മലയാളത്തനിമയോട് എന്നും പ്രിയം; പ്രണയതരളിതമായ ഗാനങ്ങള്‍ക്കൊപ്പം ഒരു കാലത്തെ യുവത്വത്തിന് ഹരം പകര്‍ന്ന ഗാനങ്ങളും; നിറത്തിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി....' ഗാനം കാമ്പസുകളെ ഇളക്കി മറിച്ചതും ജയചന്ദ്രന്‍ മാജിക്കില്‍..
കാമ്പസുകളെ ഇളക്കി മറിച്ചതും ജയചന്ദ്രന്‍ മാജിക്കില്‍..
തിരുവനന്തപുരം: എന്നും മലയാളത്തനിമ ചേരാത്ത ഗാനങ്ങളുമായി മലയാള ഹൃദയത്തില്‍ ഇടംപിടിച്ച ഗായകനായിരുന്നു പി ജയചന്ദ്രന്‍. പ്രണയതളിതമായ ഗാനങ്ങള്‍ക്ക് ഒപ്പം തന്നെ കാമ്പസുകളെ ഇളക്കിമറിച്ച ഗാനങ്ങളും പി ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു നിറം എന്ന സിനിമയിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി....' എന്ന ഗാനം.
കലാലയ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും പുത്തന്‍കാഴ്ചകള്‍ സമ്മാനിച്ച് 1999ല്‍ ഇറങ്ങിയ 'നിറം' എന്ന സിനിമ പി.ജയചന്ദ്രന്റെയും ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സിനിമ പോലെ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. ക്യാമ്പസിന്റെ ആവേശവും ആഘോഷവും നിറച്ച നിറത്തിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി....' എന്ന ഗാനം ആലപിച്ച് പി.ജയചന്ദ്രന്‍.ഭാവഗായകന്‍ എന്ന ചട്ടക്കൂടില്‍ നിന്ന് പുറത്തുകടന്നു.
പ്രേമവും മോഹവും തുളുമ്പുന്ന ബിച്ചു തിരുമലയുടെ ഗാനം യുവത്വത്തിന്റെ ഈണത്തില്‍ വിദ്യാസാഗര്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അന്ന് 55കാരനായിരുന്ന പി.ജയചന്ദ്രന്‍ അത് അനായാസം പാടി. 'ജയേട്ടന്റെ പാട്ടുകള്‍ കേട്ടുതുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തെക്കൊണ്ട് സിനിമയില്‍ പാടിക്കണമെന്ന് മോഹിച്ചിരുന്നു. അവസരം ഒത്തുവന്നത് നിറത്തിലാണ്.' വാക്കുകള്‍ സംവിധായകന്‍ കമലിന്റേതാണ്. വിദ്യാസാഗര്‍ ആണ് ജയചന്ദ്രനെക്കൊണ്ട് പാടിക്കാന്‍ ആത്മവിശ്വാസം നല്‍കിയത്.
കോളേജ് കുമാരനായ ബോബന്‍ ആലുംമൂടന്‍ അവതരിപ്പിക്കുന്ന പ്രകാശ് എന്ന കഥാപാത്രം പാടുന്നതാണ് ഗാനം. സുജാതയാണ് ഒപ്പം പാടിയത്. ചെറുപ്പക്കാരെക്കൊണ്ട് പാടിക്കണമെന്ന് ചിലര്‍ പറഞ്ഞെങ്കിലും ജയചന്ദ്രന് പകരം ഒരാളെ കമലിന് ചിന്തിക്കാനായില്ല. കോവളത്തായിരുന്നു കംപോസിംഗ്. റെക്കാഡിംഗ് ചെന്നൈയിലും. രാവിലെയാണ് റെക്കാഡിംഗ് നിശ്ചയിച്ചതെങ്കിലും ഓര്‍ക്കസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ വൈകി. രാവിലെ തൊട്ട് റെക്കാഡിംഗ് എപ്പോഴാണെന്നറിയാന്‍ ജയചന്ദ്രന്‍ വിളിച്ചതും കമല്‍ ഓര്‍ത്തു.
രാത്രി 11.30നാണ് ജയചന്ദ്രന്‍ പാടുന്നത്. രാത്രി ശബ്ദം മോശമാകുമെന്ന ആശങ്ക അദ്ദേഹത്തിന് ഉണ്ടായിരുന്നു. പെട്ടെന്ന് പാട്ട് പഠിച്ചെടുത്തു. ഗ്രാമഫോണിലെ എന്തേ ഇന്നും വന്നില്ല..., മേഘമല്‍ഹാറിലെ പൊന്നുഷസെന്നും..., പെരുമഴക്കാലത്തിലെ കല്ലായി കടവത്ത് എന്നീ ഗാനങ്ങളും കമല്‍-പി.ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്നു.
