണം ഈ മേഖലയില്‍ ഉണ്ടായിരിക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഈ കണക്കുകള്‍ ശരിയായി വന്നാല്‍ ആയിരക്കണക്കിന് കോടികളുടെ വരുമാനമാണ് ഉണ്ടാക്കാന്‍ കഴിയുന്നത്.

2 -3 ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപീകൃതമായ പാറകളാണ് ബന്‍സ്വാരയില്‍ ഉള്ളത്. കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണ്ണഖനി സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ളതിന് സമാനമായ വോള്‍കാനിക് -സെഡിമെന്ററി പാറകളാണ് ഇവ. ഭൂഗര്‍ഭത്തില്‍ നിന്നുള്ള ചൂടുനീര് ഈ പാറകളിലെ വിള്ളലുകളില്‍ കൂടി വലിയ മര്‍ദ്ദത്തില്‍ കടന്നുപോകുന്നു. സ്വര്‍ണ്ണവും മറ്റു ധാതുക്കളും അടങ്ങിയ ഈ ജലം വിള്ളലുകള്‍ക്കുള്ളില്‍ തങ്ങി തണുക്കുന്നതോടെ സ്വര്‍ണവും ക്വാര്‍ട്‌സും മറ്റ് ധാതുക്കളുടെയും ശേഖരം അവയ്ക്കുള്ളില്‍ രൂപീകൃതമായി. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രക്രിയ തുടര്‍ന്നതിന്റെ ഫലമായി പാറകളുടെ പാളികള്‍ക്കുള്ളില്‍ ഇത്തരത്തില്‍ വലിയതോതില്‍ സ്വര്‍ണ നിക്ഷേപം ഉണ്ടാവുകയായിരുന്നു.

ഇത്രയധികം സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ സാധിക്കുന്നതിലൂടെ സര്‍ക്കാരിന് കൂടുതല്‍ വരുമാനം നേടാനാവുന്നതിനൊപ്പം പ്രാദേശികമായി വലിയ രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നതാണ് മറ്റൊരു പ്രധാന കാര്യം. കര്‍ണാടകയ്ക്കും ആന്ധ്രാപ്രദേശിനും ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ ഉല്‍പാദക സംസ്ഥാനങ്ങളിലൊന്നായി രാജസ്ഥാന്‍ ഉടന്‍ മാറുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഖനനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കമ്പനി ലൈസന്‍സ് നേടുന്നതിനുള്ള തുക സര്‍ക്കാരില്‍ കെട്ടിവച്ച് അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണ്. രാജസ്ഥാനില്‍ മറഞ്ഞിരിക്കുന്ന കോടാനുകോടികളുടെ സ്വര്‍ണം ശേഖരിക്കാനായാല്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തലവര മാറുമെന്നാണ് നിഗമനം.

Tags:    

Similar News