'ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെ ഇന്ത്യ തിരിച്ചടിച്ചു; ഭീകരരെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കി; ഓപ്പറേഷന്‍ സിന്ദൂര്‍ 22 മിനിട്ടില്‍ ലക്ഷ്യം കണ്ടു; ശക്തമായ മറുപടിയില്‍ ഭയന്ന പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് തയ്യാറായി; ട്രംപിന്റെ അവകാശവാദം തള്ളി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍; ഇന്ത്യയുടെ സൈനികശക്തി ലോകത്തെ അറിയിച്ചുവെന്ന് പ്രതിരോധ മന്ത്രി

ട്രംപിന്റെ അവകാശവാദം തള്ളി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍

Update: 2025-07-28 09:47 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ലോക്‌സഭയില്‍ ചര്‍ച്ച ആരംഭിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ചയ്ക്ക് മുന്നോടിയായി സഭയില്‍ വിശദീകരണം നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ ചരിത്രപരമായ നീക്കമാണെന്ന് അവകാശപ്പെട്ട പ്രതിരോധമന്ത്രി മെയ് 6-7 തീയതികളില്‍ ഒന്‍പത് ഭീകരക്യാമ്പുകള്‍ തകര്‍ത്തുവെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തില്‍ നൂറിലധികം ഭീകരരെ കൊലപ്പെടുത്തി. ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്നും രാജ്‌നാഥ് സിങ് വെളിപ്പെടുത്തി. മുന്‍കൂട്ടി നിശ്ചയിച്ച രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങള്‍ കൈവരിച്ചതിനാലാണ് ഇന്ത്യ നടപടികള്‍ നിര്‍ത്തിവെച്ചതെന്ന് രാജനാഥ് സിങ് പറഞ്ഞു.

'രാജ്യത്തിന്റെ യശസുയര്‍ത്തിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. രാജ്യത്തിന്റെ സൈനിക ബലത്തെ നമിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഐതിഹാസിക നടപടിയായിരുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു'. ലോക്‌സഭയില്‍ 16 മണിക്കൂര്‍ ചര്‍ച്ചക്ക് തുടക്കമിട്ട് രാജ്‌നാഥ് സിങ് പറഞ്ഞു.

തന്റെ ഇടപെടല്‍ മൂലമാണ് ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ അവകാശവാദത്തെ രാജനാഥ് തള്ളുകയും ചെയ്തു. 'ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം മൂലമാണ് ഈ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചതെന്ന് പറയുന്നത് അടിസ്ഥാനരഹിതവും തികച്ചും തെറ്റുമാണ്... എന്റെ രാഷ്ട്രീയ ജീവിതത്തില്‍, ഞാന്‍ ഒരിക്കലും നുണ പറയാതിരിക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്' രാജ്നാഥ് പറഞ്ഞു.

ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാണിച്ചു. മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ത്തു. നൂറിലധികം തീവ്രവാദികളെ വധിച്ചു. ലഷ്‌ക്കര്‍ ഇ-തയ്ബ, ഹിസ്ബുള്‍ മുജാഹുദീന്‍ സംഘടനകളുടെ ആസ്ഥാനങ്ങള്‍ തകര്‍ത്തു. പാക് ആര്‍മിയുടെയും ഐസ്‌ഐയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. മെയ് 7 ന് രാത്രി 1 മണി 5 മിനിട്ടില്‍ ഭാരതീയ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം തുടങ്ങി. പ്രധാനമന്ത്രി നടപടികള്‍ ഏകോപിപ്പിച്ചു. 22 മിനിട്ടില്‍ ഓപ്പറേഷന്‍ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോണടക്കം സംവിധാനങ്ങളുമായി പാകിസ്ഥാന്‍ തിരിച്ചടിച്ചു. ശക്തമായ മറുപടി നല്‍കി ഭയന്ന പാകിസ്ഥാന്‍ ചര്‍ച്ചക്ക് തയ്യാറായി. ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെ ഇന്ത്യ പ്രവര്‍ത്തിച്ചു. കര,വായു,സേനകള്‍ ശക്തമായ മറുപടി നല്‍കി. ഇന്ത്യയുടെ യുദ്ധസംവിധാനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധമായിരുന്നു, പ്രകോപനമായിരുന്നില്ല നല്‍കിയത്. തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം ആയിരുന്നുവെന്നും മന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

എസ് 400 ആകാശ് മിസൈലുകള്‍ ഉപയോഗിച്ച് പാകിസ്താന്റെ ആക്രമണത്തെ പ്രതിരോധിച്ചു. പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ ഒരു നാശനഷ്ടവും ഉണ്ടായില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണം പ്രതിരോധമായിരുന്നുവെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് രാജ്‌നാഥ് സിങ് പാകിസ്ഥാന് മുന്നറിയിപ്പും നല്‍കി.

