ചെങ്ങളായി ചേരന്‍കുന്നിലെ കൊടുംവളവില്‍ പെട്രോള്‍ പമ്പ് സ്ഥാപിച്ചാല്‍ വന്‍ അപകടസാധ്യത; രണ്ടു വകുപ്പുകള്‍ എന്‍ഒസിയെ എതിര്‍ത്തിട്ടും സിപിഎമ്മിന് പിടിവാശി; നവീന്‍ ബാബുവിന്റെ ജീവനെടുത്തതും ആ പക; എന്‍ഒസി കിട്ടിയിട്ടും പെട്രോള്‍ പമ്പ് തുടങ്ങിയില്ല; ദുരന്തസ്മാരകം പോലെ കാടുപിടിച്ചു പാട്ടത്തിനെടുത്ത സ്ഥലം; നവീന്‍ ബാബു മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍
നവീന്‍ ബാബു മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു വിടവാങ്ങിയിട്ട് ബുധനാഴ്ച ഒരു വര്‍ഷം തികയുമ്പോള്‍ ദുരന്തസ്മാരകം പോലെ കാടുപിടിച്ചു കിടക്കുകയാണു ചെങ്ങളായി ചേരന്‍കുന്നില്‍ വിവാദ പെട്രോള്‍ പമ്പിനായി പാട്ടത്തിനെടുത്ത സ്ഥലം. ഈ പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപപത്രം (എന്‍ഒസി) വൈകിയതിന്റെ പേരിലാണ് ഒരു വര്‍ഷം മുന്‍പ് അന്നത്തെ കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിനെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി ആക്ഷേപിച്ചതും ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞതും. അന്ന്്് ആ യാത്രയയപ്പ് യോഗത്തില്‍ വിഷാദഭാരത്തോടെ ഇരുന്ന നവീന്‍ ബാബു പിറ്റേന്നു പുലര്‍ച്ചെ ജീവനൊടുക്കി. കേസില്‍ അന്വേഷണം പുരോഗമിക്കവെ പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നവീന്‍ ബാബുവിന്റെ മരണത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2024 ഒക്ടോബര്‍ 15നു പുലര്‍ച്ചെയാണ് അദ്ദേഹത്തെ കണ്ണൂര്‍ നഗരത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എഡിഎം നവീന്‍ ബാബു വിടവാങ്ങിയിട്ട് ബുധനാഴ്ച ഒരു വര്‍ഷം തികയുമ്പോഴും ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങളാണ് ജനങ്ങളുടെ മുന്നിലുള്ളത്. നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ പിന്നീടാരും താമസിക്കാന്‍ എത്തിയില്ല. മരണശേഷം പൊലീസ് കെട്ടിയ നാട പോലും അഴിച്ചുമാറ്റിയിട്ടില്ല. ക്വാര്‍ട്ടേഴ്‌സിലേക്ക് ആരും വരാതായതോടെ കാടുപിടിച്ചുകിടക്കുകയാണ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അനവധി ചോദ്യങ്ങളും ഇതുപോലെ ഉത്തരമില്ലാതെ കാടുപിടിച്ചുകിടക്കുകയാണ്.
പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ ഇലക്ട്രിഷ്യനായിരുന്ന ടി.വി.പ്രശാന്തന്റെ പേരിലാണു പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയിരുന്നത്. പെട്രോള്‍ പമ്പിന് എന്‍ഒസി വൈകാന്‍ കാരണമായതു സ്ഥലത്തെ കൊടുംവളവായിരുന്നു. ഇവിടെ പെട്രോള്‍ പമ്പ് സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടസാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു വകുപ്പുകള്‍ എന്‍ഒസിയെ എതിര്‍ത്തിരുന്നു. ഇതു കാരണമാണ് എഡിഎം തീരുമാനം വൈകിപ്പിച്ചത്.
എന്‍ഒസി ലഭിക്കാന്‍ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിനു സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കപ്പെടാതെയെത്തി പി.പി.ദിവ്യ ആക്ഷേപ പ്രസംഗം നടത്തിയത് ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. 'എന്‍ഒസി എങ്ങനെ കിട്ടിയെന്നുള്ളത് അറിയാം, വെയ്റ്റ്, വെറും രണ്ടുദിവസം കാത്തിരിക്കണം' എന്ന ഭീഷണിയോടെയാണു ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്.
പെട്രോള്‍ പമ്പ് ബെനാമി ഇടപാടാണെന്നും ബെനാമിയെ കണ്ടെത്തണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം തുടക്കംമുതലേ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്നു വകുപ്പുതല അന്വേഷണത്തിലും വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി(2)യാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഏക പ്രതി പി.പി. ദിവ്യയോട് ഡിസംബര്‍ 16ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയും ഇതേ കോടതിയാണ് പരിഗണിക്കുന്നത്.
അതേസമയം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേസിലെ ഏക പ്രതി പി.പി. ദിവ്യ പൊതുരംഗത്ത് കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. സമൂഹ മാധ്യമത്തിലും ശക്തമായ ഇടപെടലുകളാണ് ദിവ്യ നടത്തുന്നത്. ഫെയ്‌സ്ബുക്കില്‍ മാത്രം ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. യുഡിഎഫിനെതിരെ ശക്തമായ ആക്രമണമാണ് പി.പി. ദിവ്യ നടത്തുന്നത്. എസ്എഫ്‌ഐയിലൂടെ പ്രവര്‍ത്തനം ആരംഭിച്ച ദിവ്യയുടെ രാഷ്ട്രീയ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലെത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായി.
36ാം വയസ്സിലാണ് ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. അതിന് മുമ്പുള്ള ഭരണ സമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കവേയാണ് നവീന്‍ ബാബുവിന്റെ മരണവും തുടര്‍ന്ന് സ്ഥാനനഷ്ടവും ജയില്‍വാസവും. എന്നാല്‍ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ തന്നെ നില്‍ക്കുകയാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ 'വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം' എന്ന് പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടില്ല. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല.
ടി.വി. പ്രശാന്ത് ഉന്നയിച്ച കൈക്കൂലി ആരോപണം അന്വേഷണ സംഘം തള്ളിയെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തയാറായില്ല. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിന് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി തുടരന്വേഷണം അനുവദിച്ചാല്‍ മാത്രമേ ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളിലേക്ക് അന്വേഷണ സംഘം കടക്കാന്‍ സാധ്യതയുള്ളു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷണം സുപ്രീം കോടതി തള്ളിയത് പ്രതിഭാഗത്തിന് പിടിവള്ളിയാണ്.