പ്രണയഗാനങ്ങളില്‍ തങ്ങിനില്‍ക്കുന്ന പ്രണയപരാഗങ്ങളായിരുന്നു ജയചന്ദ്രന്റെ തുരുപ്പ് ചീട്ട്. അദ്ദേഹം 80ാം വയസ്സില്‍ പ്രണയഗാനം പാടുമ്പോഴും അത് കാലാതീതമായിരുന്നു. അത്രയ്ക്കാണ് അതിലെ പ്രണയാര്‍ദ്രഭാവം. ഒരൊറ്റ ജന്മത്തില്‍ പല തലമുറകളുടെ പ്രണയമുഗ്ധസങ്കല്‍പ്പങ്ങളും പ്രണയദാഹങ്ങളും അല്‍പം പോലും ചോരാതെ തന്റെ സ്‌നിഗധസ്വരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതും ജയചന്ദ്രന്‍ എന്ന ഗായകന് ലഭിച്ച അപൂര്‍വ്വ ഭാഗ്യം.
യേശുദാസ് പാടിയ ഒരു ഗാനം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ജയചന്ദ്രന്‍ എപ്പോഴും കൊതിച്ചത് യേശുദാസ് പാടി അനശ്വരമാക്കിയ പ്രണയഗാനം തന്നെ....താമസമെന്തേ വരുവാന്‍....എം.എസ്. ബാബുരാജ് ഭീംപ്ലാസി എന്ന ഹിന്ദുസ്ഥാനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ പി. ഭാസ്‌കരന്റെ വരികള്‍ പാടുവാന്‍ ജയചന്ദ്രന് ഏറെ ഇഷ്ടമാണ്.
'പെയ്തലിഞ്ഞ നിമിഷം, അതില്‍ പൂത്തുലഞ്ഞ ഹൃദയം...' എന്ന 2017ലെ ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഗോപിസുന്ദര്‍ ചിട്ടപ്പെടുത്തിയ ബി.കെ. ഹരിനാരായണ്‍ എഴുതിയ പ്രണയഗാനം അദ്ദേഹം പാടുമ്പോള്‍ പ്രായം എഴുപത്തിനാലായെങ്കിലും പെണ്‍കുട്ടികള്‍ ആ ഗാനത്തെ സ്വന്തം കാമുകന്റെ ശബ്ദം പോലെ ഏറ്റെടുത്തു. അതാണ് ജയചന്ദ്രന് മാത്രം പുറത്തെടുക്കാന്‍ കഴിയുന്ന സവിശേഷമായ ആ പ്രണയസ്വരം.
അനുരാഗഗാനം പോലെ...അഴകിന്റെ അലപോലെ...എന്ന യൂസഫലി കേച്ചേരിയുടെ പ്രണയവരികള്‍ പാടുമ്പോള്‍ ജയചന്ദ്രന് 23 വയസ്സേയുള്ളൂ. അന്ന് എം.എസ്. ബാബുരാജിന്റെ ഈ ഗാനം കേരളത്തിലെ കോളെജ് കുമാരിമാര്‍ ഏറ്റെടുത്തു. യേശുദാസുമായി പെണ്‍കുട്ടികള്‍ മത്സരിച്ചത് ജയചന്ദ്രനെ ഉയര്‍ത്തിക്കാട്ടിയാണ്.
പ്രണയഗാനങ്ങള്‍ എത്ര പാടിയാലും മതിവരാത്ത ഹൃദയമാണ് ജയചന്ദ്രന്റേത്. ജയചന്ദ്രന്‍ പലപ്പോഴും തമാശയായി തനിക്ക് ഉണ്ടെന്ന് പറയാറുള്ള ഈ ഉന്മാദം പ്രണയമദമായിരുന്നോ? അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന ആ പ്രണയോന്മാദം? കാരണം അല്ലെങ്കില്‍ എങ്ങിനെയാണ് അറുപത്തേഴ് വയസ്സായ ഒരാള്‍ക്ക് 'പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍...' എന്ന സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ റഫീക് അഹമ്മദ് എഴുതി ബിജിപാല്‍ സംഗീതം നല്‍കിയ ഗാനം പാടാനാവുക. കൗമാര പ്രണയത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് ആ ഗാനത്തില്‍ റഫീക് അഹമ്മദ് ഒപ്പിയെടുത്തിരിക്കുന്നത്. അത് അല്‍പം പോലും ഭാവം ചോരാതെ ജയചന്ദ്രന്‍ പാടുമ്പോള്‍ ഏത് കാമൂകീ ഹൃദയമാണ് ആര്‍ദ്രമാകാതിരിക്കുന്നത്? പ്രണയപാരവശ്യം പ്രകടിപ്പിക്കാനുള്ള ആ ശബ്ദത്തിലെ കാന്തശക്തി തന്നെയായിരിക്കാം ബിജിപാല്‍ എന്ന സംഗീത സംവിധായകന് ജയചന്ദ്രനെ തെരഞ്ഞെടുക്കാന്‍ തോന്നിപ്പിച്ചിട്ടുണ്ടാവുക. കേരളത്തിലെ കമിതാക്കളെല്ലാം ആ ഗാനം അന്ന് ആഘോഷിച്ചു.