ഇതിനിടെ വെടിനിര്‍ത്തലിന് മുന്‍കൈ എടുത്തുവെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളുന്ന നിലപാടാണ് രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ സ്വീകരിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ ലക്ഷ്യം അതിര്‍ത്തി കടക്കുകയോ അവിടുത്തെ പ്രദേശം പിടിച്ചെടുക്കുകയോ ആയിരുന്നില്ല. വര്‍ഷങ്ങളായി പാകിസ്ഥാന്‍ പരിപോഷിപ്പിച്ചുവന്ന ഭീകരവാദത്തിന്റെ ഈറ്റില്ലങ്ങളെ ഇല്ലാതാക്കുക എന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇന്ത്യ കൈവരിച്ചതോടെ നടപടികള്‍ നിര്‍ത്തിവെച്ചു. മെയ് 10-ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങളില്‍ ശക്തമായി പ്രഹരിച്ചപ്പോള്‍, പാകിസ്ഥാന്‍ പരാജയം സമ്മതിക്കുകയും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഡിജിഎംഎ വെടിനിര്‍ത്തലിനായി അപേക്ഷിച്ചെന്നും അതിനാലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ലക്ഷ്യം പൂര്‍ത്തിയായതിനാലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതെന്നും പ്രതിരോധ മന്ത്രി സഭയെ അറിയിച്ചു.

അവര്‍ നമ്മുടെ ഡിജിഎംഒ-യോട് സംസാരിക്കുകയും നടപടികള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ഓപ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന വ്യവസ്ഥയോടെ ഈ വാഗ്ദാനം സ്വീകരിച്ചു. ഭാവിയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള നടപടികളുണ്ടായല്‍ ഈ ഓപ്പറേഷന്‍ പുനരാരംഭിക്കുന്നതാണ്...' രാജ്നാഥ് സിങ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തി പ്രതിപക്ഷത്തെ രാജ്നാഥ് വിമര്‍ശിക്കുകയും ചെയ്തു. 'നമ്മുടെ എത്ര വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് പ്രതിപക്ഷത്തെ ചുരുക്കം ചിലര്‍ മാത്രമേ ചോദിച്ചിട്ടുള്ളൂ? അവരുടെ ചോദ്യം നമ്മുടെ ദേശീയ വികാരത്തെ വേണ്ടവിധം പ്രതിനിധീകരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ സായുധ സേന എത്ര ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചിട്ടില്ല. അവര്‍ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കില്‍, ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിച്ചോ എന്നതായിരിക്കണം, അതിനുള്ള ഉത്തരം, അതെ എന്നാണ്... നിങ്ങള്‍ക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെങ്കില്‍, ഇത് ചോദിക്കുക: ഈ ഓപ്പറേഷനില്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റോ? ഉത്തരം, ഇല്ല, നമ്മുടെ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല' രാജ്നാഥ് സിങ് പറഞ്ഞു.

എസ്-400, ആകാശ് മിസൈല്‍ സംവിധാനം തുടങ്ങിയവ വളരെ ഉപയോഗപ്രദമാണെന്ന് തെളിയുകയും പാകിസ്ഥാന്റെ ആക്രമണത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുകയും ചെയ്തുവെന്നും രാജ്നാഥ് പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ നൂറിലധികം ഭീകരരും അവരുടെ പരിശീലകരും നടത്തിപ്പുകാരും സഹായികളും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജെയ്‌ഷെ-മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്യിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നു' രാജ്നാഥ് പറഞ്ഞു. 22 മിനിറ്റിനുള്ളില്‍ ഈ ഓപ്പറേഷന്‍ അവസാനിപ്പിച്ചതായും പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്താന് നമ്മുടെ ലക്ഷ്യങ്ങളിലൊന്നും ആക്രമണം നടത്താന്‍ കഴിഞ്ഞില്ല, നമ്മുടെ പ്രധാനപ്പെട്ട വസ്തുക്കള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. നമ്മുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അജയ്യമായിരുന്നു, എല്ലാ ആക്രമണങ്ങളും പരാജയപ്പെടുത്തിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News